ഒമാന്‍ വ്യോമയാന മേഖലയില്‍ വന്‍ മുന്നേറ്റം

മസ്‌കത്ത്: 2017 ഒമാന്‍ വ്യോമയാന മേഖലക്ക് മുന്നേറ്റത്തിന്റെ വര്‍ഷമായിരുന്നുവെന്ന് അധികൃതര്‍. രാജ്യത്ത് നിന്നുള്ള പുതിയ വിമാന കമ്പനി സര്‍വ്വീസുകള്‍ ആരംഭിച്ചതും സൊഹാര്‍ വിമാനത്താവളത്തില്‍ നിന്ന് അന്താരഷ്ട്ര സര്‍വ്വീസുകള്‍ക്ക് തുടക്കം കുറിച്ചതും മേഖലയില്‍ രാജ്യത്തിന് വന്‍ വികസനം സാധ്യമാക്കി. യാത്രക്കാരുടെ എണ്ണത്തില്‍ കഴിഞ്ഞ വര്‍ഷം വര്‍ധനയുണ്ടായി.

മസ്‌കത്ത്, സലാല അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴി യാത്ര ചെയ്തവരില്‍ 2016നെ അപേക്ഷിച്ച് 16 ശതമാനം വര്‍ധനയുണ്ടായി. രണ്ട് വിമാനത്താവളങ്ങളിലുമായി 15,562,886 പേര്‍ കഴിഞ്ഞ വര്‍ഷം യാത്ര ചെയ്തതായി ദേശീയ സ്ഥിതി വിവര വിഭാഗം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി 14,034,865 പേര്‍ യാത്ര ചെയ്തു. 2016ല്‍ ഇത് 12,031,496 ആയിരുന്നു. വിമാന സര്‍വ്വീസുകളുടെ എണ്ണത്തില്‍ 10.6 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2016ല്‍ 103,326 വിമാന സര്‍വ്വീസുകള്‍ നടന്നിരുന്നുവെങ്കില്‍ കഴിഞ്ഞ വര്‍ഷം ഇത് 114,258 ആയി ഉയര്‍ന്നു. അന്താരാഷ്ട്ര വിമാന സര്‍വ്വീസുകളില്‍ 8.9 ശതമാനവും ആഭ്യന്തര വിമാന സര്‍വ്വീസുകളില്‍ 27.4 ശതമാനവും വര്‍ധനവുണ്ടായി.

സലാല അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കഴിഞ്ഞ വര്‍ഷം എത്തിയത് 1,528,021 യാത്രക്കാരാണ്. 2016ല്‍ ഇവിടെ യാത്രക്കാരുടെ എണ്ണം 1,198,596 ആയിരുന്നു. 2016നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം സലാലയിലെ വിമാന സര്‍വ്വീസുകളില്‍ 42.3 ശതമാനം വര്‍ധനയാണ് ഉണ്ടായത്. സലാലയിലും ആഭ്യന്തര, അന്താരാഷ്ട്ര വിമാന സര്‍വ്വീസുകള്‍ വര്‍ധിച്ചു.