‘റിസർച്ച് വേണം; ചെറിയ തെറ്റ് പോലും പാടില്ല’; താരങ്ങളുടെ ഇഷ്ടവസ്ത്രങ്ങൾ പറഞ്ഞ് സമീറ

sameera-interview
SHARE

മാസ് ലുക്കിൽ താരങ്ങൾ സ്ക്രീനിൽ നിറഞ്ഞാടുമ്പോൾ ആ സ്റ്റൈലുകൾക്കു പിന്നിൽ വസ്ത്രാലങ്കാരമെന്ന കലയ്ക്കു നിർണായക പങ്കുണ്ട്. കഥാപാത്രങ്ങൾക്കു കരുത്തു പകരുമ്പോൾ അതിൽ കോസ്റ്റ്യൂം ഡിസൈനറുടെ മാന്ത്രിക സൂചിയുടെ അദൃശ്യ സാന്നിധ്യമുണ്ടാകും. ഇന്ന് മലയാള സിനിമയുടെ ടൈറ്റിൽ കാർഡിൽ ഈ പേര് ഒരിക്കലും മായിക്കാനാകാത്ത വിധം തുന്നിച്ചേർത്ത പോലെ വായിക്കാം – സമീറ സനീഷ്. വസ്ത്രാലങ്കാര മേഖലയിൽ പതിനഞ്ചു വർഷം പിന്നിടുന്ന സമീറ ഇതിനോടകം ഇരുനൂറോളം സിനിമകളിൽ താരങ്ങൾക്കു വേഷമൊരുക്കി. 

വസ്ത്രാലങ്കാര മേഖലയിലേക്ക് എങ്ങനെ ?

സിനിമയില്‍ വരുന്നതിനു മുന്‍പ് പരസ്യ മേഖലയിലായിരുന്നു. ആഷിഖ് അബുവാണ് സിനിമാരംഗത്തേക്കു കൊണ്ടുവരുന്നത്. ഡാഡി കൂള്‍ ആയിരുന്നു ആദ്യ സിനിമ. ഒരെണ്ണം ചെയ്തിട്ട് പരസ്യത്തിലേക്കു തന്നെ മടങ്ങാനായിരുന്നു പ്ലാന്‍. എന്നാല്‍ ഈ രംഗത്തേക്ക് കടന്നു വരാന്‍ നിരവധി പേര്‍ കാത്തു നില്‍ക്കുന്നുണ്ടെന്നു ആഷിഖ് അബു പറഞ്ഞതോടെ സിനിമയില്‍ തുടര്‍ന്നു.

സിനിമയില്‍ വസ്ത്രാലങ്കാരത്തിനു എന്തുമാത്രം പ്രാധാന്യമുണ്ട് ?

സിനിമയില്‍ എല്ലാം പ്രധാനം തന്നെ. എല്ലാവരും മികച്ചത് പുറത്തെടുക്കുമ്പോഴാണ് ആ സിനിമ നന്നാകുന്നത്. ആദ്യം തന്നെ സംവിധായകന്‍ തിരക്കഥ വായിക്കാന്‍ തരും. ക്യാമറമാന്‍, ആര്‍ട് ഡയറക്ടര്‍, സംവിധായകന്‍ എന്നിവരുമായി കൂടിലാലോചന നടത്തുന്നതാണ് ആദ്യ ഘട്ടം. കഥാപാത്രങ്ങള്‍ക്കാണ് പ്രാധാന്യം. താരങ്ങളെ ആ കഥാപാത്രത്തിലേക്ക് മാറ്റുകയാണ് ലക്ഷ്യം. ചില തിരക്കഥയില്‍ തന്നെ സംവിധായകന്‍ ആവശ്യപ്പെടുന്ന വേഷം വിശദീകരിച്ചിട്ടുണ്ടാകും. വസ്ത്രാലങ്കാരത്തോടുള്ള നിര്‍മാതാക്കളുടെ കാഴ്ചപ്പാടും മാറി. ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്താനും അവര്‍ താല്‍പര്യം കാണിക്കാറുണ്ട്. 

ചില വേഷങ്ങള്‍ വെല്ലുവിളിയായി തോന്നാറില്ലേ 

തീര്‍ച്ചയായും. പ്രത്യേകിച്ചും കാലഘട്ടങ്ങളുടെ കഥ പറയുന്ന സിനിമകള്‍. അവിടെ ആഴത്തിലുള്ള റിസര്‍ച്ച് ആവശ്യമാണ്. ഭീഷ്മപര്‍വം, ഇയ്യോബിന്റെ പുസ്തകം, കമ്മാരസംഭവം ഇതൊക്കെ ഉദാഹരണങ്ങളാണ്. ആ കാലഘട്ടത്തെ വേഷവിധാനങ്ങള്‍ കണ്ടു പിടിക്കുന്നത് അത്ര എളുപ്പമല്ല. തെറ്റു പറ്റാതെ നോക്കണം. ചെറിയൊരു പാളിച്ച പോലും പ്രശ്നമാകാം.  ഓരോ സിനിമകളും വെല്ലുവിളിയാണ്. ആവര്‍ത്തന വിരസത വരാതിരിക്കാന്‍ ശ്രദ്ധിക്കാറുണ്ട്. 

മമ്മൂട്ടിയ്ക്കു വേണ്ടി പതിനാറോളം സിനിമകള്‍ 

കുട്ടിക്കാലം മുതല്‍ക്കേ മമ്മൂക്ക ഫാനാണ്. ആദ്യ സിനിമ തന്നെ അദ്ദേഹത്തിനായി വേഷമൊരുക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. കംഫര്‍ട്ടായിരിക്കണം എന്നു മാത്രമേ മമ്മൂക്ക ആവശ്യപ്പെടാറുള്ളൂ. ബ്രാന്‍ഡില്‍ നിര്‍ബന്ധം പിടിക്കാറില്ല. ഏതു വേഷവും ചേരും. ചാര്‍ളിയില്‍ ദുര്‍ഖറിനായി ചെയ്ത വേഷത്തെ മമ്മൂക്ക അഭിനന്ദിച്ചു. മമ്മൂക്കയെ ഡള്‍ ആക്കാനാണ് ബുദ്ധിമുട്ട്. മോഹന്‍ലാലിനു വേണ്ടി രണ്ടു സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ. പ്രണയവും സ്പിരിറ്റും. കഥാപാത്രത്തിനായി എന്തു വിട്ടുവീഴ്ചയും ചെയ്യുന്നവരാണ് ദുല്‍ഖറും ഫഹദും. വിക്രമാദിത്യനില്‍ ദുല്‍ഖറിനായി ഞാന്‍ ഒരു ബ്രാന്‍ഡഡ് ഷൂസാണ് കൊടുത്തത്. എന്നാല്‍ ഒരു സാധാരണക്കാരന്‍ ഉപയോഗിക്കുന്ന ഷൂ മതിയെന്നു ദുല്‍ഖര്‍ ഇങ്ങോട്ടു പറയുകയായിരുന്നു. കുഞ്ചാക്കോ ബോബനു ഏതു വേഷവും ചേരും. നിവിന്‍ പോളിയ്ക്കു ഡാര്‍ക് നിറമാണ് ചേരുക. 

ബസൂക്കയിലെ മമ്മൂട്ടിയുടെ വേഷം

സ്റ്റൈലിഷ് ലുക്കില്‍ തന്നെയായിരിക്കും. ആരാധകര്‍ക്കു ഇഷ്ടപ്പെടുമെന്നുറപ്പ്. 

MORE IN ENTERTAINMENT
SHOW MORE