ജിദ്ദയിൽ അർധരാത്രിയോടെ വീണ്ടും മഴ; മലയാളി ഉൾപ്പെടെ മൂന്ന് മരണം

മക്കാ  പ്രവിശ്യയിൽ   ചൊവാഴ്ച   പുലർച്ചയിൽ   ആരംഭിച്ച    ശക്തമായ   മഴയിൽ    മരിച്ചവരുടെ  എണ്ണം   മൂന്നായി.   ആഭ്യന്തര   മന്ത്രാലയത്തിന്റെ    കൺട്രോൾ  റൂമിൽ   നിന്ന്   അറിയിച്ചതാണ്   ഇത്.    വൈദ്യുതാഘാതം   ഏറ്റ്    രണ്ടു  പേരും   താമസസ്ഥലം  നിലംപതിച്    മറ്റൊരാളുമാണ്  മരിച്ചത്.

കോഴിക്കോട്  കാപ്പാട്  സ്വദേശി മുഹമ്മദ് കോയ(52)യാണ്   മരണപ്പെട്ട  മലയാളി.  ജിദ്ദയിലെ   ഫൈസലിയ്യ   ഏരിയയിൽ  താമസിക്കുന്ന  ഇദ്ദേഹം  വൈദ്യതാഘാതം  മൂലമാണ്   മരിച്ചത്.      മൃതദേഹം  മഹ്ജർ  കിങ്  അബ്ദുൽ അസീസ്   ആശുപത്രി  മോർച്ചറിയിലേക്ക്   നീക്കി.    

ജിദ്ദയിൽ    അൽറബ്‌വ  ഏരിയയിലാണ്   മറ്റൊരാൾ  വൈദ്യതാഘാതം  മൂലം  മരണപ്പെട്ടത്.   മക്കയിൽ   വീട്  തകർന്നു   കുടുംബനാഥൻ    നേരത്തേ   മരണപ്പെട്ടിരുന്നു.    നാലംഗ  കുടുംബത്തിലെ  മറ്റു  മൂന്നു   പേരെ   രക്ഷപ്പെടുത്തിയിരുന്നു.

ജിദ്ദയിൽ  56.9 മില്ലിമീറ്റർ  മഴ  ലഭിച്ചതായി   ബന്ധപ്പെട്ട  കേന്ദ്രങ്ങൾ    അറിയിച്ചു.    മക്കയിൽ   മഴ   ദുരിതം   വിതച്ച   സ്ഥലങ്ങളിൽ   മക്കാ  ഗവർണറും   സൽമാൻ  രാജാവിന്റെ  ഉപദേശകനുമായ   ഖാലിദ്  അൽഫൈസൽ    രാജകുമാരൻ   സന്ദർശനം  നടത്തി.    

ജിദ്ദ  അന്താരാഷ്‌ട്ര  വിമാനത്താവളത്തിലെ   കാലാവസ്ഥാ  നിരീക്ഷണ കെട്ടിടത്തിന്   മിന്നലേറ്റ്  അവിടുത്തെ    ഉപകരണങ്ങൾക്കു    കേടുപാടുകൾ   വന്നു.   എന്നാൽ,  ജിദ്ദ  വിമാനത്താവളത്തിലെ    എയർ  ട്രാഫിക്   കുറച്ചു  സമയത്തേക്കല്ലാതെ   നിർത്തിവെച്ചിട്ടില്ല.

ഇപ്പോഴുണ്ടായ    മഴയും  പ്രളയവുമായി   ബന്ധപ്പെട്ട   കേസുകളും  മറ്റു  നിയമ  നടപടികളും    സത്വരമായി   പൂർത്തീകരിക്കാൻ  സൗദിയിലെ   പബ്ലിക്  പ്രോസിക്യൂട്ടർ   സഊദ്  അബ്ദുല്ല  അൽമുഅജിബ്   പ്രവിശ്യയിലെ   പ്രോസിക്യൂഷൻ  കേന്ദ്രങ്ങൾക്കും   തദ്ദേശഭരണ   കേന്ദ്രങ്ങൾക്കും   നിർദേശം  നൽകി.    ബന്ധപ്പെട്ടവരിൽ   നിന്നുണ്ടാകുന്ന    വീഴ്ചകളും   തിരിമറികളും   ഉൾപ്പെടയുള്ളയിൽ     നിയമാനുസൃതം   തങ്ങൾക്കു   ബാധകമായതു     ചെയ്തു തീർക്കാൻ    പ്രോസിക്യൂഷൻ    രാപ്പകൽ   സജ്ജമാണെന്നും  അദ്ദേഹം    പറഞ്ഞു.   

ചൊവാഴ്ച  പുലർച്ചയിൽ   പെയ്ത   ശക്തമായ   മഴയ്ക്ക്  ശേഷം    ബുധനാഴ്ച   അർധരാതിയ്ക്കു   മുമ്പായി   ജിദ്ദയിൽ  മഴ    വീണ്ടും  സജീവമായി.   ഇത്  സംബന്ധിച്ചുള്ള  മുന്നറിയിപ്പ്   കാലാവസ്ഥാ  നിരീക്ഷണ  വിഭാഗം   നേരത്തേ   പുറപ്പെടുവിച്ചിരുന്നു.   ജിദ്ദ,  ത്വായിഫ്  എന്നിവിടങ്ങളിലുള്ളവരോടെ    പുറത്തിറങ്ങുമ്പോഴും   മറ്റും  ജാഗ്രത   പാലിക്കാൻ  അധികൃതർ   നിർദേശം  നൽകിയിരുന്നു.   ജിദ്ദയിലെ   ഇന്ത്യൻ  സ്‌കൂളുകൾക്ക്   ബുധനാഴ്ചയും  അവധിയാണ്.

പ്രളയത്തെ തുടർന്ന്   ബുധനാഴ്ചയും     മക്ക പ്രവിശ്യയിലെ  മുഴുവൻ  സ്‌കൂളുകൾക്കും  അവധി   നല്കിയിട്ടുണ്ടെന്നുള്ള   പ്രചാരണം    ശരിയല്ലെന്ന്   വിദ്യാഭ്യാസ   വകുപ്പ്   അറിയിച്ചു.  വെള്ളക്കെട്ടിൽ   കേടുപാട്   ഉണ്ടാവുകയോ    അസൗകര്യം   ഉണ്ടെങ്കിലോ    മാത്രമുള്ള    നിയന്ത്രിത   അവധി  മാത്രമാണ്    പ്രഖ്യാപിച്ചിട്ടുള്ളതെന്നു    അധികൃതർ അറിയിച്ചു.