രാജ്യാന്തര നിലവാരത്തിൽ മലയാളത്തിൽ സൂപ്പർ ത്രില്ലർ 'വടക്കൻ' വരുന്നു

vadakkan
SHARE

 രാജ്യാന്തര നിലവാരത്തിൽ മലയാളത്തിൽ നിർമിക്കുന്ന  സൂപർനാച്ചുറൽ ത്രില്ലർ സിനിമ വടക്കൻ അണിയറയിൽ പുരോഗമിക്കുന്നു. കിഷോറും ശ്രുതി മേനോനും മുഖ്യവേഷങ്ങളിലെത്തുന്ന സിനിമ ദ്രാവിഡപുരാണങ്ങളും പഴങ്കഥകളും അടിസ്ഥാനമാക്കിയാണ് ഒരുക്കുന്നത്. അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യയും ഗ്രാഫിക്‌സും ശബ്ദ-ചിത്ര വിന്യാസങ്ങളുമെല്ലാമായിട്ടായിരിക്കും ചിത്രം തിയറ്ററുകളിലെത്തുക.

കേരളീയ പശ്ചാത്തലത്തിലാണെങ്കിലും ഹോളിവുഡിനെ വെല്ലുന്ന സാങ്കേതികനിറവാണ് നിർമാതാക്കളായ ഓഫ്ബീറ്റ് സ്റ്റുഡിയോസ് ഉദ്ദേശിക്കുന്നത്. മലയാളികൾക്കും ഇതരഭാഷ സിനിമ ആസ്വാദകർക്കും വിദേശികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമായിരിക്കും വടക്കൻ. ജയ്‌ദീപ് സിംഗ്, ഭവ്യ നിധി ശർമ, നുസ്രത് ദുറാനി എന്നിവരാണ് ചിത്രം നിർമിക്കുന്നത്. എ.സജീദ് ആണ് സംവിധായകൻ. ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ നിർവഹിക്കുന്നത്. ജാപ്പനീസ് ഛായാഗ്രഹക കെയ്കോ നകഹാരയാണ് വടക്കന്റെ ദൃശ്യങ്ങൾ പകർത്തുന്നത്. ആർ.ഉണ്ണിയുടേതാണ് തിരക്കഥയും സംഭാഷണങ്ങളും. ബിജിപാൽ സംഗീതം നൽകുന്നു.

ആഗോളതലത്തിൽ ശ്രദ്ധേയയായ പാക് ഗായിക സെബ് ബംഗാഷ് ചിത്രത്തിൽ ഒരു ഗാനം ആലപിക്കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഏറ്റവും മികച്ച ഗ്രാഫിക്സ് ടീമുകളും ചിത്രത്തിന് പിന്നിലുണ്ട്. മലയാളത്തിൽ നിർമിക്കുന്ന ചിത്രം, നിലവിൽ കന്നടയിലും ഡബ് ചെയ്തിട്ടുണ്ട്. മറ്റ് പ്രാദേശിക ഭാഷകളിലും ചിത്രം പുറത്തിറക്കാൻ പദ്ധതിയുണ്ട്.

MORE IN ENTERTAINMENT
SHOW MORE