ദുബായ് ഗ്ലോബൽ വില്ലേജിൽ സന്ദർശകരുടെ എണ്ണത്തിൽ വർധന

ദുബായ് ഗ്ലോബൽ വില്ലേജിൽ ആദ്യ രണ്ടു മാസം എത്തിയത് 24 ലക്ഷം സന്ദർശകർ. മുൻ വർഷത്തെ അപേക്ഷിച്ച് നാലു ശതമാനത്തിൻറെ വർധനയാണ് ഇക്കാലയളവിൽ സന്ദർശകരുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്. 

ദുബായ് ഭരണകൂടം അവതരിപ്പിച്ച സന്തോഷ സൂചികയിൽ പത്തിൽ ഒന്പത് മാർക്കും നേടിക്കൊണ്ടാണ് ദുബായ് ഗ്ലോബൽ വില്ലേജ് ഇരുപത്തിരണ്ടാം സീസണിൽ ചരിത്ര നേട്ടത്തിലേക്ക് കുതിക്കുന്നത്. എല്ലാ മേഖലകളിലും സന്ദർശകർക്ക് മികച്ച അനുഭവം സമ്മാനിക്കാനാണ് ഗ്ലോബൽ വില്ലേജ് ശ്രമിക്കുന്നതെന്ന് സി.ഇ.ഒ ബാദർ അൻ വഹി മനോരമ ന്യൂസിനോട് പറഞ്ഞു. എല്ലാ മേഖലകളിലും മുൻവർഷത്തേക്കാൾ നിലവാരം പുലർത്താൻ ഗ്ലോബൽ വില്ലേജിന് കഴിഞ്ഞിട്ടുണ്ട്. 

പുതുവർഷ രാവിലാണ് ഏറ്റവും അധികം സന്ദർശകർ ഗ്ലോബൽ വില്ലേജിലെത്തിയത്. സന്ദർശകരിൽ ഭൂരിഭാഗം പേരും വിനോദകേന്ദ്രമെന്ന നിലയിലാണ് ഗ്ലോബൽ വില്ലേജിലേക്ക് എത്തുന്നത്. ഷോപ്പിങ് ലക്ഷ്യമിട്ട് എത്തുന്നവരുടെ എണ്ണവും വലുതാണ്. സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനും സന്ദർശകരുടെ പ്രതികണങ്ങൾ അറിയുന്നതിനും പുതിയ സോഫ്റ്റ് വെയർ ഇത്തവണ ഗ്ലോബൽ വില്ലേജ് അവതരിപ്പിച്ചട്ടുണ്ട്.