aadujeevitham-indrajit

ഏറെ വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ആടുജീവിതം തിയേറ്ററുകളിലേക്ക് എത്തുന്നത്. വായിച്ചും കേട്ടും മലയാളിക്ക് സുചരിചിതമായ നജീബിന്‍റെ കഥയെ അതുപോലെ സ്ക്രീനിലും ഏറ്റെടുത്തിരിക്കുകയാണ് മലയാളികള്‍. നജീബിനായി പൃഥിരാജ് നടത്തിയ കഠിനാധ്വാനം ചിത്രം കണ്ടിറങ്ങിയവര്‍ ഒരുപോലെ എടുത്തു പറയുന്നുണ്ട്. ഇത്തരത്തിലൊരു പ്രശംസയാണ് സഹോദരന്‍ ഇന്ദ്രജിത് ആടുജീവിതം കണ്ട ശേഷം പറഞ്ഞത്. ബ്ലെസിക്കും ബെന്യാമിനും പൃഥിരാജിനും പ്രത്യേകം അഭിനന്ദനങ്ങള്‍ പറയുന്ന കുറിപ്പാണ് ഇന്ദ്രജിത് ഫെയ്സ്ബുക്കില്‍ പങ്കുവെച്ചത്. 

 

 

സ്നേഹത്തിൻ്റെയും സ്ഥിരോത്സാഹത്തിൻ്റെയും കഠിനാധ്വാനത്തിൻ്റെയും ക്ഷമയുടെയും അധ്വാനം! അതാണ് ആടുജീവിതം എന്ന മുഖവരയോടെയാണ് കുറിപ്പ് തുടങ്ങുന്നത്. ബ്ലെസിയുടെ കിരീടത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടിയാണ് ആടുജീവിതമെന്ന് ഇന്ദ്രജിത് പറയുന്നു. ''എഴുതപ്പെട്ടൊരു ക്ലാസിക്ക് സ്ക്രീനില്‍ അവതരിപ്പിക്കുക അത്ര എളുപ്പമല്ല, പുസ്തകത്തോടും സിനിമയോടുമുള്ള നിങ്ങളുടെ പാഷന്‍ കൊണ്ടുമാത്രമാണ് ഇത് സാധ്യമായത്'' എന്നാണ് കുറിപ്പ്. ''നിങ്ങളില്ലായിരുന്നുവെങ്കില്‍ നജീബിന്‍റെ കഥ ലോകം അറിയില്ലായിരുന്നു എന്നാണ്'' ബെന്യാമിനെ കുറിച്ച് ഇന്ദ്രജിത് എഴുതുന്നത്. അവസാന ഭാഗത്താണ് പൃഥിരാജിനെ കുറിച്ചുള്ള വാക്കുകള്‍.

 

''രാജു നിന്നെ കുറിച്ച് എന്താണ് എഴുതേണ്ടതെന്ന് എനിക്കറിയില്ല. എല്ലാം പൊട്ടിച്ചെറിഞ്ഞ് ഉയരങ്ങളിലേക്ക് പറക്കാന്‍ ആഗ്രഹിക്കുന്നൊരു നടന്‍ നിന്‍റെ ഉള്ളില്‍ ഉണ്ടെന്ന് എനിക്കറിയാമായിരുന്നു. ഇങ്ങനെയൊരു അവസരം എപ്പോഴും നിന്നെ തേടിവരില്ല. കിട്ടിയ അവസരം നീ സ്വീകരിച്ചു. സ്ക്രീനില്‍ പൃഥിരാജ് എന്ന വ്യക്തിയെ കണ്ടെത്തുക പ്രയാസമായിരുന്നു. നീയെന്ന നടനാണ് അവിടെ കണ്ടത്. നജീബായുള്ള അഭിനയം ഇഷ്ടമായി'' എന്നാണ് ഇന്ദ്രജിത്തിന്‍റെ വാക്കുകള്‍.