പക്ഷാഘാതം വന്നതിന്റെ ക്ഷീണങ്ങളില്‍ നില്ക്കുന്ന സമയം. ഓര്‍മകളും ചിന്തകളും സംസാരവും കണ്ണി മുറിയുന്നുണ്ട്. എന്നാല്‍ കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമകളിലൂടെ മലയാളത്തില്‍ വേരുറപ്പിക്കുകയും വിസ്മയിപ്പിക്കുകയും ചെയ്ത സംവിധായകന്റെ മനസില്‍ അപ്പോഴും ഒന്ന് മാത്രം, സിനിമ. പടമുകൾ സിഗ്നേച്ചർ ഏജ്ഡ് കെയർ ഹോമിൽ കഴിയുമ്പോഴും ഇനിയും സിനിമ സംവിധാനം ചെയ്യണം എന്ന ആഗ്രഹം കെ.ജി. ജോര്‍ജ് മുറുകെ പിടിച്ചു. ആദ്യ ചിത്രമായ സ്വപ്നാടനം ഒരുക്കുമ്പോള്‍ മുതല്‍ അവസാന നിമിഷം വരെ സിനിമയായിരുന്നു കെ.ജി ജോര്‍ജിന് ലഹരി. പൊതുബോധത്തെ തച്ചുടച്ച്, അന്നുവരെയുണ്ടായിരുന്ന ശീലങ്ങളെ തിരസ്കരിച്ചുകൊണ്ട് പുതുതലമുറ സിനിമകള്‍ക്ക് തുടക്കമിട്ട സംവിധായകന്റെ ജീവശ്വാസം സിനിമയല്ലാതെ മറ്റെന്താവാനാണ്. ആ ലഹരിയില്‍ കെ.ജി.ജോര്‍ജ് ജീവിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഓരോ ഫ്രെയിമും പെയിന്റിങ്ങുകളായി.
സംവിധായകന് രാമു കാര്യാട്ടിന്റെ കീഴിലായിരുന്നു ചലച്ചിത്ര ലോകത്തേക്കുള്ള കെ.ജി.ജോര്‍ജിന്റെ അരങ്ങേറ്റം. ആദ്യമായി സംവിധാന സംരഭത്തിലേക്ക് കടക്കുന്ന ചിത്രത്തില്‍ പോലും സാമ്പ്രദായിക രീതികള്‍ വിട്ട് വ്യത്യസ്തമായ സംവിധാന ശൈലി സ്വീകരിക്കാന്‍ ധൈര്യം കാണിച്ച പ്രതിഭ. നിരൂപക പ്രശംസ പിടിച്ചുപറ്റുന്നതിനൊപ്പം സാമ്പത്തികമായി കൂടി ആ സിനിമ വിജയിച്ചു. ദേശിയ പുരസ്കാരങ്ങളും സംസ്ഥാന സര്‍ക്കാര്‍ പുരസ്കാരങ്ങളും വാരിക്കൂട്ടിയാണ് ചലച്ചിത്ര ലോകത്തേക്ക് കെ ജി ജോര്‍ജ് തന്റെ വരവ് പ്രഖ്യാപിച്ചത്. മലയാളം എന്നും ഓര്‍മിക്കുന്ന ചിത്രമായി മാറിയ ചലച്ചിത്ര വിസ്മയം, സ്വപ്നാടനം! മലയാള സിനിമയുടെ തലവര മാറ്റം അവിടെ തുടങ്ങി.
അതുവരെ ഉണ്ടായിരുന്ന മലയാള സിനിമാ കാഴ്ചകളെ തകിടം മറിച്ചായിരുന്നു കെ.ജി.ജോര്‍ജ് തന്റെ സിനിമയുമായി പ്രേക്ഷകര്‍ക്ക് മുന്‍പിലേക്ക് എത്തിയത്. സൈക്കോ ഡ്രാമയും ത്രില്ലറുകളും പരീക്ഷണങ്ങള്‍ നടത്താന്‍ ധൈര്യമുള്ള ഒരു സംവിധായകന്റെ സൃഷ്ടികളായി മലയാളികള്‍ക്ക് മുന്‍പിലേക്ക് എത്തി. ആഖ്യാന ശൈലിയില്‍ കൊണ്ടുവന്ന ഈ മാറ്റങ്ങള്‍ സമകാലികരായ മറ്റ് സംവിധായകരില്‍ നിന്ന് കെ.ജി.ജോര്‍ജിനെ വേറിട്ട് നിര്‍ത്തി. പഞ്ചവടിപ്പാലത്തിലൂടെ ആക്ഷേപ ഹാസ്യത്തിലേക്കും ഉള്‍ക്കടലിലൂടെ ക്യാംപസ് ചിത്രങ്ങളുടെ കൂട്ടത്തിലേക്കും ലേഖയുടെ മരണം ഓരു ഫ്ളാഷ് ബാക്കിലൂടെ കുറ്റാന്വേഷണ ഡ്രാമയിലേക്കും കെ.ജി.ജോര്‍ജ് തന്റെ പേര് എഴുതിചേര്‍ത്തു.
കഥാപാത്രങ്ങളുടെ സൈക്കോളജി പഠിച്ചായിരുന്നു കെ.ജി.ജോര്‍ജിന്റെ കഥാപാത്ര സൃഷ്ടികള്‍. വ്യത്യസ്ത സ്വഭാവക്കാരായ പല കഥാപാത്രങ്ങള്‍ കടന്നു വരുന്ന സിനിമയായിരുന്നു മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ യവനിക. ഒരു കുറ്റാന്വേഷണ സിനിമയുടെ രസച്ചരുടുകള് തുന്നിച്ചേര്‍ത്ത് കെജി ജോര്‍ജ് അവിടെ പ്രേക്ഷകരുടെ രക്തസമ്മര്‍ദം കൂട്ടി. പ്രേക്ഷകർ എന്താണോ ആഗ്രഹിക്കുന്നത് അതു കൊടുക്കുന്ന ആളല്ല സംവിധായകന്. സിനിമ സംവിധായകന്റേതാണ് എന്ന് തന്റെ സിനിമകളിലൂടെ അദ്ദേഹം വ്യക്തമാക്കി. ഇനി എന്ത് സിനിമയാണ് എടുക്കുക എന്ന ചോദ്യം ഒരിക്കല്‍ കോളജ് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യവേ അദ്ദേഹത്തിന് മുന്‍പിലേക്ക് എത്തി. നാളത്തെ സിനിമ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. യവനിക മുതല്‍ ഒലവങ്കോട് ദേശം വരെ നാളത്തെ സിനിമകളായിരുന്നു!