4,882 വിദ്യാർഥികൾ അണിനിരന്നു; ഷാർജയിൽ 'മനുഷ്യ ബോട്ടി'ന് ഗിന്നസ് റെക്കോർ‍ഡ്

ഷാർജ :സ്കൂൾ വിദ്യാർഥികൾ അണിനിരന്ന് നിർമിച്ച ഭീമൻ 'മനുഷ്യ ബോട്ടി'ന് ഷാർജയിൽ ഗിന്നസ് ബുക്ക് ഒാഫ് വേർ‍ഡ് റെക്കോർഡ്. കാസർകോട് സ്വദേശി ഡോ.പി.എ.ഇബ്രാഹിം ഹാജിയുടെ ഉടമസ്ഥതയിലുളള പേസ് എജുക്കേഷൻ ഗ്രൂപ്പിൻ്റെ കീഴില്‍ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻ്റർനാഷനൽ സ്കൂളിലെ 4,882 വിദ്യാർഥികളാണ് യുഎഇ ദേശീയ പതാകയുടെ വർണത്തിലുള്ള വസ്ത്രം ധരിച്ച് റെക്കോർഡ് നേട്ടതിത്തിൽ പങ്കെടുത്തത്. 

ഇന്ത്യയിൽ ഇന്ന് ശിശുദിനമാഘോഷിക്കുന്നതിൻ്റെ ഭാഗമായാണ് റെക്കോർഡ് നേട്ടം യാഥാർഥ്യമാക്കിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. ലോക റെക്കോർഡിന് സാക്ഷിയായ ഗിന്നസ് ബുക്ക് ഒാഫ് വേള്‍‍ഡ് റെക്കോർഡ്സ് പശ്ചിമേഷ്യൻ പ്രതിനിധി അഹമ്മദ് ഗബ്ബാർ സർട്ടിഫിക്കറ്റ് സ്കൂൾ ഡയറക്ടർ സൽമാൻ ഇബ്രാഹിമിന് കൈമാറി. 

സ്കൂളിലെ 12 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളാണ് ഭീമൻ ബോട്ടിന്റെ ആകൃതിയിൽ ഫുട്ബോൾ ഗ്രൗണ്ടിൽ അണിനിരന്നത്. കഴിഞ്ഞ വർഷം നവംബർ അഞ്ചിന് ഹോങ്കോങ്ങിലെ ദ് ബ്രിട്ടീഷ് ഇൻ്റർനാഷനൽ സ്കൂളിൽ വിദ്യാർഥികൾ, അധ്യാപകർ, രക്ഷിതാക്കൾ എന്നിവരടക്കം 1325 പേരെ അണിനിരത്തി നേടിയ ഗിന്നസ് റെക്കോർ‍ഡാണ് ഷാർജയിൽ ഭേദിച്ചത്. വിദ്യാർഥി സമൂഹത്തിന് അവരുടേതായ ലക്ഷ്യം നേടിയെടുക്കാനും ജീവിതയാത്രയിൽ പ്രതിസന്ധികളെ അതിജീവിച്ച് മുന്നേറാനുമുള്ള സന്ദേശമാണ് മനുഷ്യ ബോട്ടിലൂടെ നൽകിയതെന്ന് പ്രിൻസിപ്പൽ ഡോ.മഞ്ജു റെജി പറഞ്ഞു. ഹെഡ്മിസ്ട്രസ് ഷിഫാന മുഇൗസ്, പെയ്സ് ഗ്രൂപ്പ് ഡയറക്ടർമാരായ അ‍ഡ്വ.അസീഫ് മുഹമ്മദ്, സൽമാൻ ഇബ്രാഹിം, സുബൈർ ഇബ്രാഹിം, അസി.ഡയറക്ടർ അഡ്വ.എസ്.അബ്ദുൽ കരീം, വൈസ് പ്രിൻസിപ്പൽ താഹിർ അലി, അഡ്മിൻ മാനേജർ സഫാ ആസാദ് എന്നിവരുടെനേതൃത്വത്തിൽ ഇതിന് വേണ്ടി രണ്ടാഴ്ച തയ്യാറെടുപ്പുകൾ നടത്തിയിരുന്നു.