കണ്ണാടിയില്‍ പ്രതിബിംബം നോക്കി സാനിയ; കരുത്തുറ്റ സ്ത്രീയെന്ന് ആരാധകര്‍

വിവാഹ മോചനത്തിന്റെ അലയൊലികളടങ്ങിയതിന് പിന്നാലെ പുതിയ ചിത്രം പങ്കുവച്ച് മുന്‍ ടെന്നിസ് താരം സാനിയ മിര്‍സ. 'റിഫ്ലക്ട്'  എന്ന കുറിപ്പോടെയാണ് സാനിയ ഇന്‍സ്റ്റഗ്രാമില്‍ ചിത്രം പങ്കിട്ടത്. അകമഴിഞ്ഞ സ്നേഹമാണ് സാനിയയുടെ ചിത്രത്തോട് ആരാധകര്‍ പ്രകടിപ്പിച്ചത്. ഇത് വെറും പ്രതിഫലനമല്ല, ക്ലാസും, മാസുമാണെന്ന് ഒരാളും, കരുത്തും ഐശ്വര്യവും ഒത്തുചേര്‍ന്നതാണെന്ന് മറ്റൊരാളും കുറിച്ചു. സാനിയയുടെ ആത്മസംയമനം വാഴ്ത്തപ്പെടേണ്ടത് തന്നെയാണെന്നും പുതിയ ജീവിതക്കുതിപ്പിന് അഭിനന്ദനങ്ങളെന്നും ചിലര്‍ കൂട്ടിച്ചേര്‍ത്തു. സമൂഹ മാധ്യമങ്ങളില്‍ ലവ്, ലൈക്ക് റിയാക്ഷനുള്ളത് പോലെ ബഹുമാനത്തിനും ഒരു ബട്ടന്‍ വേണമെന്നായിരുന്നു മറ്റുചിലരുടെ കമന്‍റ്. 

മുന്‍ഭര്‍ത്താവായ ശുഐബ് മാലികിനെ സാനിയ ഇസ്​ലാം നിയമത്തിലെ 'ഖുല'യിലൂടെ വിവാഹമോചനം നടത്തിയെന്നാണ് കുടുംബം വെളിപ്പെടുത്തിയത്. സ്വകാര്യത മാനിച്ച് മറ്റ് ചര്‍ച്ചകളില്‍ നിന്ന് തല്‍ക്കാലം സാനിയയെ ഒഴിവാക്കണമെന്നും കുടുംബം കുറിപ്പിലൂടെ ആവശ്യപ്പെട്ടിരുന്നു. മകന്‍ ഇസ്ഹാന്‍ സാനിയയ്ക്കൊപ്പമാണുള്ളത്. ശുഐബിന്‍റെ വിവാഹേതര ബന്ധങ്ങളാണ് ബന്ധം തകര്‍ത്തതെന്നും ശുഐബിന്‍റെ കുടുംബം പോലും താരത്തിന്‍റെ മൂന്നാം വിവാഹത്തില്‍ പങ്കെടുത്തില്ലെന്നും സഹോദരിമാരെ ഉദ്ധരിച്ച് പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

പാക് ടെലിവിഷന്‍ –സിനിമാതാരമായ സന ജാവേദിനെയാണ് ശുഐബ് അടുത്തയിടെ വിവാഹം കഴിച്ചത്. പിന്നാലെ ഇവര്‍ സമൂഹ മാധ്യമങ്ങളിലെ തന്‍റെ പേര് സനാ ശുഐബ് മാലികെന്ന് മാറ്റിയിരുന്നു. അയേഷ സിദ്ദിഖിയായിരുന്നു ശുഐബിന്‍റെ ആദ്യഭാര്യ. 

Sania drops her picture after Shoaib Malik-Sana Javed's marriage announcement