
ഹെല്‍മറ്റ് വയ്ക്കാതെ ബൈക്കോടിച്ചതിന് ബോളിവുഡ് താരം അനുഷ്ക ശര്‍മയുടെ ബോഡി ഗാര്‍ഡിന് പിഴയിട്ടതായി റിപ്പോര്‍ട്ട്. മുംബൈയിലൂടെ ബൈക്കിന് പിന്നിലിരുന്നുള്ള അനുഷ്ക ശര്‍മയുടെ യാത്ര കഴിഞ്ഞ ദിവസം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. പിന്നാലെയാണ് ഹെല്‍മറ്റ് ധരിക്കാതെ ബൈക്ക് ഓടിച്ചതിന് അനുഷ്കയുടെ ബോഡി ഗാര്‍ഡിന് പിഴയിട്ടത്.
ഗതാഗത തടസം ഉണ്ടായതോടെയാണ് ബൈക്കില്‍ യാത്ര ചെയ്യാന്‍ അനുഷ്ക തീരുമാനിച്ചത്. ഹെല്‍മറ്റ് ധരിക്കാത്തതിന്റെ പേരില്‍ ബോഡിഗാര്‍ഡിന് മുംബൈ ട്രാഫിക് പൊലീസ് 10,500 രൂപ പിഴയിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. പിഴ തുക അടച്ചതായും ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അനുഷ്ക ശര്‍മയെ കൂടാതെ അമിതാഭ് ബച്ചനും ഹെല്‍മറ്റ് ധരിക്കാതെ ബൈക്കില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ താന്‍ നിയമം ലംഘിച്ചിട്ടില്ലെന്ന് ബിഗ് ബി വ്യക്തമാക്കി. ഷൂട്ടിങ്ങിന്റെ ഭാഗമായിരുന്നു യാത്രയെന്നും നേരത്തെ അനുവാദം വാങ്ങിയിരുന്നതായുമാണ് അമിതാഭ് ബച്ചന്‍ വ്യക്തമാക്കിയത്.