'2018 എടുത്ത് മാറ്റാനല്ല, ഞങ്ങളുടെ സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരണം'; അനീഷ് ഉപാസന

Anish upasana post 1705
SHARE

ജൂഡ് ആന്തണി സംവിധാനം ചെയ്ത ചിത്രം 2018 തിയറ്ററുകള്‍ നിറഞ്ഞ് പ്രദര്‍ശനം തുടരുമ്പോള്‍ ചെറിയ ചിത്രങ്ങള്‍ക്കും പ്രദര്‍ശിപ്പിക്കാന്‍ ഒരിടം നല്‍കണം എന്ന് അപേക്ഷിച്ചുകൊണ്ട് ജാനകി ജാനേ സംവിധായകന്‍ അനീഷ് ഉപാസനയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. അന്റോജോസെഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തിയറ്റർ ഉടമകൾക്കുമായി ഒരു തുറന്ന കത്ത് എന്നെഴുതിക്കൊണ്ടാണ് തന്‍റെ ഫെയ്സ്ബുക്ക് പേജില്‍ അനീഷ് പോസ്റ്റ് പങ്കിട്ടത്. 

അനീഷ് ഉപാസന സംവിധാനം ചെയ്ത ജാനകി ജാനേ, സുധി മാഡിസൺ സംവിധാനം ചെയ്ത നെയ്മർ, ഷഹദ് സംവിധാനം ചെയ്ത അനുരാഗം എന്നീ സിനിമകളുടെ റിലീസ് കൂടി ചൂണ്ടിക്കാട്ടിയാണ് പോസ്റ്റ്. 2018 ന്‍റെ റിലീസോടെ ചിത്രത്തിന് തിയറ്റര്‍ ഉടമകള്‍ നല്‍കുന്ന പ്രാധാന്യം മൂലം ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിലും മാറ്റുകയും പ്രവൃത്തി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോകള്‍ തരികയും ചെയ്യുകയാണെന്ന് അനീഷ് ഉപാസന പറയുന്നു. തിയറ്ററുകാരുടെ ഈ രീതികള്‍ വളരെ വിഷമം ഉണ്ടാക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്. തിയറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ് എന്ന് ശരിവയ്ക്കുന്ന അനീഷ് 'ഉച്ചയ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30 ന് ആയാലും നട്ടപാതിരാ 12 മണിക്കായാലും 2018 ഓടും, പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബചിത്രങ്ങൾ തിയറ്ററിൽ നിറയണമെങ്കിൽ ഫസ്റ്റ് ഷോയും സെക്കന്‍ഡ് ഷോയും വേണം, ദയവ് ചെയ്ത് സഹകരിക്കണം എന്നാണ് പോസ്റ്റില്‍ പറയുന്നത്.

'2018 സിനിമ എടുത്ത് മാറ്റാനല്ല പക്ഷേ ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരണം, പല വാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന്  കത്തെഴുതുന്നത്' എന്നും അനീഷ് ഉപാസന പറയുന്നു. പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്, ഇത് മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ് എന്നും പോസ്റ്റിലുണ്ട്. ജാനകി ജാനേയും സിനിമ തന്നെയാണ്, 2018 ഉം സിനിമയാണ്, എല്ലാം ഒന്നാണ്, മലയാള സിനിമ, മലയാളികളുടെ സിനിമ..! എന്നെഴുതിയാണ് പോസ്റ്റ് അവസാനിക്കുന്നത്. പോസ്റ്റിനു താഴെ സമ്മിശ്ര അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്.

'Give us a place to screen our film'; Anish Upasana

MORE IN ENTERTAINMENT
SHOW MORE