ഷാര്‍ജയില്‍ ചരക്കു ബോട്ടിന് തീ പിടിച്ചു, ആളപായമില്ല

ഷാര്‍ജ -ഖാലിദ് തുറമുഖത്ത് നിര്‍ത്തിയിട്ടിരുന്ന ചരക്കു ബോട്ടിന് തീ പിടിച്ചു. ആളപായമില്ല. വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നോടെയായിരുന്നു അഗ്നിബാധ. ബോട്ടിലുണ്ടായിരുന്ന ജീവനക്കാര്‍ ഉടന്‍ ഇറങ്ങി രക്ഷപ്പെട്ടതിനാല്‍ ആര്‍ക്കും പരുക്കില്ല.

യുഎഇയുടെ അയല്‍ രാജ്യത്തേയ്ക്ക് ചരക്കുമായി പോകാന്‍ തയ്യാറായി നില്‍ക്കുന്ന ബോട്ടായിരുന്നു കത്തിയത്. ബോട്ട് പൂര്‍ണമായും കത്തിനശിച്ചു. തൊട്ടടുത്ത് ഒട്ടേറെ ബോട്ടുകളുണ്ടായിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് തങ്ങളുടെ ബോട്ട് ഉപയോഗിച്ച് തീ പിടിച്ച ബോട്ട് നീക്കം ചെയ്തതിനാല്‍ മറ്റു ബോട്ടുകളിലേയ്ക്ക് തീ പടരാതിരുന്നു. ഡീസലായിരുന്നു ബോട്ടിലുണ്ടായിരുന്നതെന്നാണ് ആദ്യ റിപ്പോർട്ട്. ഇതുകാരണം തീ പെട്ടെന്ന് പടര്‍ന്നുപിടിച്ചു. അഗ്നിബാധയുടെ കാരണം അധികൃതര്‍ അന്വേഷിക്കുകയാണ്.