അബുദാബി ലൂവ്റ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു

കാഴ്ചകളുടെ വിസ്മയമൊരുക്കി അബുദാബി ലൂവ്റ് മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. ആദ്യദിനം തന്നെ ഒട്ടേറെ ആളുകളാണ് അമൂല്യ കലാസൃഷ്ടികൾ ആസ്വദിക്കാൻ ലൂവ്റിലേക്കെത്തിയത്. 

പത്തു വർഷത്തെ കാത്തിരിപ്പിന് വിരാമം. ലൂവ്റ് ഇനി കലാസ്വാദകർക്ക് സ്വന്തം. ലോകോത്തര കലാകാരൻമാരുടെ വിഖ്യാത സൃഷ്ടികളും അമൂല്യമായ പുരാവസ്തുക്കളും ഇവിടെ സന്ദർശകർക്ക് ആസ്വദിക്കാം. പന്ത്രണ്ട് ഭാഗങ്ങളായാണ് ലൂവ്റ് അബുദാബിയിൽ കലാസൃഷ്ടികൾ ഒരുക്കിയിരിക്കുന്നത്. മാനവരാശിയുടെ വികാസത്തിൻറെ പന്ത്രണ്ട് കാലഘട്ടങ്ങളെയാണ് ഓരോ ഭാഗങ്ങളും പ്രതിനിധീകരിക്കുന്നത്. ലിയനാഡോ ഡാവിഞ്ചിയുടെ ലാ ബെല്ലാ ഫെറോനീയ, ബെല്ലിനിയുടെ മഡോണയും കുട്ടിയും തുടങ്ങിയ ലോകോത്തര കലാസൃഷ്ടികൾ ലൂവ്റ് അബുദാബിയുടെ പ്രൌഡി വർധിപ്പിക്കുന്നു. റാംസെസ് രണ്ടാമൻ ഫറവോയുടെ കൂറ്റൻ പ്രതിമയും, ഈജിപ്തിൽ നിന്നുള്ള മമ്മികളും, ശവപേടകങ്ങളും ഇവിടെയുണ്ട്. ദക്ഷിണേന്ത്യയിൽ നിന്നുള്ള നടരാജ വിഗ്രഹമാണ് ഇന്ത്യയുടെ പ്രാതിനിധ്യമായി അബുദാബി ലൂവ്റിലുള്ളത്. 

ഫ്രഞ്ച് സർക്കാരുമായി സഹകരിച്ചാണ് പാരീസിലെ ലൂവ്റ് മ്യൂസിയത്തിൻറെ മാതൃകയിൽ അബുദാബിയിലും ഇതേ പേരിൽ മ്യൂസിയം ഒരുക്കിയത്. ശനി, ഞായർ, ചൊവ്വ, ബുധൻ ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി എട്ട് വരെയും വ്യാഴം വെള്ളി ദിവസങ്ങളിൽ രാവിലെ പത്ത് മുതൽ രാത്രി പത്ത് വരെയുമായിരിക്കും മ്യൂസിയത്തി െൻറ പ്രവർത്തനസമയം. മ്യൂസിയം അടക്കുന്നതിന് 30 മിനിറ്റ് മുമ്പ് വരെ ടിക്കറ്റുകൾ ലഭിക്കും. തിങ്കളാഴ് ച അവധിയായിരിക്കും.