മാലിക്കും സനയും തമ്മില്‍ മൂന്ന് വര്‍ഷത്തെ അടുപ്പം; സാനിയ അറിഞ്ഞപ്പോള്‍ വിവാഹമോചനം

പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശുഐബ് മാലിക്കും സാനിയ മിര്‍സയും വിവാഹ മോചിതരായെന്നും, ശുഐബ് സന ജാവേദിനെ വിവാഹം ചെയ്തെന്നുമുള്ള വാര്‍ത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവരുന്നത്. മാലിക്ക് തന്‍റെ പുതിയ വിവാഹ ചിത്രങ്ങള്‍ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറം ലോകമറിയുന്നത്. സന ജാവേദിന്‍റെ അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും വിവാഹത്തപ്പറ്റി അറിയില്ലായിരുന്നെന്ന് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം സാനിയയുമായി വിവാഹബന്ധം അവസാനിപ്പിക്കാതെയായിരുന്നു മാലിക്കിന്‍റെ രണ്ടാം വിവാഹമെന്നുള്‍പ്പെടെയുള്ള പ്രചാരണങ്ങളും സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിച്ചിരുന്നു. എന്നാല്‍ വിവാഹമോചനം സംബന്ധിച്ച സ്ഥിരീകരണവുമായി മിര്‍സ കുടുംബം നേരിട്ട് രംഗത്തെത്തിയിരുന്നു. മാലിക്കിന് ആശംസകളറിയിച്ച കുടുംബം സാനിയയുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ഥിച്ചു.

സാനിയയ്ക്കും മാലിക്കിനും അഞ്ചു വയസ്സുള്ള മകനുണ്ട്. സാനിയയ്ക്കൊപ്പമാണു മകൻ താമസിക്കുന്നത്. സന ജാവേദിന്റെ രണ്ടാം വിവാഹമാണിത്. ഗായകനായ ഉമർ ജസ്വാളിനെയാണ് സന ആദ്യം വിവാഹം കഴിച്ചത്. എന്നാൽ 2023 ൽ ഇരുവരും വേർപിരിഞ്ഞു. പാക്ക് മാധ്യമമായ സമ ടിവിയിലെ ഒരു മാധ്യമ പ്രവർത്തകനാണ് മാലിക്ക് പാക്കിസ്ഥാനി നടിയുമായി പ്രണയത്തിലായ വിവരം ആദ്യം പുറത്തുവിടുന്നത്. ഒരു റിയാലിറ്റി ഷോയുടെ സ്റ്റേജിൽവച്ചാണ് മാലിക്കും സനയും കണ്ടുമുട്ടുന്നത്. അതിനു ശേഷം ശുഐബ് മാലിക്ക് പങ്കെടുത്ത പല ടെലിവിഷൻ പരിപാടികളിലും സനയുമെത്തി. മാലിക്കിന്റെ പ്രത്യേക നിർദേശ പ്രകാരമാണ് നടിയെയും പരിപാടികളിലേക്കു ക്ഷണിച്ചത്.

എന്നാല്‍ ഇരുവരുടെയും ബന്ധത്തെപ്പറ്റിയറിഞ്ഞ സാനിയ മിര്‍സ, വിവരം മാലിക്കിന്‍റെ കുടുംബത്തെ അറിയിക്കുകയായിരുന്നു. മാലിക്കിന്‍റെ മൂത്ത സഹോദരിയുടെ ഭര്‍ത്താവ് ഉള്‍പ്പെടെ പ്രശ്നം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും വിവാഹ മോചനത്തിന് ഇരുവരും തീരുമാനിക്കുകയായിരുന്നു. സനയുമായി മാലിക്കിന്‍റെ മൂന്നാം വിവാഹമാണ്. പ്രശ്നങ്ങള്‍ തുടങ്ങിയപ്പോള്‍ മുതല്‍ മാലിക്കിന്‍റെ കുടുംബം നിന്നത് സാനിയയ്ക്കൊപ്പമായിരുന്നു. കുടുംബം വിവാഹത്തില്‍ പങ്കെടുത്തിരുന്നില്ല.

ശുഐബ് മാലിക്കിന് സ്ത്രീകളുമായുള്ള വഴിവിട്ട ബന്ധങ്ങളിൽ സാനിയ മിർസ മനംമടുത്തിരുന്നെന്ന വെളിപ്പെടുത്തലുമായി മാലിക്കിന്റെ സഹോദരി തന്നെ രംഗത്തെത്തി. സന ജാവേദുമായി നടന്ന മാലിക്കിന്റെ മൂന്നാം വിവാഹത്തിനോട് കുടുംബാംഗങ്ങൾക്ക് കടുത്ത വിയോജിപ്പ് ഉണ്ടായിരുന്നുവെന്നും പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്തു. പ്രസവശേഷം ടെന്നിസ് കോർട്ടിലേക്ക് മടങ്ങിയെത്തിയ സാനിയ മിർസ കഴിഞ്ഞ ഫെബ്രുവരിയിലാണ് വിരമിച്ചത്. 20 വർഷം നീണ്ട ടെന്നിസ് കരിയറിൽ 43 ഡബിൾസ് കിരീട നേട്ടങ്ങളിൽ സാനിയ പങ്കാളിയായി.