'ജീത്തു ജോസഫ്, നിങ്ങള്‍ മോഹന്‍ലാലിനെ നന്നായി ഉപയോഗിച്ചു'; നേരിനെ അഭിനന്ദിച്ച് പ്രിയദര്‍ശന്‍

 നേര് സിനിമയുടെ വൻ വിജയത്തിനിടെ സംവിധായകൻ പ്രിയദർശൻ പങ്കുവെച്ച പോസ്റ്റ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. മോഹൻലാൽ എന്ന നടന്റെ കഴിവിനെപ്പറ്റിയാണ് പോസ്റ്റ്. ജീത്തു ജോസഫ്, ആ കഴിവ് നന്നായി ഉപയോഗിച്ചെന്നും, കഴിവ് ഒരിക്കലും കെട്ടുപോവില്ലെന്നും, നേര് സിനിമയുടെ വിജയത്തിൽ അഭിനന്ദനങ്ങൾ എന്നും പ്രിയദർശൻ കുറിച്ചു. സിനിമാപ്രേമികളുടെ ഇടയിൽ പോസ്റ്റ് വൈറലായതോടെ ഒരു കാലത്തെ ഹിറ്റായിരുന്ന മോഹൻലാൽ– പ്രിയദര്‍ശന്‍ ചിത്രങ്ങൾ ചർച്ചയ്ക്കെത്തി. മിഥുനം, വന്ദനം, കിലുക്കം, തേന്മാവിൻ കൊമ്പത്ത്, മിന്നാരം തുടങ്ങിയ നിരവധി സിനിമകള്‍ ഇന്നും പ്രേഷകപ്രിയമായി നിലനിൽക്കുന്നവയാണ്. എന്നാലും മലയാളത്തിന്റെ പ്രിയപ്പെട്ട കൂട്ടുകെട്ടിൽ ഇറങ്ങിയ അവസാന ചിത്രം മരക്കാർ പരാജയം നേരിട്ടിരുന്നു. അതും ആരാധകർ കമൻറ് ബോക്സുകളില്‍ നിറച്ചു.

‘മോഹൻലാൽ എന്ന നടന്റെ കഴിവ് നിങ്ങളെക്കാൾ ഉപയോഗിച്ച സംവിധായകർ ചുരുക്കമാണ്.. പക്ഷേ പല കാരണങ്ങള്‍ക്കൊണ്ട് ഒടുവിൽ ഇറങ്ങിയ മരക്കാർ പരാജയപ്പെട്ടു. അതിൽ നിന്നൊരു തിരിച്ചുവരവ് താങ്കൾക്കും അസാധ്യമൊന്നുമല്ല... യൂ ആർ എ ടാലന്റ് ഫാക്ടറി. പണിയറിയാവുന്നവന്റെ കയ്യിൽ കിട്ടിയാൽ നിങ്ങളോളം മൂർച്ചയേറിയ ഒരായുധമുണ്ടോ ലാലേട്ടാ....’ തുടങ്ങി കമന്‍റുകൾ വന്നിരുന്നു.

ജീത്തു ജോസഫ്– മോഹന്‍ലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ നേര് എന്ന സിനിമ നല്ല അഭിപ്രായങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.