സൗദിയിൽ പിടിയിലായ മലയാളികള്‍ ജയിൽമോചിതരായി

അനുമതിയില്ലാതെ പൊതുപരിപാടി സംഘടിപ്പിക്കാൻ ശ്രമിച്ചതിന് സൗദിയിലെ അൽഹസ്സയിൽ പൊലീസ് അറസ്റ്റ് ചെയ്ത മലയാളികൾ ജയിൽ മോചിതരായി. നാല് മലയാളികളാണ് പത്തു ദിവസങ്ങൾക്കു ശേഷം ഞായറാഴ്ച വൈകീട്ട് പുറത്തിറങ്ങിയത്. ആർ.എസ്.സിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സാഹിത്യോത്സവം അൽഹസ്സയിൽ നടക്കേണ്ടതിന്റെ തലേ ദിവസം പൊലീസെത്തി സംഘാടകരായ നാലു പേരെ അറസ്റ്റ് ചെയ്യുകയായിരുന്നു. 

ഇന്ത്യൻ എംബസി നടത്തിയ തീവ്രശ്രമത്തിനൊടുവിലാണ് യാതൊരു കേസും രേഖപ്പെടുത്താതെ മലയാളികളെ സൗദിയിൽ തന്നെ പുറത്തിറക്കാനായത്.   വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള സാഹിത്യ പരിപാടി മാത്രമാണ് നടത്താൻ ശ്രമിച്ചതെന്നും അതിനായി പ്രചാരണങ്ങളോ പ്രത്യേകിച്ച് മറ്റെന്തെങ്കിലുമോ ചെയ്തിരുന്നില്ലെന്നും എംബസി സൗദി അധികൃതരെ രേഖാമൂലം അറിയിച്ചിരുന്നു. ഇത് ബോധ്യപ്പെട്ടതിനെ തുടർന്നായിരുന്നു പിടിയിലായവരെ വിട്ടയച്ചത്.  

ഇത്തരം പരിപാടികൾ നടത്താൻ സൗദി അധികൃതരുടെ ഉപദേശം തേടുമെന്ന് ഇന്ത്യൻ എംബസി കമ്മ്യൂണിറ്റി വെൽഫെയർ കൗൺസിൽ അനിൽ നോട്ടിയാൽ പറഞ്ഞു. അൽഹസ്സയിലെ എംബസി വളൻന്റിയർമാരുടെ സേവനം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.