ഷാർജയിൽ നിന്ന് ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത

ദുബായ് : ഷാർജയിൽ നിന്ന് ദുബായിലേയ്ക്ക് യാത്ര ചെയ്യുന്നവർക്ക് ഒരു സന്തോഷവാർത്ത–ഇരു എമിറേറ്റുകളുടെയും ഗതാഗതം സുഗമമാക്കുന്നതിന് പുതിയ പാലം വരുന്നു. ഒൻപത് ലൈനുകളുള്ള പാലം അടുത്ത വർഷം(2018) ഒാഗസ്റ്റിൽ ഉദ്ഘാടനം ചെയ്യും. ഇതോടെ  ഷാർജ–ദുബായ് റോഡുകളായ അൽ ഇത്തിഹാദ്, ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് എന്നിവയിലെ തിരക്ക് കുറയുമെന്നാണ് പ്രതീക്ഷ.

20 കോടി ദിർഹം ചെലവഴിച്ച് എമിറേറ്റ്സ് റോഡിൽ നിർമിക്കുന്ന പാലത്തിന്റെ നിർമാണം ഷാർജ അൽ ബദിയ ഏരിയയിൽ നടന്നുവരുന്നു. പദ്ധതി അടുത്ത വർഷം മൂന്നാം പാദത്തിൽ പൂർത്തിയാകുമെന്നു അടിസ്ഥാന സൗകര്യ മന്ത്രാലയം റോഡ്സ് വിഭാഗം ഡയറക്ടർ അഹമ്മദ് അൽ ഹമ്മാദി പറഞ്ഞു. ഇൗ പാലത്തിലൂടെ മണിക്കൂറിൽ 9,900 മുതൽ 17,700 വാഹനങ്ങൾ വരെ സഞ്ചരിക്കും. 

എമിറേറ്റ്സ് റോഡിനും മലീഹ ഹൈവേയ്ക്കും ഇടയിലായിരിക്കും പാലം. എമിറേറ്റ്സ് റോഡിൽ ആറും മലീഹ റോ‍ഡിൽ മൂന്നും ലൈനുകളുമാണുണ്ടാവുക. ദുബായിൽ നിന്ന് പ്രത്യേകിച്ച് വൈകുന്നേരങ്ങളിൽ ഹെവി ട്രെക്കുകളുടെ സഞ്ചാരം മൂലം അനുഭവപ്പെടുന്ന ഗതാഗത സ്തംഭനത്തിന് പുതിയ പാലം പരിഹാരമാകും.  യാത്രാ സമയങ്ങളിൽ കുറവുണ്ടാവുകയും ചെയ്യും. എമിറേറ്റ്സ് റോഡ് മൂന്ന് മുതൽ ആറ് ലൈനുകളായി വികസിപ്പിക്കുകയും അൽ ദൈദ്–മലീഹ റോഡിലെ തകർന്ന സ്ഥലങ്ങൾ നന്നാക്കുകയും പദ്ധതിയുടെ ഭാഗമാണ്.