ഒമാനില്‍ വിസാ നിരോധം ആറുമാസത്തേക്ക് കൂടി നീട്ടി

ഒമാനില്‍ മൂന്നു മേഖലകളിലെ താല്‍ക്കാലിക വിസാ നിരോധം ആറുമാസത്തേക്ക് കൂടി നീട്ടി. ആശാരി, കൊല്ലന്‍, ഇഷ്ടിക നിര്‍മാണ തൊഴിലാളി എന്നീ തസ്തികകളിലെ വിസാ നിരോധമാണ് ഡിസംബർ ഒന്നുമുതൽ ആറു മാസത്തേക്കുകൂടി നീട്ടിയത്. 

മലയാളികളടക്കം നൂറുകണക്കിന്​ പ്രവാസികള്‍ ജോലിചെയ്യുന്ന മേഖലകളില്‍ 2013 നവംബറിലാണ്​ ഒമാന്‍ തൊ‍ഴില്‍ മന്ത്രാലയം വിസാ നിരോധം പ്രഖ്യാപിച്ചത്​. തുടക്കത്തില്‍ നിര്‍മാണ, ശുചീകരണ രംഗങ്ങളില്‍ ഏര്‍പ്പെടുത്തിയ ആറു മാസത്തെ വിലക്ക്‌ പിന്നീട് സെയില്‍സ്​, മാര്‍ക്കറ്റിംഗ്​ രംഗങ്ങളിലേക്കും വ്യാപിപ്പിച്ചിരുന്നു. 2014 ജനുവരിയിലാണ് ആശാരി, കൊല്ലന്‍, ഇഷ്ടിക നിര്‍മാണ തൊഴിലാളികളെയും വിസാ നിരോധനത്തിന്‍റെ പരിധിയിൽ ഉൾപ്പെടുത്തിയത്. ഈ വിലക്കുകളാണ് അഞ്ചാംതവണയും നീട്ടിയത്. മൊത്തം ഒമ്പത് തസ്തികകളിലാണ് താല്‍ക്കാലിക വിസാനിരോധനം നിലവിലുള്ളത്. എന്നാല്‍ നിലവിലുള്ള വിസ പുതുക്കുന്നതിന് തടസമില്ല. മികച്ച നിലവാരമുള്ള രാജ്യാന്തര കമ്പനികള്‍ക്കും സര്‍ക്കാര്‍ പദ്ധതികള്‍ ഏറ്റെടുത്ത് നടത്തുന്ന കമ്പനികള്‍ക്കും വിസാ നിയന്ത്രണം ബാധകമല്ല. തൊ‍ഴില്‍ വിപണി ക്രമീകരിക്കാനും സ്വദശികളുടെ നിയമനം പ്രോല്‍സാഹിപ്പിക്കാനുമാണ്​ പരിഷ്കാരമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.