ഗൾഫ് സഹകരണ കൗൺസിൽ ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന് കുവൈത്ത് അമീർ

ഗൾഫ് സഹകരണ കൗൺസിൽ ചട്ടങ്ങൾ പരിഷ്കരിക്കണമെന്ന് കുവൈത്ത് അമീർ ഷെയ്ഖ് സബാഹ് അൽ അഹമ്മദ് അൽ ജാബർ അൽ സബാഹ്. മുപ്പത്തെട്ടാമത് ജിസിസി ഉച്ചകോടിയിലാണ് ഷെയ്ഖ് സബാഹ് ഈ ആവശ്യമുന്നയിച്ചത്. ഇതിനായി സമിതിയെ നിയോഗിക്കണമെന്നും ഈ സമിതി ജിസിസി സംവിധാനത്തിന്‍റെ നേതൃപങ്കാളിത്തം നിലനിർത്താൻ സഹായിക്കുമെന്നും കൂട്ടിച്ചേര്‍ത്തു. 

അംഗരാജ്യങ്ങളുടെ തർക്കങ്ങളൊന്നും ഉച്ചകോടിയുടെ തുടർച്ചക്ക് വിഘാതമല്ല. കഴിഞ്ഞ ആറു മാസമായി തുടരുന്ന നിഷേധാത്മകവും വേദനാജനകവുമായ സംഭവവികാസങ്ങൾക്കിടയിലും സാഹചര്യത്തിന്‍റെ പ്രാധാന്യം ഉൾക്കൊള്ളാൻ ജിസിസി നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ട്. ഗള്‍ഫ് കൈവരിച്ച നേട്ടങ്ങൾ സം‌രക്ഷിക്കാനും ഭാവിയിലെ വെല്ലുവിളികൾ നേരിടുന്നതിനുള്ള വഴികൾ കണ്ടെത്താനും ശ്രമിക്കണം. മേഖലയിലെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിൽ ജിസിസിയുടെ പ്രാധാന്യം ലോകത്തെ അറിയിക്കുന്നതാണ് ഈ ഉച്ചകോടി. 

പ്രാരംഭകാലം തൊട്ട് അംഗരാജ്യങ്ങൾ തമ്മിൽ പരസ്പര സഹകരണത്തിലാണ്. ഭാവിയിലും അതുണ്ടാകും. മേഖലാ-രാജ്യാന്തര വെല്ലുവിളികൾ നേരിടുന്നതിനുള്ള ജിസിസി ഐക്യം, സുരക്ഷയും സ്ഥിരതയും ഉറപ്പ് വരുത്താൻ സഹായിക്കും. സിറിയയിലും ഇറാഖിലുമുള്ള ഭീകരതക്കെതിരെ രാജ്യാന്തര സമൂഹത്തിന്‍റെ ശക്തമായ നടപടികൾ അനിവാര്യമാണ്. സിറിയയിലെ പ്രതിപക്ഷങ്ങളെ ഏകോപിക്കുന്നതിൽ സൌദി അറേബ്യയുടെ പരിശ്രമം സമാധാനം വീണ്ടെടുക്കാന്‍ സഹായിക്കും. അയൽ രാജ്യങ്ങളുടെ പരമാധികാരം അംഗീകരിക്കാൻ ഇറാൻ തയാറാകണമെന്നും കുവൈത്ത് അമീര്‍ അഭ്യർഥിച്ചു.