കടലിനടിയിൽ മാലിന്യം നീക്കംചെയ്ത് ദുബായ് കിരീടാവകാശി മാതൃകയാകുന്നു

ദുബായ്: സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങി ലോക ശ്രദ്ധ നേടുന്ന ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഇതാ വീണ്ടും ജനങ്ങളുടെ മനം കവരുന്നു. രാജ്യാന്തര സന്നദ്ധസേവന ദിനത്തിൽ ദുബായിലെ കടലിനടിയിൽ നിന്ന് മാലിന്യം ശേഖരിച്ചുകൊണ്ടാണ് ഇപ്രാവശ്യം അദ്ദേഹം ശ്രദ്ധ നേടുന്നത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാകുന്നു. പോസ്റ്റ് ചെയ്ത് നാല് മണിക്കൂറിനകം രണ്ടര ലക്ഷത്തിലേറെ പേരാണ് ഇൗ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ കണ്ടത്.

അടുത്തിടെ 30 ദിവസം 30 മിനിറ്റ് പൊതുജനങ്ങൾ വ്യായാമം ചെയ്തുള്ള ദുബായ് ഫിറ്റ്നസ് ചലഞ്ച്  പരിപാടിക്ക് ഷെയ്ഖ് ഹംദാൻ നേതൃത്വം നൽകിയിരുന്നു. സ്വദേശികളും വിദേശികളുമടക്കം പതിനായിരങ്ങൾ ഇതിൽ പങ്കെടുത്തു.  ഇതിന് ശേഷം അടുത്തതായി താനേത് സന്നദ്ധപ്രവർത്തനത്തിനാണ് നേതൃത്വം നൽകേണ്ടതെന്ന് അദ്ദേഹം സമൂഹ മാധ്യമത്തിലൂടെ ആരാഞ്ഞപ്പോൾ ഭൂരിഭാഗം പേരുടെയും അഭിപ്രായം, കടലിനടിയിലെ മാലിന്യ ശേഖരണമായിരുന്നു. 

ഇതേ തുടർന്ന് കുട്ടികളോടൊപ്പമായിരുന്നു ആഴക്കടലിലെ സാഹസിക പ്രവൃത്തി. നിത്യജീവിതത്തിലെ ചെറിയ സേവനങ്ങളിലൂടെ പരിസ്ഥിതി സംരക്ഷണത്തിൽ പങ്കാളികളാകാൻ ആഹ്വാനം ചെയ്തുകൊണ്ടായിരുന്നു വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ്  ചെയ്തത്.