‘നേര്’ 100 കോടി ക്ലബിലെന്ന് റിപ്പോര്‍ട്ട്; നോക്കാറില്ലെന്ന് ജീത്തു; സോഷ്യല്‍മീഡിയയിലും ചര്‍ച്ച

ജീത്തു ജോസഫ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ ചിത്രമായ നേര് 25 ദിവസംകൊണ്ടു 100 കോടി ക്ലബിലെത്തിയെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്ത് 400 തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചാണ് നേട്ടം കൊയ്തതെന്നാണ് ഫാന്‍സ് ഗ്രൂപ്പുകളിലും ചില ട്രാക്കേഴ്സ്, മാധ്യമ പേജുകളിലും വന്ന റിപ്പോര്‍ട്ട് അവകാശപ്പെടുന്നത്. സിനിമയിലെ ചില താരങ്ങള്‍ മാത്രം ഷെയര്‍ ചെയ്ത മുപ്പത്തിയഞ്ചാം ദിവസ പോസ്റ്ററിലും നൂറുകോടി നേടിയെന്ന് പറയുന്നുണ്ട്. എന്നാല്‍ ഈ പോസ്റ്റര്‍ ഷെയര്‍ ചെയ്ത് ഒരു ദിവസം കഴിഞ്ഞപ്പോള്‍ മിക്കവരും ഡീലീറ്റ് ചെയ്തു. 

ചിത്രം പുറത്തിറങ്ങി എട്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ സിനിമ 50 കോടി നേടിയതായി മോഹന്‍ലാല്‍ തന്നെ ഫെയ്സ്ബുക്കിലൂടെ അറിയിച്ചിരുന്നു. അതേസമയം നേര് 100 കോടി ക്ലബില്‍ കയറിയെന്ന വാര്‍ത്ത സോഷ്യല്‍മീഡിയയിലും ചര്‍ച്ചയായി. നേരിന്റെ വേൾഡ് വൈഡ് കളക്ഷൻ നൂറ് കോടിയാണെന്നാണ് കുറിച്ചിരിക്കുന്നത്. എന്നാല്‍ നേരിന്റെ ഗ്രോസ് കളക്ഷനല്ല ബിസിനസ് കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് നൂറ് കോടിയെന്നാണ് വിലയിരുത്തല്‍. തിയറ്റർ കളക്ഷനു പുറമെ നോൺ തിയറ്റർ കളഷനുകൾ കൂടി  ചേർത്താണ് ഇതെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഓഡിയോ, മ്യൂസിക്, ഒടിടി ബിസിനസുകളും കൂടി ഉള്‍പ്പെടുത്തിയാണ് നൂറ് കോടി ക്ലബ് എന്നാണ് വിലയിരുത്തപ്പെടുന്നത്.  

എന്നാല്‍ സിനിമ റിലീസ് ചെയ്തതിനു ശേഷം കളക്ഷന്‍ എത്രയെന്ന് താന്‍ തിരക്കാറോ ചിന്തിക്കാറോ ഇല്ലെന്ന് നേരിന്റെ സംവിധായകന്‍ ജിത്തു ജോസഫ് മനോരമന്യൂസ് ഡോട്ട്കോമിനോട് പറഞ്ഞു.  ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ നിര്‍മാതാവിന് നഷ്ടം സംഭവച്ചില്ലെന്നറിഞ്ഞാല്‍ സന്തോഷം. അതു മാത്രമാണ് താന്‍ അന്വേഷിക്കാറുളളത്. ഇപ്പോള്‍ വരുന്ന ചര്‍ച്ചകളെക്കുറിച്ചൊന്നും അറിയില്ല, വേള്‍ഡ് വൈഡ് കളക്ഷനാണെന്നാണ് കരുതുന്നത്. ഗ്രോസ് കളക്ഷനെക്കുറിച്ചും അല്ലാത്ത കളക്ഷനെക്കുറിച്ചുമൊന്നും തനിക്കറിയില്ലെന്നും ജീത്തു പറഞ്ഞു. 

ഇതിനിടെ  ഇതര ദക്ഷിണേന്ത്യന്‍ ഭാഷകളിലും ആന്റണി പെരുമ്പാവൂരും മകന്‍ ആഷിഖ് ജോ ആന്റണിയും ചേര്‍ന്ന് നേര് നിര്‍മിക്കാന്‍ തീരുമാനമായി. തെലുങ്കിലും കന്നഡയിലും തമിഴിലും അവിടത്തെ പ്രമുഖ നിര്‍മാതാക്കളോട് കൈകോര്‍ത്താണ് നിര്‍മാണം. ആശിര്‍വാദ് സിനിമാസ് നേരിട്ടു വിദേശത്ത് റിലീസ് ചെയ്തുവെന്നതും മലയാള സിനിമയിലെ പുതിയ തുടക്കമാണ്.

മോഹൻലാൽ ഫാൻസ് ഗ്രൂപ്പുകളിലാണ് ഇതു സംബന്ധിച്ച വാർത്തകൾ വരുന്നത്. നടി അനശ്വര രാജനും തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ നൂറു കോടി ക്ലബ്ബിൽ ഇടം നേടിയെന്നുഴുതിയ നേരിന്റെ പുതിയ പോസ്റ്റർ പങ്കുവച്ചെങ്കിലും പിന്നാലെ അത് ഡിലീറ്റ് ചെയ്തു. സിനിമ റിലീസ് ചെയ്ത് 24 ദിവസം പിന്നിട്ട ഇന്നലെയാണ് ഈ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്.   ‘പുലിമുരുകൻ’, ‘ലൂസിഫർ’ തുടങ്ങിയ മോഹൻലാൽ ചിത്രങ്ങളും നൂറു കോടി ക്ലബ്ബിൽ ഇടംപിടിച്ചിരുന്നു.

Neru Film Director Jeethu Joseph reaction about the report of 100 crore club, and social media discussions