മാസപ്പടി വിവാദത്തിൽ മുഖ്യമന്ത്രി, മകൾ വീണാ വിജയൻ എന്നിവർക്കെതിരെ അന്വേഷണം  നടത്തണമെന്നാവശ്യപ്പെട്ടുള്ള മാത്യു കുഴൽ നാടന്‍റെ ഹർജിയിൽ വിധി ഇന്ന്. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് വിധി പറയുക. കേസെടുക്കാൻ കോടതി വിജിലൻസിന്  നിര്‍ദേശം നല്‍കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ഫെബ്രുവരി 29 നാണു മാത്യു കുഴൽനാടൻ എംഎൽഎ ഹർജി സമർപ്പിച്ചത്. കേസെടുക്കാൻ വിജിലൻസ് തയാറാകുന്നില്ല, കോടതി ഇടപെട്ട് കേസ് എടുപ്പിക്കണം എന്നാവശ്യപ്പെട്ടാണ് മാത്യു കുഴൽനാടൻ കോടതിയെ സമീപിച്ചത്.പിണറായി വിജയനും മകള്‍ വീണയും അടക്കം ഏഴു പേരാണ് കേസിലെ എതിർകക്ഷികൾ. തൃക്കുന്നപുഴയിലും ആറാട്ടുപുഴയിലും ധാതുമണല്‍ ഖനനത്തിനായി സിഎംആർഎൽ എം‍ഡി ശശിധരൻ കര്‍ത്ത സ്ഥലം വാങ്ങിയെങ്കിലും 2004 ലെ സംസ്ഥാന ഉത്തരവും കേന്ദ്രനിയമങ്ങളും എതിരായതിനാല്‍ ഖനനാനുമതി ലഭിച്ചില്ല. 

കേരള ഭൂവിനിമയ ചട്ട പ്രകാരം പ്രസ്തുത ഭൂമിക്ക് ഇളവ് ലഭ്യമാക്കാനുളള കര്‍ത്തയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ട സാഹചര്യത്തിലാണ് വീണ സിഎംആര്‍എല്ലുമായി കരാറിലേർപ്പെടുന്നത്.ഇതിനുശേഷം മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടു റവന്യു വകുപ്പിനോട് കര്‍ത്തയുടെ അപേക്ഷയില്‍ പുനപരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചതായി ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. സേവനങ്ങളൊന്നും നൽകാതെയാണ് സി.എം.ആർ.എല്ലിൽ നിന്നും വീണ പണം കൈപ്പറ്റിയതെന്നും ഹർജിയിൽ ആരോപിക്കുന്നു. 

Investigation against pinarayi vijayan and Veena; Judgment is today