ഇറാഖ്–ഇറഅതിർത്തിയിലെ ഭൂചലനം: യുഎഇയെ ബാധിച്ചിട്ടില്ലെന്ന് നഗരസഭ

ഇറാഖ്–ഇറാൻ അതിർത്തിപ്രദേശത്തുണ്ടായ ഭൂചലനം യുഎഇയെ യാതൊരു തരത്തിലും ബാധിച്ചിട്ടില്ലെന്ന് ദുബായ് മുനിസിപാലിറ്റി അറിയിച്ചു. ഇന്നലെ റിക്ടർ സ്കെയിൽ 7.3 തീവ്രതയിൽ ഉണ്ടായ ഭൂചലനം 200 ലേറെ മരണത്തിനും വൻ നാശനഷ്ടത്തിനും ഇടയാക്കിയിരുന്നു.

ദുബായിൽ നിന്ന് 1,378 കിലോ മീറ്റർ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. യുഎഇയിലെ ചില ബഹുനില കെട്ടിടങ്ങളിൽ താമസിച്ചിരുന്നവർക്ക് മാത്രമേ ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടുള്ളൂവെന്ന് മുനിസിപാലിറ്റി സർവെ വിഭാഗം ഡയറക്ടർ മുഹമ്മദ് മഷ്റൂം പറഞ്ഞു. കെട്ടിടങ്ങളിൽ നിന്ന് ഇറങ്ങാനുള്ള മുന്നറിയിപ്പും മുനിസിപാലിറ്റി നൽകിയിരുന്നില്ല. 

ഉയർന്ന നിലകളുള്ള കെട്ടിടങ്ങളിൽ ഭൂചലനമുണ്ടാകുമ്പോൾ നിരീക്ഷിക്കാനായി അടുത്തിടെ മുനിസിപാലിറ്റി നാല് സ്മാർട് സിസ്റ്റം ആരംഭിച്ചിരുന്നു. ഇതനുസരിച്ച് അടിയന്തര രക്ഷാ പ്രവർത്തനം നടത്താനുള്ള പദ്ധതിയും മുനിസിപാലിറ്റി ഏർപ്പെടുത്തിയിട്ടുണ്ട്.