ഖത്തറില്‍ ബി എ ടീച്ചര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു

ഖത്തറിലെ പൊതു, സ്വകാര്യ സ്കൂളുകളിൽ ക്ലാസെടുക്കാൻ സ്വദേശികളെ ക്ഷണിക്കുന്ന ബി എ ടീച്ചര്‍ പദ്ധതിക്ക് തുടക്കം കുറിച്ചു. വിദ്യാഭ്യാസത്തിന്‍റെ ആവശ്യകതയും സമൂഹത്തില്‍ അധ്യാപകന്‍റെ പങ്കിനെ കുറിച്ചും ബോധവൽക്കരിക്കുന്നതാണ് പദ്ധതി. സന്നദ്ധ സംഘടനയായ ടീച്ച് ഫോർ ഖത്തർ ആണ് അധ്യാപനാകൂ പദ്ധതിക്ക് ചുക്കാന്‍പിടിക്കുന്നത്. 

രാജ്യത്തിന്‍റെ പുരോഗതിക്ക് മികച്ച സംഭാവനകൾ നൽകാൻ കഴിയുന്ന സാമൂഹ്യ ബോധമുള്ള തലമുറയെ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടാണ് പദ്ധതി. യുവജനങ്ങൾ ഓരോ രാജ്യത്തിന്‍റെയും സ്വത്താണെന്ന് ഓര്‍മിപ്പിച്ചാണ് ഉപ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഡോ. ഖാലിദ് ബിൻ മുഹമ്മദ് അൽ അത്തിയ ക്ലാസെടുത്തത്. അധ്യാപകന്‍റേത് വലിയ ഉത്തരവാദിത്തമാണെന്നും പഴയ കണക്ക് മാഷ് ഓര്‍മിപ്പിച്ചു. 

സമൂഹ സൃഷ്ടിക്കുള്ള യഥാർഥ വാതിൽ വിദ്യാഭ്യാസമാണെന്ന തിരിച്ചറിവാണ് പദ്ധതിക്ക് പിന്നിലെന്ന് ഖത്തർ ഫൗണ്ടേഷൻ സിഇഒ ഷെയ്ഖ ഹിന്ദ് ബിൻത് ഹമദ് അൽ താനി പറഞ്ഞു. ക്ലാസ് മുറിയിൽ അധ്യാപകർ നേരിടുന്ന വെല്ലുവിളികളിലേക്കും ശ്രദ്ധക്ഷണിക്കുന്നുണ്ട്. മന്ത്രിമാര്‍ അടക്കം വിദ്യാര്‍ഥികളെ ആകര്‍ഷിക്കുന്ന മാതൃകാ വ്യക്തികളാണ് ക്ലാസെടുക്കുന്നത്. ഇതോടകം 53 പേരും 29 വിദ്യാലയങ്ങളും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.