'നജീബിന് സംഭവിച്ചത് ആ‍ർക്കും സംഭവിക്കാം; ബ്ലെസിയും പൃഥിരാജും എടുത്ത പ്രയ്തനം അത്ഭുതപ്പെടുത്തി'

നജീബിന് സംഭവിച്ചത് ആ‍ർക്കും സംഭവിക്കാമെന്നും അതുവച്ച് ഒരു നാടിനെയോ സമൂഹത്തേയോ വിലയിരുത്തരുതെന്നും ആടുജീവിതത്തിലെ അഭിനേതാവായ അറബ് നടൻ റിക് ആബേ. മലയാള സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ട്. ബെന്യാമിന്റെ ‌നോവലിനെ തിരശിലയിൽ എത്തിക്കാൻ ബ്ലെസിയും പൃഥിരാജും എടുത്ത പ്രയ്തനം അത്ഭുതപ്പെടുത്തിയെന്നും റിക്. ദുബായിൽ  സുഹൃത്തുക്കൾക്കൊപ്പം സിനിമ കാണാൻ എത്തിയതായിരുന്നു റിക്. 

നജീബ് കഴിയുന്ന മസ്റയിലെ ജൂനിയർ കഫീൽ ജാസറിൻറെ വേഷമാണ് സുഡാനിയായ റിക് ആബേയ്ക്ക് ആടുജീവിതത്തിൽ. അനുഭവിക്കാൻ പോകുന്ന നരകജീവിതത്തിന്റെ സൂചന നജീബിന് ആദ്യം ലഭിക്കുന്നതെന്നും ജാസറിൽ നിന്നാണ്. യുഎഇയിൽ ജനിച്ചുവളർന്ന റിക്കിന് സൗദിയിലെ മണലാരണ്യത്തിൽ നജീബ് അനുഭവിച്ച് തീർത്ത നരകയാഥനയെക്കുറിച്ച് പറയാനുള്ളത് ഇതാണ്.‌

യഥാർഥ നജീബിനെ നേരിൽ കണ്ടപ്പോൾ പൃഥ്വിരാജുമായുള്ള സാമ്യം അമ്പരിപ്പിച്ചെന്ന് റിക്ക്. ബ്ലെസിയുടെ പതിനാറ് വർഷത്തെ പ്രയ്തനം മലയാളികളുടെ നിശ്ചയദാർഢ്യമാണ് വെളിവാക്കുന്നത്. മലയാളികൾക്കൊപ്പം സിനിമ ചെയ്യുന്നത് അഭിനേതാവെന്ന നിലയിൽ വളരാൻ സഹായിക്കുമെന്നും റിക്ക് പറഞ്ഞു. മലയാളത്തിൽ കൂടുതൽ അവസരങ്ങൾ ലഭിക്കണമെന്നാണ് ആഗ്രഹം. രണ്ട് പതിറ്റാണ്ട് മുൻപ് എമറാത്തി ചിത്രത്തിൽ വേഷമിട്ടാണ് റിക് സിനിമാലോകത്ത് എത്തുന്നത്. പിന്നീട് ഹോളിവുഡ് ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ വേഷമിട്ടു.