അജിത്തിന്റെ നായികയായി തൃഷ; ‘വിടാ മുയർച്ചി’യിൽ ഇരുവരും ഒന്നിക്കും

ജനുവരി മുതൽ അജിത്ത് ആരാധകർക്കിടയിൽ ചർച്ചയായ സിനിമയാണ് ‘വിടാ മുയർച്ചി’.  ചിത്രത്തിന്റെ അണിയറ വിശേഷങ്ങൾക്കായി കാതോർത്തിരുന്ന ആരാധകർക്ക് ഇരട്ടി മധുരമാണ് എത്തിയിരിക്കുന്നത്. തൃഷ ചിത്രത്തിന്റെ ഭാഗമാകുന്നുവെന്നാണ് പുതിയ വിവരം. ഇതുസംബന്ധിച്ച് ഔദ്യോഗികമായി പ്രൊഡക്ഷൻ കമ്പനി വാർത്തകൾ പുറത്തുവിട്ടിട്ടില്ലെങ്കിലും തൃഷ ‘വിടാ മുയർച്ചി’യിൽ ഒപ്പുവച്ചതായാണ് സൂചന. വിജയ് ചിത്രം ‘ലിയോ’യില്‍ അഭിനയിക്കുന്നതിനാൽ താരം അജിത്ത് ചിത്രത്തിലേക്ക് തൽകാലം വരില്ലെന്നായിരുന്നു ആദ്യം പ്രചരിച്ച വാർത്തകള്‍. 

അജിത്ത്– തൃഷ ജോടികൾക്ക് ആരാധകർക്കിടയിൽ വലിയ സ്വീകാര്യതയാണുള്ളത്. 2015ൽ ‘യെന്നൈ അറിന്താൾ’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്. മണിരത്നത്തിന്റെ ‘പൊന്നിയിൻ സെൽവൻ 1’ എന്ന ചിത്രത്തിനു പിന്നാലെ ദക്ഷിണേന്ത്യയിൽ താരത്തിന് വൻ ഡിമാൻഡാണുള്ളത്. വിജയ് ചിത്രം ‘ലിയോ’ കൂടാതെ മോഹൻലാലിനൊപ്പം ‘റാം’, ടൊവിനോ തോമസ് നായകനാകുന്ന ‘ഐഡന്റിറ്റി’ എന്നീ ചിത്രങ്ങളിലും തൃഷ എത്തുന്നുണ്ട്.

‘വിടാ മുയർച്ചി’യിലെ തൃഷയുടെ വേഷത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ചിത്രത്തിൽ രണ്ടു നായികമാരുണ്ടാകും എന്ന സൂചനകൾ എത്തുന്നുണ്ട്. മഗിഴ് തിരുമേനിയുടെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം മുഴുവനായും ആക്ഷന് പ്രാധാന്യം നൽകികൊണ്ടുള്ളതായിരിക്കും. അനുരുദ്ധ് രവിചരനാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. നീരവ് ഷാ സിനിമാറ്റോഗ്രഫിയും ഗോപി പ്രസന്ന ഡിസൈനറുമായെത്തുന്ന ചിത്രം ലൈക്ക പ്രൊഡക്ഷൻസാണ് നിർമിക്കുന്നത്. ബിഗ് ബജറ്റിലാണ് ചിത്രമൊരുങ്ങുന്നത്.

Trisha is Ajith Kumar's heroine in 'Vidaa Muyarchi'