ഡ്യൂപ്പില്ലാതെ സ്റ്റണ്ട് രംഗങ്ങള്‍; ഞെട്ടിച്ച് അജിത്; വിടാ മുയര്‍ച്ചിയിലെ കാറപകട ദൃശ്യങ്ങള്‍ പുറത്ത്

സിനിമാപ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അജിത് ചിത്രമാണ് വിടാ മുയര്‍ച്ചി. ആക്ഷന്‍ ത്രില്ലര്‍ ചിത്രമായ വിടാ മുയര്‍ച്ചിയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് മഗിഴ് തിരുമേനിയാണ്. ചിത്രത്തിലെ അപകടകരമായ ചില സ്റ്റണ്ട് സീനുകളുടെ ചിത്രീകരണരംഗങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ‍സാഹസിക രംഗങ്ങള്‍ ഡ്യൂപ്പില്ലാതെ അഭിനയിക്കുന്ന തല അജിത്തിനെ കണ്ട് ഞെട്ടിയിരിക്കുകയാണ്  ആരാധകര്‍.ചിത്രത്തിന്‍റെ നിര്‍മാതാക്കളായ ലൈക്ക പ്രൊ‍ഡ‍ക്ഷന്‍സാണ് വി‍ഡിയോ പങ്കുവച്ചത്.

അജിത്തും നടന്‍ ആരവുമാണ് ദൃശ്യങ്ങളിലുളളത്. കാറോടിച്ചുകൊണ്ടിരിക്കുന്ന അജിത്തിനരികിലായി ആരവ് ഇരിക്കുന്നതും അമിതവേഗത്തില്‍ ഓടുന്ന കാര്‍ പൊടുന്നനെ തലകീഴായി മറിയുന്നതുമാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കാറിനകത്ത് നിന്നുളള ദൃശ്യങ്ങളും പുറത്ത് നിന്നുളള ദൃശ്യങ്ങളും ലൈക്ക പ്രൊ‍ഡ‍ക്ഷന്‍സ് പങ്കുവച്ച വി‍ഡിയോയിലുണ്ട്. സിനിമയ്ക്കായി ചിത്രീകരിച്ച ആക്ഷന്‍ സ്റ്റണ്ട് സീനില്‍ ഡ്യൂപ്പ് ഇല്ലാതെയാണ് അജിത്ത് അഭിനയിച്ചിരിക്കുന്നത്. വാഹനം തലകീഴായി മറിഞ്ഞ ഉടനെ വണ്ടിക്കരുകിലേക്ക് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ഓടിയെത്തുന്നതും ഓക്കേ ആണോ സാര്‍ എന്ന് ചോദിക്കുന്നതും വി‍ഡിയോയില്‍ കാണാം.

'ധൈര്യത്തിന് അതിരുകളില്ല, ഒരു സ്റ്റണ്ട് ഡബിൾ ഇല്ലാതെ വിഡാ മുയര്‍ച്ചി സിനിമയിൽ ധീരമായ ഒരു സ്റ്റണ്ട് സീക്വൻസ് എടുക്കുന്ന അജിത്തിന്‍റെ നിർഭയമായ അർപ്പണബോധത്തിന്‍റെ സാക്ഷ്യം' എന്ന അടിക്കുറിപ്പോടെയാണ് ലൈക്ക പ്രൊ‍ഡക്ഷന്‍സ് സമൂഹമാധ്യമത്തില്‍ വി‍ഡിയോ പങ്കുവച്ചിരിക്കുന്നത്. അസര്‍ബൈജാനില്‍ ചിത്രീകരിച്ച രംഗങ്ങളാണ് വിഡിയോയിലുളളത്. വിഡിയോ വൈറലായതോടെ അജിത്തിന്‍റെ ധൈര്യത്തിനും അഭിനയത്തോടുളള അര്‍പ്പണബോധത്തിനും കയ്യടിക്കുകയാണ് ആരാധകര്‍. എന്നിരുന്നാലും ജീവന്‍ പണയം വച്ച് ഇത്തരം രംഗങ്ങള്‍ക്ക് മുതിരരുതെന്ന ഉപദേശവും ആരാധകര്‍ രംഗത്തെത്തുന്നുണ്ട്.

വിടാ മുയര്‍ച്ചിയില്‍ തൃഷയാണ് അജിത്തിന്‍റെ നായികയായെത്തുന്നത്. സഞ്ജയ് ദത്ത്, അർജുൻ സർജ, ആരവ്, റെജീന എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍. അനിരുദ്ധാണ് ചിത്രത്തിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത്.

Ajith's Daring Action Sequence In Vidaa Muyarchi  Goes Viral