കാഴ്ചകളിലെ കാറുകൾ കടലാസിൽ 'ഒാടിച്ച്' ദുബായിൽ മലയാളി പയ്യൻ

ദുബായ് : കാറുകളുടെ മുരൾച്ചയും വേഗവും മാത്രമല്ല, അതിന്റെ നിറങ്ങളും മോഡലും മനപ്പാഠമാക്കുന്ന മലയാളി ബാലൻ കൗതുകമാകുന്നു. ദുബായ് ദെയ്റ നായിഫിൽ താമസിക്കുന്ന തൃശൂർ ഗുരുവായൂർ സ്വദേശി അബ്ദുൽ റഹ്മാൻ–ബീന ദമ്പതികളുടെ നാല് വയസുകാരനായ ഇളയ മകൻ ഹാഫിൽ ദീൻ ആണ് ഇൗ മിടുക്കൻ.

ഒരു വർഷം മുൻപ് കിൻഡർ ഗാർടനിൽ ചേർത്തത് മുതലാണ് ഹാഫിലിന് കാറുകളോട് കമ്പം കയറിയത്. സ്കൂളിൽ നിന്ന് തിരിച്ചെത്തിയ ഉടൻ മാതാവിനോട് വെള്ളക്കടലാസ് വാങ്ങി ക്രയോൺസ് ഉപയോഗിച്ച് കാറുകളുടെ വിവിധ രൂപങ്ങൾ വരച്ച് നിറങ്ങൾ ചേർക്കുകയായിരുന്നു. ഇത് എല്ലാ ദിവസവും തുടർന്നു. വിവിധ കോണുകളിൽ നിന്നുള്ള കാഴ്ചകളിൽ പതിയുന്ന കാറുകളാമ് കടലാസിൽ സ്റ്റാർട്ടാകുന്നത്. നിറങ്ങളും കൃത്യമായി നൽകുന്നു.

നാളുകൾ പിന്നിടവെ, കാറുകളുടെ മോഡലുകളും കമ്പനി പേരുമൊക്കെ ഹാഫിലിന് മനസിലായിത്തുടങ്ങി. എംബ്ലം നോക്കി ഏത് കാറാണെന്ന് പറയുന്നു. അതിന്റെ ശബ്ദം അനുകരിക്കുന്നു. സ്പോർട്സ് കാറായ ഫോർഡ് മസ്താങ് ആണ് ഇഷ്ട വാഹനം. ഇൗ കാറിന്റെ വിവിധ രൂപങ്ങളാണ് ഇതിനകം വരച്ചിട്ടുള്ളത്. എല്ലാ ദിവസവും സ്കൂളിൽ നിന്നെത്തിയ ഉടൻ ആദ്യ പരിപാടി കാറുമായുള്ള ഇൗ ചങ്ങാത്തമാണ്. ഒരു വർഷം കൊണ്ട് അഞ്ഞൂറിലേറെ ചിത്രങ്ങൾ വരച്ചു. എല്ലാം ഫയൽ ചെയ്തു സൂക്ഷിച്ചു വയ്ക്കുന്ന ജോലി മാതാവ് ബീനയ്ക്കാണ്. അടുത്തിടെ റോഡും ട്രാഫിക് സിഗ്നലുമൊക്കെ കടലാസിൽ തെളിഞ്ഞുതുടങ്ങിയിരിക്കുന്നു. വര തെറ്റിപ്പോയാൽ മായ്ച്ചുകളഞ്ഞ് വീണ്ടും വരയ്ക്കുന്ന പരിപാടിക്ക് ഹാഫിലിനെ കിട്ടില്ല. പുതിയ കടലാസിൽ ആദ്യം തൊട്ട് വരയ്ക്കും.

മാതാപിതാക്കളായ അബ്ദുൽ റഹ്മാനും ബീനയും വരയ്ക്കുമായിരുന്നു. എന്നാൽ, അമ്മാവൻ ഷാഫി ഖുറേഷി കേരളത്തിലെ അറിയപ്പെടുന്ന യുവ ചിത്രകാരനാണ്. അദ്ദേഹത്തിൽ നിന്നായിരിക്കാം മകന് വരയുടെ വരദാനം ലഭിച്ചതെന്ന് ബീന വിശ്വസിക്കുന്നു. ഹാഫിലിന്റെ മൂത്ത സഹോദരിമാരായ ഹെനൻ, ഹാനിയ, ഹിയ എന്നിവരുടെ പിന്തുണയും കൊച്ചനുജനുണ്ട്. മോനെങ്ങനെയാണ് ഇങ്ങനെ വരയ്ക്കുന്നത് എന്ന് ഹാഫിലിനോട് ചോദിച്ചാൽ വരയിൽ നിന്ന് ശ്രദ്ധ വ്യതിചലിപ്പിക്കാതെ മറുപടി പറയും:സ്വപ്നത്തിൽ വരയ്ക്കുന്നതാ.. കണ്ട കാഴ്ചകൾ ഒാർമിച്ചെടുത്ത് വരയ്ക്കുന്നതാണ് ഹാഫിലിന്റെ സ്വപ്നവര.