ഒമാന്‍ നാല്‍പത്തിയേഴാം ദേശീയദിനം ആഘോഷിച്ചു

നേട്ടങ്ങളുടെ നെറുകയില്‍ ഒമാന്‍ നാല്‍പത്തിയേഴാം ദേശീയദിനം ആഘോഷിച്ചു. സായുധ സേനാ മൈതാനത്ത് നടന്ന പരേഡില്‍ ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സെയ്ദ് അല്‍ സെയ്ദ് സല്യൂട്ട് സ്വീകരിച്ചു. 

സൈനിക പരേഡ് വീക്ഷിക്കാൻ മന്ത്രിമാരും ഷെയ്ഖുമാരും പൗരപ്രമുഖരും വിദേശ രാഷ്ട്ര പ്രതിനിധികളുമടക്കം നിരവധി പേർ എത്തിയിരുന്നു. സായുധ സേന, റോയല്‍ ഗാര്‍ഡ് ഓഫ് ഒമാന്‍, സുല്‍ത്താന്‍ സ്പെഷല്‍ ഫോഴ്സ്, റോയല്‍ ഒമാന്‍ പൊലീസ്, റോയല്‍ കോര്‍ട്ട് അഫയേഴ്സ് എന്നീ സേനകൾ പരേഡിൽ പങ്കെടുത്തു. 

ഒമാൻ ജനതയുടെ മുന്നേറ്റത്തിന്‍റെ കഥകളും പാട്ടുകളുമായി നാടും നഗരവും ആഘോഷതിമിര്‍പ്പിലാണ്. ദേശീയ പതാകയും വര്‍ണ ദീപങ്ങളുംകൊണ്ട് അലംകൃതമാണ് രാജ്യമെങ്ങും. 

ദേശീയ ഐക്യം നിലനിര്‍ത്താനും എല്ലാ മേഖലയിലും സന്തുലിതമായ വളര്‍ച്ചയുണ്ടാക്കാനും കഴിഞ്ഞൂവെന്നതാണ് രാജ്യംനേടിയ മികച്ച നേട്ടം. വരുംതലമുറകളെകൂടി കണ്ടുകൊണ്ടുള്ള വികസന പദ്ധതികൾ വിജയം കണ്ടതിനും ഒമാനികള്‍ സാക്ഷിയായി. ഗ്രാമ, നഗരമെന്ന വ്യത്യാസമില്ലാതെ രാജ്യമൊട്ടുക്ക് ദേശീയദിനാഘോഷം കൊണ്ടാടി.