അബുദാബിയില്‍ വഴിയോരങ്ങളില്‍ വാഹനം നിര്‍ത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് പിഴ

വഴിയോരങ്ങളില്‍ വാഹനം നിര്‍ത്തി പ്രാര്‍ഥിക്കുന്നവര്‍ക്ക് ആയിരം ദിര്‍ഹം പിഴ ചുമത്തുമെന്ന് അബുദാബി പൊലീസ്. അപകടമുണ്ടാകാനുള്ള സാധ്യത മുന്നില്‍ കണ്ടാണ് തീരുമാനമെന്ന് പൊലീസ് അറിയിച്ചു. 

റോഡുകളുടെ വശങ്ങളില്‍ അനധികൃതമായി വാഹനം പാര്‍ക്ക് ചെയ്യുന്നതും നമസ്കരിക്കുന്നതുമാണ് സുരക്ഷാ കാരണങ്ങളാല്‍ വിലക്കിയത്. ഇത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് മാത്രമല്ല മറ്റുള്ളവരുടെ സുരക്ഷിത യാത്രയ്ക്ക് തടസമാവുകയും ചെയ്യുമെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. ഇത്തരം പ്രവണത അവസാനിപ്പിക്കുന്നതിന് ബോധവല്‍കരണ പദ്ധതിക്കും പൊലീസ് തുടക്കം കുറിച്ചു. നിയമലംഘകര്‍ക്ക് 1000 ദിര്‍ഹമാണ് പിഴ. ഇന്‍റര്‍സെക്ഷനില്‍ വാഹനം നിര്‍ത്തിയിട്ടാല്‍ 500 ദിര്‍ഹം പിഴ ഈടാക്കും. ഇങ്ങനെ വാഹനം നിര്‍ത്തിയിട്ട് അപകടമുണ്ടാക്കിയാല്‍ 400 ദിര്‍ഹം അധിക പിഴ അടയ്ക്കേണ്ടിവരും. അടിയന്തര സാഹചര്യത്തില്‍ വാഹനം നിര്‍ത്തിയിടേണ്ടിവരുന്ന സന്ദര്‍ഭങ്ങളില്‍ മുന്നറിയിപ്പ് സംവിധാനം സ്വീകരിക്കണം. അല്ലാത്തപക്ഷം 500 ദിര്‍ഹം പിഴ ഈടാക്കും. യാത്രക്കിടെ വിശ്രമം ആവശ്യമുള്ളവര്‍ വഴിയോരങ്ങള്‍ക്ക് പകരം വിശ്രമ കേന്ദ്രങ്ങള്‍ ഉപയോഗിക്കണമെന്നും പൊലീസ് നിര്‍ദേശിച്ചു. പ്രാര്‍ഥനയ്ക്കും പ്രാഥമിക കൃത്യങ്ങള്‍ നിര്‍വഹിക്കുന്നതിനും മറ്റും ഇവിടെ സൌകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും വ്യക്തമാക്കി.