മരുഭൂമിയിൽ 'ആടുജീവിതം' നയിച്ച മലയാളിയെ രക്ഷിച്ചു

ജിദ്ദ:  കമ്മ്യൂണിറ്റി സേവനത്തിൽ മറ്റൊരു പൊൻതൂവൽ കൂടി ചൂടി കൊണ്ട് റിയാദിലെ ഇന്ത്യൻ എംബസി സൗദിയിലെ വിദൂര മരുഭൂമിയിൽ 'ആടുജീവിതം' നയിച്ചു പോന്ന മലയാളിയെ  രക്ഷപ്പെടുത്തി. കിഴക്കൻ സൗദിയിലെ കുവൈത്ത് അതിർത്തിയോടു ചേർന്ന് സ്ഥിതി ചെയ്യുന്ന ഖഫ് ജിയ്ക്ക്  സമീപം  നാരിയയിലെ കൊടും മരുഭൂമിയിൽ നാല് വർഷമായി നാൽക്കാലി ജീവിതം നയിച്ച തിരുവനന്തപുരം പാലോട് സ്വദേശി തങ്കപ്പന്റെ മകൻ സനൽ  കുമാറിനെയാണ് റിയാദിലെ ഇന്ത്യൻ എംബസി രക്ഷിച്ച് നാട്ടിലെത്തിച്ചത്. അംബാസഡർ അഹമ്മദ് ജാവേദ്, വെൽഫെയർ കോൺസൽ അനിൽ നോട്ടിയാൽ   എന്നിവരുടെ നിർദേശത്തിനൊത്ത് ഖഫ് ജിയിലെ  ഇന്ത്യൻ എംബസി ഹെൽപ് ഡെസ്ക്  വൊളൻ്റിയർ അബ്ദുൽ ജലീലിന്റെ  സഹകരണത്തോടെ   നടത്തിയ ശ്രമകരമായ ദൗത്യം വിജയം  കാണുകയായിരുന്നു.   

സനലിനെ നാട്ടിലേയ്ക്ക് വിടാൻ കുവൈത്ത് റസിഡന്റ് ആയ സ്പോൺസർ സമ്മതിച്ചിരുന്നില്ല. ഖഫ് ജിയിലെ  ലേബർ  ഓഫീസർ അടക്കമുള്ള പ്രാദേശിക  അധികാരികൾ   വിഷയത്തിൽ   ശക്തമായ അനുകൂല നിലപാട്  എടുത്തതോടെ  സ്പോൺസർക്കു  ഒടുവിൽ എക്സിറ്റിന് സമ്മതിക്കേണ്ടി വന്നു. കൊടും  മരുഭൂമിയുടെ വന്യതയിൽ നിന്ന് സാധാരണ ജീവിതത്തിലേയ്ക്ക് കരപറ്റിയ സനൽ കുമാർ  ദമാമിൽ  നിന്ന് ഷാർജ വഴിയുള്ള വിമാനത്തിൽ    തിരുവനന്തപുരത്തെത്തിയാതായി എംബസി വൃത്തങ്ങൾ അറിയിച്ചു.

2013 നവംബറിലാണ് സനൽ കുമാർ തങ്കപ്പൻ ഹൌസ് ഡ്രൈവർ വീസയിൽ സൗദിയിൽ എത്തിയത്. എന്നാൽ ഇവിടെ എത്തിയ ശേഷം  മരുഭൂമിയിൽ   നാല്കാലികളെ പരിപാലിക്കുന്ന  ജോലിയാണ് സ്പോൺസർ നൽകിയത്. ഭക്ഷണമോ വസ്ത്രമോ പാർപ്പിടമോ വേണ്ട  വിധം  ലഭിക്കാതെ മരുഭൂമിയുടെ   ഊഷരതയിൽ അമ്പതോളം  ഒട്ടകങ്ങളോടൊപ്പം, അവരിലൊരാളായി  നാൽക്കാലി ജീവിതം  നയിക്കുകയായിരുന്നു സനൽ  കുമാർ , നീണ്ട നാല്  വർഷക്കാലം. മാന്യമായ ജീവിത  സൗകര്യങ്ങളൊന്നും നാൽകിയില്ലെന്നതിനു പുറമെ ശമ്പളവും മുറപോലെ സനൽ കുമാറിന് ലഭിച്ചിരുന്നില്ല.

സനൽ കുമാറിന്റെ ദുരിത ജീവിതം നാട്ടിലെ മാധ്യമങ്ങളിൽ വാർത്തയായത് റിയാദിലെ  ഇന്ത്യൻ എംബസിയുടെ ശ്രദ്ധയിൽ പെടുകയായിരുന്നു.     പുറംലോകവുമായി  ഒരു  ബന്ധവുമില്ലാതെ  മരുഭൂമിയിൽ  മൃഗങ്ങളോടൊപ്പം  വർഷങ്ങളായി  കഴിഞ്ഞ  പാവം  ഇന്ത്യക്കാരനെ  രക്ഷപ്പെടുത്താനുള്ള  ദൗത്യം    എംബസി അധികൃതർ വെല്ലുവിളിയായി സ്വമേധയാ  ഏറ്റെടുക്കുകയായിരുന്നുവെന്ന് അബ്ദുൽ  ജലീൽ പറഞ്ഞു.