ദലിത് കസ്റ്റഡി കൊലപാതകങ്ങളുടെ കൂടി കഥ; ജാക്‌‌സണ്‍ ബസാര്‍ പറയുന്നത്

jackson-bazar
SHARE

ഉത്സവാരവങ്ങളുടെ പശ്ചാത്തലത്തിൽ എത്തിയ ജാക്‌സണ്‍ ബസാര്‍ യൂത്ത് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നു.നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്ത ചിത്രം ക്രൂരമായ ലോക്കപ്പ് മര്‍ദനങ്ങളുടെ ചിത്രം കൂടി വരച്ചു കാട്ടുന്നതാണ്. കേരളത്തില്‍ ഇന്നും നിലനില്‍ക്കുന്ന പല അനീതികളേയും ഓര്‍മിപ്പിക്കുന്നതാണ് ചിത്രത്തിലെ രംഗങ്ങൾ. അതിന് ഇന്നും അറുതിയില്ലെന്ന് ഓര്‍മിപ്പിക്കുകയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത്. അറസ്റ്റ് പോലും രേഖപ്പെടുത്താതെ കസ്റ്റഡിയില്‍ പിടിച്ചുവെക്കുന്നതും കാരണമില്ലാതെ അറസ്റ്റ് ചെയ്യുന്നതും ക്രൂരമായ കസ്റ്റഡി പീഡനങ്ങളും ചിത്രത്തില്‍ കാണിക്കുന്നു. അതും പച്ചയായി തന്നെ. ഈ രംഗങ്ങളില്‍ അതിശയോക്തി തോന്നുന്നുണ്ടെങ്കില്‍ ഒന്ന് അറിയുക, അതിലും വലിയ ക്രൂരതയാണ് യഥാര്‍ത്ഥത്തില്‍ നടന്നിട്ടുള്ളത്. കസ്റ്റഡി പീഡനങ്ങളുടെയും കൊലപാതകങ്ങളുടെയും രക്തം പുരണ്ട ചരിത്രം കേരള പൊലീസിനുണ്ട്.

2005ലാണ് വാരാപ്പുഴയിലെ ശ്രീജിത്തിനെ ആളുമാറിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ചെയ്യാത്ത തെറ്റിനാണ് നിരപരാധിയായ ശ്രീജിത്ത് ക്രൂരമായ ലോക്കപ്പ് മർദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 2005ല്‍ തന്നെയാണ് തിരുവനന്തപുരം ഫോര്‍ട്ട് സ്‌റ്റേഷനില്‍ മോഷണ കുറ്റം ആരോപിച്ച് പിടിച്ച ഉദയകുമാറിനെ ഉരുട്ടി കൊലപ്പെടുത്തുന്നത്.

ഇതേ വര്‍ഷമാണ് രാജേന്ദ്രന്‍ കൊല്ലം ഈസ്റ്റ് വളപ്പിലെ പൊലീസ് മ്യൂസിയത്തില്‍ ചോദ്യം ചെയ്യലിനിടെ മര്‍ദനമേറ്റു മരിച്ചത്. മോഷ്ടാവെന്ന് ആരോപിച്ചായിരുന്നു പൊലീസ് രാജേന്ദ്രനെ കസ്റ്റഡിലെടുത്തത്. മദ്യപിച്ച് ബഹളം വെച്ചതിനാണ് കോട്ടയം മണര്‍കാട് പൊലീസ് നവാസിനെ കസ്റ്റഡിയിലെടുത്തത്. പിന്നീട് കേള്‍ക്കുന്നത് അയാള്‍ ലോക്കപ്പില്‍ മരിച്ചെന്നായിരുന്നു.

പണം തട്ടിപ്പ് കേസില്‍ പീരുമേട് ജയിലില്‍ റിമാന്‍ഡിലായിരുന്ന ഇടുക്കി കോലാഹലമേട് സ്വദേശി രാജ്കുമാര്‍ ജൂണ്‍ 21നാണ് മരിച്ചത്. രാജ്കുമാറിന് മര്‍ദനമേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ സ്ഥിരീകരിച്ചിരുന്നു. അടിയന്തരാവസ്ഥ കാലത്ത് കൊല ചെയ്യപ്പെട്ട രാജന്‍ മുതല്‍ എണ്ണിയാല്‍ ചേര്‍ത്തല സ്വദേശി ഗോപി, പാലക്കാട് സ്വദേശി സമ്പത്ത്, നെയ്യാറ്റിന്‍കരയിലെ ശ്രീജീവ്, വണ്ടൂര്‍ പൊലീസ് സ്റ്റേഷനില്‍ മരിച്ച അബ്ദുള്‍ ലത്തീഫ്, തലശ്ശേരി പൊലീസ് സ്റ്റേഷനില്‍ കൊല ചെയ്യപ്പെട്ട കാളിമുത്തു എന്നിങ്ങനെ ലിസ്റ്റ് നീളും. ഇടിച്ചും തൊഴിച്ചും ശ്വാസം മുട്ടിച്ചും ഉരുട്ടിയും കൊല്ലപ്പെട്ടവരില്‍ ഏറിയ പങ്കും ദളിതരോ സ്വാധീനമില്ലാത്ത സാധാരണക്കാരോ ആണ്. കാരണം അവര്‍ക്ക് സ്വാധീനമില്ല, ചോദിക്കാനും പറയാനും ആരും വരില്ല. സാമ്പത്തികമായും സാമൂഹികമായും ഇന്നും പ്രിവിലേജുകളില്ലാത്ത ജനത. ആ വിവേചനത്തിന് മുന്നില്‍ ഒരു മനുഷ്യ ജീവന്‍ പോലും ഒന്നുമല്ലാതാവുന്ന ക്രൂരതയെയാണ് ജാക്‌സണ്‍ ബസാര്‍ യൂത്ത് ഓര്‍മിപ്പിക്കുന്നത്. ഒരുപക്ഷേ ആ ക്രൂരതകളോടുള്ള രോഷവും ഫ്രസ്‌ട്രേഷനുമൊക്കെ തന്നെയാണ് ക്ലൈമാക്‌സിലെ വയലന്‍സിലൂടെ തിരക്കഥാകൃത്ത് തീര്‍ക്കുന്നത്.

ലുക്മാൻ അവറാൻ, ജാഫർ ഇടുക്കി, ഇന്ദ്രൻസ്, ചിന്നു ചാന്ദിനി, ഫാഹിം സഫർ, അഭിരാം രാധാകൃഷ്ണൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൻറെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് ഉസ്മാൻ മാരാത്ത് ആണ്. ക്രോസ് ബോർഡർ ക്യാമറയുടെ ബാനറിൽ സക്കരിയ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം കണ്ണൻ പട്ടേരി നിർവഹിക്കുന്നു. അപ്പു എൻ ഭട്ടത്തിരി, ഷൈജാസ് കെ.എം എന്നിവർ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്‍റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത് ഗോവിന്ദ് വസന്തയാണ്.സഹനിർമാണം ഷാഫി വലിയപറമ്പ, ഡോ. സൽമാൻ (ക്യാം എറ), ലൈൻ പ്രൊഡ്യൂസർ ഹാരിസ് ദേശം (ഇമോജിൻ സിനിമാസ്), എക്സിക്ര്യൂട്ടീവ് പ്രൊഡ്യൂസഴ്സ് അമീൻ അഫ്സൽ, ശംസുദ്ധീൻ എംടി, വരികൾ സുഹൈൽ കോയ, ഷറഫു, ടിറ്റോ പി. തങ്കച്ചൻ, പ്രൊഡക്ഷൻ ഡിസൈനർ അനീസ് നാടോടി, സ്റ്റിൽസ് രോഹിത്ത് കെഎസ്, മേക്കപ്പ് ഹക്കീം കബീർ, ടൈറ്റിൽ ഡിസൈൻ പോപ്‌കോൺ, പരസ്യകല യെല്ലോ ടൂത്ത്, സ്റ്റണ്ട് ഫീനിക്സ് പ്രഭു, മാഫിയ ശശി, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഷിന്റോ വടക്കാങ്ങര, സഞ്ജു അമ്പാടി, വിതരണം സെൻട്രൽ പിക്ചേഴ്സ് റിലീസ്, പിആർഒ ആതിര ദിൽജിത്, എ.എസ്‌. ദിനേശ്.

MORE IN ENTERTAINMENT
SHOW MORE