അബുദാബിയില്‍ നടന്നുവരുന്ന യുഎഇ-ഇന്ത്യാ ഫെസ്‌റ്റിന് സമാപനം

ഇന്ത്യയുടെ സാംസ്‌കാരിക തനിമ വിളംബരം ചെയ്ത് അബുദാബിയില്‍ നടന്നുവരുന്ന യുഎഇ-ഇന്ത്യാ ഫെസ്‌റ്റിന് സമാപനം. വിവിധ ‍സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപരിപാടികളും ഭക്ഷണ ശാലകളുമായിരുന്നു ഫെസ്റ്റിന്‍റെ മുഖ്യ ആകര്‍ഷണം. 

ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും കാഴ്ചപ്പാടുകളും പ്രതിഫലിക്കുന്ന കലാപരിപാടികളായിരുന്നു മേളയുടെ പ്രധാന ആകര്‍ഷണം. ഇതോടൊപ്പം നടന്ന ഇമാറാത്തി ഫെസ്റ്റ് ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം കരുത്തുറ്റതാക്കി. പുസ്തക മേള, വസ്ത്ര, ആഭരണ സ്റ്റാളുകൾ, കരകൗശല പ്രദർശനം, നാടന്‍ ഭക്ഷണ ശാലകൾ എന്നിവയെല്ലാം മേളയെ സമ്പന്നമാക്കി. 

ബോളിവുഡ് ഗായിക അതിഥി സിംഗ് ശർമയുടെയും വയലിനിസ്റ്റ് കാവ്യ അജിതിന്‍റെയും വാട്ടർ ഡ്രമ്മിസ്റ്റ് സനു സാമിന്‍റെയും കലാവിരുന്ന് മേളയ്ക്ക് പൊലിമ പകര്‍ന്നു. ഇന്ത്യൻ എംബസിയുടെയും അബുദാബി മുൻസിപ്പാലിറ്റിയുടേയും സഹകരണത്തോടെ ഇന്ത്യാ സോഷ്യല്‍ സെന്‍ററാണ് പരിപാടി സംഘടിപ്പിച്ചത്.