‌‌ജയിലറിന്റെ അലയൊലികള്‍ തിയറ്ററുകളില്‍ അവസാനിച്ചിട്ടില്ല. സ്റ്റൈല്‍ മന്നന്റെ ജയിലര്‍ കളക്ഷന്‍ റെക്കോര്‍ഡുകള്‍ തിരുത്തിയതിന് പിന്നാലെ ലോകേഷുമൊത്ത് രജനിയുടെ അടുത്ത ചിത്രം വരുന്ന എന്ന റിപ്പോര്‍ട്ടുകളാണ് ആരാധകരിലേക്ക് എത്തുന്നത്. ഇതിനിടയില്‍ സൂപ്പര്‍ സ്റ്റാറിന്റെ ഒരു വിഡിയോയും ഇന്റര്‍നെറ്റില്‍ വൈറലാവുന്നു. ഷര്‍ട്ടിന്റെ കൈമടക്കില്‍ നിന്ന് പണം എടുത്ത് ദക്ഷിണയായി നല്‍കുന്ന രജനിയുടെ വിഡിയോയാണ് ഇന്റര്‍നെറ്റിലെത്തുന്നത്. 

 

രാഘവേന്ദ്ര ക്ഷേത്രത്തിലെ രജനിയുടെ ദൃശ്യങ്ങളാണ് പുറത്തുവരുന്നത്. പ്രസാദം വാങ്ങുന്നതിന് മുന്‍പായി ദക്ഷിണ നല്‍കുന്നതിന് വേണ്ടി തന്റെ കൈമടക്കില്‍ നിന്ന് പണം എടുക്കുകയാണ് താരം. പഴയ ശീലം അദ്ദേഹം മറന്നിട്ടില്ല എന്ന കമന്റോടെയാണ് ഇതിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്നത്. 

 

സിനിമയില്‍ സൂപ്പര്‍ സ്റ്റാറായി വളരുന്നതിന് മുന്‍പ് ബസ് കണ്ടക്ടറായി അദ്ദേഹം ജോലി നോക്കിയിരുന്നു. അപ്പോഴത്തെ ശീലമാകാം കൈമടക്കില്‍ പണം ചുരുട്ടി വെക്കുന്നത് എന്നാണ് വിഡിയോയ്ക്ക് അടിയില്‍ ആരാധകരുടെ കമന്റുകള്‍ വരുന്നത്. ട്വിറ്ററില്‍ രമേശ് ബാല എന്നയാള്‍ പങ്കുവെച്ച വിഡിയോ പത്ത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ കണ്ടുകഴിഞ്ഞു.