'നേരുള്ള 100 കോടി'; ഉറപ്പിച്ച് മോഹന്‍ലാലും; വിവാദങ്ങള്‍ക്ക് പിന്നാലെ പുതിയ പോസ്റ്റര്‍

നേരിന്റെ നൂറ് കോടിയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങള്‍ക്കൊടുവില്‍ സ്ഥിരീകരണവുമായി മോഹന്‍ലാല്‍. നേര് 100 കോടി ക്ലബിലേക്ക് എത്തിയതായി വ്യക്തമാക്കുന്ന പോസ്റ്റര്‍ മോഹന്‍ലാല്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. 'നേരുള്ള മഹാ വിജയത്തിന്റെ നേരുള്ള 100 കോടി' എന്നെഴുതിയ പോസ്റ്ററാണ് വിവാദങ്ങള്‍ക്ക് പിന്നാലെ മോഹന്‍ലാല്‍ പങ്കുവെച്ചത്. 

35ാം ദിവസത്തിലേക്ക് എത്തുന്ന നേര് നൂറ് കോടി കളക്ഷന്‍ എന്ന നേട്ടത്തിലേക്ക് എത്തിയതായി അവകാശപ്പെട്ട് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. നേരില്‍ പ്രധാന കഥാപാത്രമായി എത്തിയ നടി അനശ്വരാ രാജന്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ പോസ്റ്റര്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. എന്നാല്‍ വിവാദമായതോടെ പോസ്റ്റര്‍ പിന്‍വലിച്ചു. സിനിമ റിലീസ് ചെയ്ത് 24 ദിവസം പിന്നിട്ട ഇന്നലെയാണ് ഈ പോസ്റ്റര്‍ പുറത്തിറങ്ങിയിരുന്നത്. 50 കോടി പിന്നിട്ടപ്പോള്‍ മോഹന്‍ലാല്‍ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. 100 കോടി കളക്ഷന്‍ പിന്നിട്ടെങ്കില്‍ ഔദ്യോഗിക സ്ഥിരീകരണം വരാത്തത് എന്തെന്ന ചോദ്യമാണ് ശക്തമായത്.

രാജ്യത്ത് 500 തിയറ്ററുകളിലും ഇന്ത്യയ്ക്കു പുറത്ത് 400 തിയറ്ററുകളിലും പ്രദര്‍ശിപ്പിച്ചാണ് 100 കോടി എന്ന നേട്ടത്തിലേക്ക് നേര് എത്തിയതെന്നാണ് ഫാന്‍സ് ഗ്രൂപ്പുകളിലും ചില ട്രാക്കേഴ്സ്, മാധ്യമ പേജുകളിലും വന്ന റിപ്പോര്‍ട്ട് അവകാശപ്പെട്ടിരുന്നത്. നേരിന്റെ ഗ്രോസ് കളക്ഷനല്ല ബിസിനസ് കൂടി ഉള്‍പ്പെടുത്തിയുള്ളതാണ് നൂറ് കോടിയെന്ന വിലയിരുത്തലും ഉയര്‍ന്നു. തീയറ്റര്‍ കളക്ഷന്‍ കൂടാതെ ഓഡിയോ, മ്യൂസിക്, ഒടിടി ബിസിനസുകള്‍ കൂടി ചേര്‍ത്താണ് 100 കോടി എന്ന വാദവും ശക്തമായിരുന്നു. 

സിനിമയുടെ റിലീസിന് ശേഷം കളക്ഷനെ സംബന്ധിച്ച് താന്‍ ചിന്തിക്കാറില്ലെന്നാണ് സംവിധായകന്‍ ജിത്തു ജോസഫ് മനോരമാന്യൂസ് ഡോട്ട്കോമിനോട് പ്രതികരിച്ചത്. ഒരു സിനിമ ചെയ്തു കഴിഞ്ഞാല്‍ നിര്‍മാതാവിന് നഷ്ടം സംഭവച്ചില്ലെന്നറിഞ്ഞാല്‍ സന്തോഷം. അതു മാത്രമാണ് താന്‍ അന്വേഷിക്കാറുളളത്. ഇപ്പോള്‍ വരുന്ന ചര്‍ച്ചകളെക്കുറിച്ചൊന്നും അറിയില്ല, വേള്‍ഡ് വൈഡ് കളക്ഷനാണെന്നാണ് കരുതുന്നത്. ഗ്രോസ് കളക്ഷനെക്കുറിച്ചും അല്ലാത്ത കളക്ഷനെക്കുറിച്ചുമൊന്നും തനിക്കറിയില്ലെന്നും ജീത്തു പറഞ്ഞു.

Neru Movie collects 100 crore