മാസാകാൻ മലൈക്കോട്ടൈ വാലിബൻ; റിലീസ് ഡേറ്റ് പുറത്ത് വിട്ട് മോഹൻലാൽ

vaaliban-mohanlal
SHARE

ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം "മലൈക്കോട്ടൈ വാലിബൻ' അടുത്തവർഷം ജനുവരി 25 ന്‌ തിയറ്ററുകളിലെത്തും. മോഹൻലാൽ- ലിജോ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ റിലീസ്‌ തീയതി അറിയിച്ചുകൊണ്ടുള്ള പോസ്‌റ്റർ മോഹൻലാൽ തന്നെയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ പുറത്തുവിട്ടത്‌. ചിത്രത്തിന്റെ സംവിധായകനായ ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജന്മദിനത്തിലാണ് മോഹൻലാൽ മലൈക്കോട്ട വാലിബന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. 

ചിത്രത്തിനെ കുറിച്ചുള്ള ഓരോ അപ്‌ഡേറ്റും മോഹൻലാൽ ആരാധകരെ ആവേശം കൊള്ളിക്കുന്നതാണ്. മാസിന് മാസ്; മലൈക്കോട്ടൈ വാലിബനി’ൽ വൻ പ്രതീക്ഷ എന്നായിരുന്നു നേരത്തെ മോഹൻലാൽ മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മാസ് സിനിമ വേണ്ടവർ അങ്ങനെ കാണാം. സീരിയസ് ആയി കാണേണ്ടവർക്ക് അങ്ങനെ കാണാം. കാലദേശങ്ങൾക്ക് അതീതമായ രീതിയാണ് ചിത്രത്തിന്റെ മേക്കിങ്ങിൽ സ്വീകരിച്ചത്. ഇത്ര വലിയ കാൻവാസിലുള്ള സിനിമ ലിജോ ഏറ്റവും ഭംഗിയായി കൈകാര്യം ചെയ്തു. ബാക്കിയെല്ലാം പ്രേക്ഷകർ തീരുമാനിക്കട്ടെ’. മോഹൻലാൽ മനോരമന്യൂസ് ഡോട്ട് കോമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു. 

മലൈക്കോട്ടൈ വാലിബന്‍ മോഹൻലാലിന്റെ മാസ് സിനിമയായിരിക്കുമെന്നും മോഹൻലാലിന്റെ കൂടെയുള്ള കഥാപാത്രമാണ് തന്റേതെന്നും സിനിമ തിയറ്ററുകളിലെത്താൻ താനും കാത്തിരിക്കുകയാണെന്നും നേരത്തെ നടൻ മണികണ്ഠൻ ആചാരിയും മനോരമന്യൂസ് ഡോട്ട് കോമിനോട്  പറഞ്ഞിരുന്നു. 

2024 ജനുവരി 25 നാണ് ചിത്രം ലോകവ്യാപകമായി തിയേറ്ററുകളിലേക്കെത്തുന്നത്. മോഹൻലാലിന്റെ ജന്മദിനത്തിന് പുറത്തുവിട്ട ഗ്ലിമ്സ് വിഡിയോയും മലൈക്കോട്ടൈ വാലിബന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും തരംഗമായതിനു പിന്നാലെ എത്തുന്ന ചിത്രത്തിന്റെ റിലീസ് തീയതി പ്രേക്ഷകരിൽ ആവേശം ഇരട്ടിയാക്കുന്നു. ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേത്ര്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ.

നൂറ്റി മുപ്പതു ദിവസങ്ങളിൽ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്. 'ചുരുളി'ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിംഗ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്സ് സേവ്യറാണ്. മലയാളം, തമിഴ്, തെലുങ്ക് കന്നഡ, ഹിന്ദി എന്നീ ഭാഷകളിലാണ് ചിത്രം റിലീസാകുന്നത്.പി ആർ ഓ പ്രതീഷ് ശേഖർ.

Mohanlal announced release date of Lijo Jose Pellissery’s Malaikottai Vaaliban

MORE IN ENTERTAINMENT
SHOW MORE