പെരുമ്പാമ്പിന്‍റെ മുട്ട എടുക്കാന്‍ പോകുന്ന മൃഗശാല ഉടമയുടെ ദൃശ്യങ്ങള്‍ ഏറ്റെടുത്ത് ഇന്‍റര്‍നെറ്റ്. ആകാംഷയും ഭീതിയും ഉണ്ടാക്കുന്ന ദൃശ്യങ്ങള്‍ മൃഗശാല ഉടമയായ ജെയ് ബ്രൂവറാണ് പങ്കുവെച്ചിരിക്കുന്നത്. ഉരഗങ്ങളാണ് ബ്രൂവറുടെ സൂവില്‍ പ്രധാനമായുമുള്ളത്. ഇതിനുമുന്‍പും തന്റെ സൂവിലെ വിഷമുള്ളതും ഇല്ലാത്തതുമായ അന്തേവാസികളുടെ കഥകളും കളികളും പല തവണ ജെയ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. എന്നാല്‍ കാണുന്നവരുടെ ഉള്ള് പിടക്കുന്ന തരത്തിലുള്ള ഇതുപോലൊന്ന് ആദ്യമാണന്ന് ആളുകള്‍ പറയുന്നു
മുട്ടവിരിയിക്കാന്‍ വിദഗ്ധരുടെ സഹായമേര്‍പ്പെടുത്താനാണ് പെരുമ്പാമ്പിന്റെ മുട്ട എടുക്കുന്നതിന് ബ്രൂവര്‍ എത്തിയത്. വളരെ സൂക്ഷിച്ചാണ് അദ്ദേഹം മുട്ടകള്‍ എടുക്കാന്‍ നോക്കുന്നതെന്നും വിഡിയോയില്‍ കാണാം. എന്നാലും പെരുമ്പാമ്പിന് ഏത് ബ്രൂവര്‍, എന്ത് വിദഗ്ധര്‍! ഉടനടി പാമ്പ് അദ്ദേഹത്തിന് നേരെ ചീറ്റിക്കൊണ്ട് ചെല്ലുന്നതും ആക്രമിക്കാനൊരുങ്ങന്നതുമാണ് ദൃശ്യത്തില്‍. തലനാരിഴക്കാണ് പാമ്പിന്‍റെ കയ്യില്‍ നിന്നും ജെയ് രക്ഷപെടുന്നത്. ഇത് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോലിയാണന്ന പേരിലാണ് അദ്ദേഹം വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരിക്കുന്നത്.
'നിങ്ങള്‍ക്ക് ഭ്രാന്താണോ ധൈര്യം കോണ്ടാണോ എന്നറിയില്ല, സുരക്ഷിതമായിരിക്കൂ..' എന്നുള്‍പ്പെടെ കാണികളുടെ ഭയവും വിമര്‍ശനങ്ങളും കമന്‍റ് ബോക്സില്‍ നിറഞ്ഞു. പാമ്പ് ഉപദ്രവിക്കാനായിരിക്കില്ല, സ്വയ രക്ഷാര്‍ഥം ഭയപ്പെടുത്തിയതാകുമെന്നും കമന്‍റുകള്‍ നീണ്ടു.