ഗ്ലോബൽ വില്ലേജിലെത്തുന്ന മുഖങ്ങൾക്ക് കടലാസിൽ ജീവനേകി മലയാളി ചിത്രകാരന്മാർ

ദുബായ്: നിമിഷനേരം കൊണ്ട് സന്ദർശകരുടെ മുഖങ്ങൾ വരകളിലാക്കി മൂന്ന് മലയാളി ചിത്രകാരന്മാർ ഗ്ലോബൽ വില്ലേജിലെ ഇന്ത്യൻ പവലിയനിൽ നിറഞ്ഞാടുന്നു. പാലക്കാട് പട്ടാമ്പി സ്വദേശി സദാനന്ദൻ, മുണ്ടക്കയം സ്വദേശി നിജാഷ്, മണ്ണുത്തിയിൽ താമസിക്കുന്ന ജോബി വെങ്കിടങ്ങ് എന്നിവരാണ് വിവിധ രാജ്യക്കാരായ സന്ദർശകരെ കടലാസിൽ പകർത്തി ശ്രദ്ധേയരാകുന്നത്.

മുൻ പ്രവാസി കൂടിയാണ് സദാനന്ദൻ. നേരത്തെ, ടോംസിന് ശേഷം മനോരമ ആഴ്ചപ്പതിപ്പിൽ ബോബനും മോളിയും വരച്ച് ശ്രദ്ധേയനായ ഇദ്ദേഹം വർഷങ്ങളോളം വിവിധ പ്രസിദ്ധീകരണങ്ങൾക്ക് വേണ്ടി ബ്രഷ് ചലിപ്പിച്ചു. പിന്നീട് മെച്ചപ്പെട്ട ജീവിതം തേടി യുഎഇയിലെത്തുകയായിരുന്നു. പത്ത് വർഷത്തോളം ദുബായിലെ ഒരു പ്രിൻ്റിങ് പ്രസിൽ ചിത്രകാരനായി. തുടർന്ന് ഗ്ലോബൽ വില്ലേജിൽ ചേക്കേറാൻ വേണ്ടി ആ ജോലി വിട്ടു. കഴിഞ്ഞ മൂന്ന് വർഷമായി ഗ്ലോബൽ വില്ലേജിൽ ചിത്രം വരയ്ക്കുന്നു. ആറ് മാസമാണ് ഇവിടുത്തെ കാലാവധി. ബാക്കി സമയം നാട്ടിൽ നടക്കുന്ന വിവിധ കലാ പരിപാടികളിൽ ചിത്രം വരയ്ക്കുന്നു. കാർട്ടൂണാണ് ഇഷ്ടരംഗമെങ്കിലും ഗ്ലോബൽ വില്ലേജിൽ പോർട്രെയിറ്റിനും കാരിക്കേച്ചറിനും ആവശ്യക്കാരേറെ എന്നതിനാൽ ഇഷ്ടംപോലെ അതിലേയ്ക്ക് ചുവടും മാറുന്നു. അഞ്ച് മിനിറ്റിൽ ഒരു മുഖം പകർത്തുന്ന സദാനന്ദന് ചുറ്റും എപ്പോഴും ആവശ്യക്കാരുടെ തിരക്കാണ്.  

തുടർച്ചയായ പതിമൂന്ന് വർഷമായി  ഗ്ലോബൽ വില്ലേജിൽ എത്തുന്ന ജോബി വെങ്കിടങ്ങ് ഇതുവരെ രണ്ട് ലക്ഷത്തിലേറെ പേരുടെ ചിത്രങ്ങൾ വരച്ചിട്ടുണ്ട്. പോർട്രെയിറ്റിലാണ് കൂടുതൽ താത്പര്യം. സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് തന്നെ തേടിയെത്തുന്നതെന്ന് ജോബി പറയുന്നു. കൂടാതെ, സ്വദേശികളും എത്തുന്നുണ്ട്. കുട്ടികളുടെ ചിത്രങ്ങൾ വരപ്പിക്കാനാണ് കൂടുതൽ പേർക്കും താത്പര്യം.  ലോകത്തിൻ്റെ ഏതാണ്ട് എല്ലാ രാജ്യക്കാരുടെയും മുഖങ്ങൾ തൻ്റെ മുന്നിലെത്തിയിട്ടുണ്ടെന്നത് ജോബിക്ക് അഭിമാനം പകരുന്നു. 

2006 മുതൽ ഗ്ലോബൽ വില്ലേജിലെത്തുന്ന ജോബി ആറ് മാസം ഇവിടെയും ആറ് മാസം നാട്ടിലുമാണ്. നാട്ടിലെ ഏതാണ്ടെല്ലാ കലോത്സവങ്ങളിലും പങ്കാളികളാകുന്നു. ഇദ്ദേഹത്തിൻ്റെ സ്നേഹ, ശലഭ എന്നീ പെൺമക്കൾക്ക് കാലുകൾക്ക് സ്വാധീനമില്ലാതെ വീൽചെയറുകളിലാണ് ജീവിതം കഴിച്ചുകൂട്ടുന്നത്. ഇവർക്ക് മികച്ചൊരു ഭാവിക്ക് വേണ്ടിയാണ് താൻ ഗ്ലോബൽ വില്ലേജിലെത്തുന്നതെന്ന് ജോബി പറയുന്നു. പതിറ്റാണ്ടിലേറെ നീണ്ട ഗ്ലോബൽ വില്ലേജിലെ സാന്നിധ്യത്തിലൂടെ അത്യാവശ്യം അറബിക് സംസാരിക്കാനറിയാം.  ജോബിയെ ബന്ധപ്പെടാനുള്ള നമ്പർ– 055 670 4501.

ഇന്ത്യൻ പവലിയനിൽ സന്ദർശകരെ സ്വാഗതം ചെയ്യുമ്പോലെ കവാടത്തിനടുത്ത് തന്നെ സ്ഥാനമുറപ്പിച്ച ചിത്രകാരനാണ് നിജാഷ്. അഞ്ച് മിനിറ്റിൽ കാരിക്കേച്ചറും 10 മിനിറ്റിൽ പോർട്രെയിറ്റും വരയ്ക്കും. വിവിധ കലാ പ്രദർശനങ്ങളിൽ പങ്കെടുക്കുകയാണ് സ്ഥിരം പരിപാടി. വർഷത്തിൽ ആറ് മാസം ഗ്ലോബൽ വില്ലേജിനായി മാറ്റിവയ്ക്കുന്നു. സിനിമകൾക്ക് സ്റ്റോറി ബോർഡ് ചെയ്യുന്നതിൽ വിദഗ്ധനാണിദ്ദേഹം. 

കലയിലൂടെ ജീവിതം നൽകിയ ദുബായ്

വിവിധ ഫൈൻ ആർട്സ് കോളജുകളിൽ നിന്ന് ചിത്രകല അഭ്യസിച്ച കലാകാരന്മാർ, പ്രത്യേകിച്ച് സാധാരണക്കാരായ ചിത്രകാരന്മാർ മിക്കവരും കേരളത്തിൽ സാമ്പത്തികമായി അത്ര നല്ല നിലയിലല്ല. ഇത്തരം ചിത്രകാരന്മാർക്ക് ഏറെ സഹായകരമാകുന്നു, ഗ്ലോബൽ വില്ലേജ് എന്ന താവളം. ഇൻഷുറൻസ് അടക്കം 3,500 ദിർഹത്തോളമാണ് ആറ് മാസത്തെ പ്രത്യേക വീസയ്ക്ക് നൽകേണ്ടത്. പവലിയനിൽ സ്റ്റാൾ സ്ഥാപിക്കുന്നതിന് പത്തായിരം ദിർഹം അടയ്ക്കണം. എന്നാൽ, ഇതെല്ലാം തിരിച്ചുപിടിക്കുകയും നല്ലൊരു സംഖ്യ സമ്പാദിക്കുക ചെയ്ത ശേഷമാണ് ഇവർ നാട്ടിലേയ്ക്ക് മടങ്ങുന്നത്. സാധാരണ ദിവസങ്ങളിൽ 10 മുതൽ 15 വരെയും വാരാന്ത്യ ദിനങ്ങളിൽ അതിൽക്കൂടുതൽ പേരും ഇവരുടെ മുന്നിൽ ചിത്രം പകർത്താനെത്തുന്നു. സാധാരണ കാർട്ടൂണിന് 50 ദിർഹവും പോർട്രെയിറ്റുകൾ, കാരിക്കേച്ചറുകൾ എന്നിവയ്ക്ക് 150 ദിർഹവുമാണ് തലയൊന്നിന് വാങ്ങിക്കുന്നത്.