നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്; സഹായം അഭ്യര്‍ഥിച്ച് ഗോപിക

നടി അരുന്ധതി നായര്‍ക്ക് വാഹനാപകടത്തില്‍ ഗുരുതര പരുക്ക്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലാണ് അരുന്ധതി ഇപ്പോള്‍ ചികിത്സയിലുള്ളത്. സ്കൂട്ടറില്‍ പോകുമ്പോള്‍ കോവളം ഭാഗത്ത് വെച്ചായിരുന്നു അപകടം. 

മലയാളം, തമിഴ് സിനിമകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് അരന്ധതി നായര്‍. അരുന്ധതിയുടെ ചികിത്സയ്ക്ക് സഹായം അഭ്യര്‍ഥിച്ച് നടി ഗോപിക അനില്‍ ഉള്‍പ്പെടെയുള്ളവരെത്തി. ‘‘എന്റെ സുഹൃത്ത് അരുന്ധതി ഒരപകടത്തിൽ പരുക്കേറ്റ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. അരുന്ധതിയുടെ ആരോഗ്യ സ്ഥിതി സങ്കീർണമാണ്. വെന്റിലേറ്ററിൽ ജീവനുവേണ്ടി പോരാടുകയാണ്. ആശുപത്രി ചെലവുകൾ താങ്ങാവുന്നതിലും അധികമാകുന്നു. ഞങ്ങൾ ഞങ്ങളുടെ ഭാഗം ചെയ്യുന്നു, പക്ഷേ അത് നിലവിലെ ആശുപത്രി ആവശ്യകതകൾ നിറവേറ്റാൻ പര്യാപ്തമല്ല. നിങ്ങളാൽ കഴിയുന്ന വിധത്തിൽ സംഭാവന നൽകണമെന്ന് ഞാൻ നിങ്ങളോട് അഭ്യർഥിക്കുന്നു, അത് അവളുടെ കുടുംബത്തിന് വളരെ സഹായകരമാകും. വളരെ നന്ദി'. ഗോപിക അനിൽ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

ഒറ്റക്കൊരു കാമുകന്‍ എന്ന സിനിമയില്‍ ഷൈന്‍ ടോമിന്റെ നായികയായിരുന്നു അരുന്ധതി. തമിഴ് സിനിമയിലൂടെയാണ് അരുന്ധതി നായര്‍ അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. വിജയ് ആന്റണിയുടെ സൈത്താന്‍ സിനിമയിലെ പ്രകടനം ശ്രദ്ധ നേടിയിരുന്നു. അരുന്ധതിയുടെ സഹോദരി ആരതി നായരും സിനിമാ മേഖലയിലുണ്ട്.