സൗദിയിലെ ജ്വല്ലറികളിൽ സമ്പൂർണ സ്വദേശിവൽക്കരണം വരുന്നു

കടപ്പാട്; AFP

കൂടുതൽ  മേഖലകളിലേക്ക്   സമ്പൂർണ   സ്വദേശിവൽക്കരണം     വ്യാപിപ്പിക്കാനുള്ള    നീക്കങ്ങൾ     സൗദി  അറേബ്യ   ആരംഭിച്ചതോടെ    പ്രവാസി   തൊഴിലാളികളുടെ    സ്ഥിതി    പിന്നെയും   ഞെരുക്കത്തിലായി.   മൊബൈൽ   ഫോൺ  രംഗം   വിജയകരമായി    നൂറ്   ശതമാനം    തദ്ദേശവത്കരിച്ച   ശേഷം   ചില  ഇനം      ഷോപ്പുകളിൽ    സമ്പൂർണ   സ്വദേശി  വനിതാവൽകരണം    ഈ അടുത്തു   നടപ്പാക്കി.   കംപ്യൂട്ടർ  മേഖലയും    സമീപ  ഭാവിയിൽ   നൂറ്   ശതമാനം    സ്വദേശികൾക്കായി    നീക്കി   വെക്കുമെന്ന്     ബന്ധപ്പെട്ടവർ    ദിവസങ്ങൾക്കു  മുമ്പ്  പ്രഖ്യാപിച്ചിരുന്നു.    അതിനിടെ,   രാജ്യത്തെ    ജ്വല്ലറികളിൽ  നിന്ന്     വിദേശി  തൊഴിലാളികളെ  തീർത്തും   ഒഴിവാക്കുന്നു.

ഡിസംബർ  അഞ്ചു  മുതൽ    ജ്വല്ലറികളിൽ  നിന്ന്  പ്രവാസി ജീവനക്കാർ  "കടക്ക്   പുറത്താ"കും.   കഴിഞ്ഞ   ഒക്ടോബർ   ആദ്യത്തിൽ   തന്നെ   ഇതുസംബന്ധിച്ച    തീരുമാനം   ജ്വല്ലറി  ഉടമകളെ        അറിയിച്ചിരുന്നതായി      തൊഴിൽ -  സാമൂഹിക  വികസന    മന്ത്രാലയത്തിലെ  ഔദ്യോഗിക    വാക്താവ്   ഖാലിദ് അബല്‍ഖൈല്‍ അറിയിച്ചു.  ഡിസംബര്‍ അഞ്ചോടെ സമ്പൂര്‍ണ സ്വദേശിവത്കരണം   ട്വിറ്ററിലൂടെ     വ്യക്തമാക്കി . 

അതേസമയം,   രണ്ടാഴ്ചക്കകം  ജ്വല്ലറികളിൽ    സമ്പൂർണ  സൗദിവൽക്കരണം   നിർബന്ധമാക്കുന്നത്   വിപണിയിൽ    പ്രതിസന്ധി   ഉണ്ടാക്കിയേക്കുമെന്ന്   ജ്വല്ലറികളുടെ  ദേശീയ   കമ്മിറ്റി   അധ്യക്ഷൻ  കരീം  അല്‍അനസി പറഞ്ഞു.  

പത്തു  വര്ഷങ്ങള്ക്കു   മുമ്പ്   സൗദി   മന്ത്രിസഭാ     ജ്വല്ലറികളെ   സമ്പൂർണമായി  സ്വദേശിവത്കരിക്കാൻ  തീരുമാനിച്ചിരുന്നെങ്കിലും    ഇക്കാര്യത്തിൽ    കാര്യമായ നീക്കം  നടന്നിരുന്നില്ല.   എന്നാൽ,    പ്രായോഗികമായി  ഉണ്ടാകുന്ന    പ്രതിബന്ധങ്ങൾ   മൂലമാണ്  പത്തു  വര്ഷം  മുമ്പ്   പ്രഖ്യാപിച്ച    സമ്പൂർണ   സൗദി  വത്കരണം    വിജയിക്കാതെ   പോയതെന്ന്     ഈ  രംഗത്തുള്ളവർ  അഭിപ്രായപ്പെട്ടു.   മലയാളികൾ  ധാരാളമായി  ജോലി  ചെയ്യുന്ന  മേഖലയാണ്   സ്വർണ  വിപണി.   അവർക്ക്   മുന്നിൽ   സ്വർണഷോപ്പുകളും   തിളക്കമറ്റതായി   തീരുകയാണ്.