അഭിനയം മാത്രമല്ല; സിനിമാ നിര്‍മാണ രംഗത്തേക്ക് കൂടി ചുവടുവച്ച് സാമന്ത

തെന്നിന്ത്യൻ സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് സാമന്ത. തന്‍റെ വിശേഷങ്ങളെല്ലാം താരം സോഷ്യല്‍മീഡിയ പേജിലൂടെ അറിയിക്കാറുണ്ട്. ഇപ്പോഴിതാ, സിനിമാ നിര്‍മാണ രംഗത്തേക്ക് കൂടി ചുവടു വച്ചിരിക്കുകയാണ് താരം. ത്രലാല മൂവിങ് പിക്ചേഴ്‌സ് എന്ന പുതിയ നിർമാണക്കമ്പനി പ്രഖ്യാപിച്ചുകൊണ്ടാണ് സാമന്ത നിർമ്മാണ രംഗത്തേക്ക് എത്തിയിരിക്കുന്നത്. 

ഞായറാഴ്ചയാണ്  നിർമ്മാണരംഗത്തേക്ക് കടന്നതായി സാമന്ത ആരാധകരെ അറിയിച്ചത്. നിര്‍മാണ കമ്പനിയുടെ കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചതിനു പിന്നാലെ നിരവധിയാളുകളാണ് താരത്തിന് ആശംസകളുമായെത്തിയത്. നിര്‍മാണക്കമ്പനിയുടെ പ്രഖ്യാപനത്തിനു പിന്നാലെ ത്രലാല മൂവിങ് പിക്ചേഴ്‌സിന്‍റെ ആദ്യ ചിത്രം ഏതാണെന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

പുതിയ കാലത്തെ ആവിഷ്‌കാരത്തിന്‍റെയും ചിന്തയുടെയും പ്രതിനിധീകരിക്കുന്ന തരത്തിലുള്ള ചിത്രങ്ങള്‍ നിര്‍മിക്കും. നല്ല സിനിമകളെ പ്രോത്സാഹിപ്പിക്കുകയും ചലച്ചിത്ര പ്രവർത്തകർക്ക് "അർഥവത്തായ" കഥകൾ പറയാനുള്ള വേദിയായും ത്രലാല മൂവിംഗ് പിക്‌ചേഴ്‌സ് പ്രവർത്തിക്കുമെന്നും സാമന്ത കൂട്ടിച്ചേർത്തു.

സാമന്തയുടെ വാക്കുകളിങ്ങനെ;

“എന്റെ പ്രൊഡക്ഷൻ ഹൗസായ ത്രലാല മൂവിങ് പിക്‌ചേഴ്‌സ് പ്രഖ്യാപിക്കുന്നതിൽ അതിയായ സന്തോഷമുണ്ട്. നമ്മുടെ സാമൂഹിക ഘടനയുടെ കരുത്തും സങ്കീർണ്ണതയും സംസാരിക്കുന്ന കഥകളെ ക്ഷണിക്കുകയും പ്രോത്സാഹിപ്പിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്ന ഒരിടമാവും ഇത്. ഒപ്പം അർത്ഥവത്തായതും ആധികാരികവും സാർവത്രികവുമായ കഥകൾ പറയാനും സിനിമാപ്രവർത്തകർക്കുള്ള ഒരു വേദിയാണിത്.