Prayam

ആളുകളുടെ അനുഭവ സമ്പത്തിനെ പരമാവധി ഉപയോഗിക്കാനുള്ള സാധ്യതകള്‍ സിനിമയിലുണ്ടെന്ന് മുകേഷ്. പ്രായത്തിന്‍റെ കോണ്‍സെപ്റ്റ് തന്നെ മാറിപ്പോയെന്നും  പെന്‍ഷനാകുന്ന കാലത്താണ് ഇന്ന് ആളുകള്‍ പലതും തുടങ്ങുന്നതെന്നും അദ്ദേഹം മനോരമ ന്യൂസിനോട് പറഞ്ഞു. പ്രായമായവരുടെ ജീവിത വീക്ഷണങ്ങളും ജീവിതാനുഭവങ്ങളും പരാജയങ്ങളെ എങ്ങനെ അഭിമുഖീകരിക്കാമെന്നതടക്കമുള്ള കാര്യങ്ങളിലുള്ള പരിചയ സമ്പത്തും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം വിശദീകരിക്കുന്നു. പെന്‍ഷനായി കഴിയുമ്പോള്‍ ഇനി വേണം എനിക്ക് ജീവിക്കാനെന്ന് പറയുന്നവരുടെ എണ്ണം വര്‍ധിക്കുകയാണെന്നും മുകേഷ് പറഞ്ഞു. 

 

വാക്കുകളിങ്ങനെ: 'പ്രായത്തിന്‍റെ കോണ്‍സെപ്റ്റ് തന്നെ മാറിപ്പോയി. പ്രായം എന്നു പറഞ്ഞുകഴിഞ്ഞാല്‍ പണ്ട് പെന്‍ഷനാകുന്ന ഒരു ദിവസം ഒരാളുടെ ജീവിതത്തില്‍  ഒരു അധ്യാപകനായാലും ഒരു ഉദ്യോഗസ്ഥനായാലും 58 ഓ 60 ഓ വയസ്. പെന്‍ഷന്‍ ആയിക്കഴിഞ്ഞാല്‍ പിന്നെ ഏത് നിമിഷവും മരിക്കും എന്നുള്ളതാണ് നാട്ടുകാരുള്‍പ്പടെ കല്‍പ്പിച്ചു കൊടുത്തിരിക്കുന്നത്. അങ്ങനെ വീട്ടുകാരും നാട്ടുകാരും കൂടി പറഞ്ഞ് പറഞ്ഞ് അയാള്‍ കുറച്ച് ദിവസത്തിനകം മരിക്കും. കാര്യം അതൊരു ഫീഡിങാണ്. എന്നാലിന്ന് എത്രയോ പേര്‍, എനിക്ക് തോന്നുന്നു ഭൂരിപക്ഷം ആള്‍ക്കാരും പെന്‍ഷന്‍ കഴിയുമ്പോള്‍ ഇനി വേണം എനിക്ക് ജീവിക്കാന്‍. ഇനി വേണം എനിക്ക് യാത്ര ചെയ്യാന്‍, ഇനി വേണം എനിക്ക് ബിസിനസ് തുടങ്ങാന്‍, ഇനി വേണം എനിക്ക്  എന്‍റെ കല എന്താണെന്നുള്ളത് ജനത്തെ അറിയിക്കാന്‍... അതിനെനിക്ക് ഒരുപാട് വേദികളുണ്ട് എന്നു പറയുന്നൊരു കാലത്തിലേക്ക് മാറിപ്പോയി. 

 

അപ്പോ ഞാനെനിക്ക് എത്ര വയസുണ്ടെന്ന് പറഞ്ഞാലും ഞാന്‍ പറയുന്നതാണ്... ഐ ആം എ ബിഗിനര്‍, ഇനിയാണ് എനിക്ക്, എന്‍റെ രീതിയില്‍ പലകാര്യങ്ങളും ഈ എക്സ്പീരിയന്‍സ് വച്ചിട്ട്.. എക്സ്പീരിയന്‍സാണ് പ്രധാനം. നമ്മള് ഇച്ചിരി പ്രായം ചെന്ന ആള്‍ക്കാരെ ഇപ്പഴും ഞാന്‍ നേരത്തെ പറഞ്ഞ ഒരു ഉദാഹരണം  പറഞ്ഞിട്ട്  ആ അത് അയാള്‍ടെ കാലം എന്നൊന്നും പറയാന്‍ പാടില്ല. ആ കാലത്തിലൂടെ വന്ന ആളുടെ എക്സ്പീരിയന്‍സ്. പെന്‍ഷന്‍ പറ്റുന്നതില്‍ ഏറ്റവും കൂടുതല്‍ നമ്മള്‍  പറയുന്ന തെറ്റ്.. പുതിയ ആള്‍ക്കാര് വരണം അവര്‍ക്ക് ചാന്‍സ് കൊടുക്കാനാണ് പെന്‍ഷന്‍ പറ്റീട്ട് ആള്‍ക്കാരെ വിടുന്നത്. പക്ഷേ അവരുടെ എക്സ്പീരിയന്‍സ്, ജീവിത വീക്ഷണങ്ങള്‍, ജീവിതാനുഭവങ്ങള്‍..ഈ പരാജയപ്പെടുമ്പോള്‍ എങ്ങനെ ഫെയ്സ് ചെയ്യാം. വിജയത്തിലേക്ക് കൊണ്ടുപോകാം.. ഇതെല്ലാം ഒരു ജീവിതം ജീവിച്ചിട്ടുള്ള പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നതെല്ലാം ഒരു ഭാണ്ഡത്തിനകത്ത് കെട്ടിയിട്ട് വലിച്ചെറിഞ്ഞിട്ട് പോകുകയാണ് ആള്‍ക്കാര്‍. അതാണ് നമ്മള്‍ എക്സ്പ്ലോയിറ്റ് ചെയ്യേണ്ടത്. സിനിമയില്‍ അതിനുള്ള ചാന്‍സുണ്ട്.'