ഷാർജയിൽ അപകടത്തിൽ കാൽ നഷ്ടപ്പെട്ട മലയാളിക്ക് ഒന്നേ മുക്കാൽ കോടി രൂപ നഷ്ടപരിഹാരം

ദുബായ്: ശീതികരണിയുടെ കംപ്രസ്സർ പൊട്ടിത്തെറിച്ച് വലതുകാൽ നഷ്ടപ്പെട്ട മലയാളിക്ക് ഒന്നേ മുക്കാൽ കോടി രൂപ( 10 ലക്ഷം ദിർഹം) നഷ്ടപരിഹാരം നൽകാൻ കോടതി വിധിച്ചു. തൃശൂർ സ്വദേശി ബാലനാണ് അപകടത്തിൽ കാൽ നഷ്ടപ്പെട്ടത്.

2014 സെപ്തംബറിൽ അജ്മാനിലായിരുന്നു സംഭവം. ഷാർജയിലെ ഒരു പ്രമുഖ കമ്പനിയിൽ ഹെൽപറായിരുന്നു ബാലൻ. ഇൗ കമ്പനി അജ്മാനിലെ മറ്റൊരു കമ്പനിക്ക് വാടകയ്ക്ക് നൽകിയ  എയർ കണ്ടീഷണർ പ്രവർത്തനരഹിതമായതിനെ തുടർന്ന് നന്നാക്കുന്നതിനായി ബാലനെയും ടെക്നിഷ്യനെയും അയക്കുകയായിരുന്നു. നൈട്രജൻ ഗ്യാസിന് പകരം ഒാക്സിജൻ നിറച്ചതിനെ തുടർന്നാണ് കംപ്രസ്സർ പൊട്ടിത്തെറിച്ചത്. 

വലതു കാലിന് ഗുരുതര പരുക്കേൽക്കുകയും ദേഹമാസകലം  പൊള്ളലേൽക്കുകയും ചെയ്ത ബാലനെ അജ്മാൻ ഖലീഫാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി വലതുകാൽ മുറിക്കേണ്ടിവന്നു. തുടർന്ന് നാട്ടിലേയ്ക്ക് മടങ്ങിയ ബാലൻ ആറ് മാസം കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷം ദുബായിലെ അൽ കബ്ബാൻ അഡ്വക്കേറ്റ്സിലെ സീനിയർ ലീഗൽ കൺസൾട്ടന്റ് അഡ്വ.ഷംസുദ്ദീൻ കരുനാഗപ്പള്ളി വഴി കോടതിയെ സമീപിച്ചു. 

അപകടത്തിന് കാരണക്കാരനായ ടെക്നിഷ്യനും കമ്പനിയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. തുടർന്ന് 20 ലക്ഷം ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് അജ്മാൻ പ്രാഥമിക കോടതിയിൽ കേസ് ഫയൽ ചെയ്തെങ്കിലും 10 ലക്ഷം ദിർഹമാണ് നഷ്ടപരിഹാരം വിധിച്ചത്. ഇതിനെതിരെ അപ്പീൽ കോടതിയെ സമീപിച്ചെങ്കിലും പ്രാഥമിക കോടതിയുടെ വിധി ശരിവയ്ക്കുകയായിരുന്നു.