
‘രജനി അങ്കിള്‍ എങ്കെ ഇറുക്കുങ്കേ... എന്നെ ചേര്‍ത്തുപിടിച്ച് ഒരു ഉമ്മ തരാമോ...’ സ്റ്റൈലോടെ, ചിരിയോടെ, അന്‍പോടെ ഒരു നാല്‍പതുവര്‍ഷങ്ങള്‍ക്ക് മുന്‍പെന്ന പോലെ നൈനികയെ രജനി സാര്‍ നെഞ്ചോട് ചേര്‍ത്തുവച്ച് അവളുടെ കവിളില്‍ ഉമ്മ നല്‍കി. തെന്നിന്ത്യയുടെ ഹൃദയം കവരുകയാണ് ഈ ദൃശ്യം. സിനിമാ ജീവിതത്തിന്റെ 25ും 30ും 50ും 60ും ആഘോഷിക്കുന്ന താരരാജാക്കന്‍മാര്‍ക്ക് ഇടയില്‍ തമിഴകത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് ഒരു ആഘോഷം നടന്നു. ഒരുപക്ഷേ ചരിത്രത്തിലേക്ക് എഴുതിവയ്ക്കേണ്ട ഒരു ആഘോഷം. മീന 40. തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാറുകളുടെ എല്ലാം നായികയായി അഭിനയിച്ച് ഇന്നും നായികയായി തന്നെ തുടരുന്ന, ഏതുവേഷവും അതിമനോഹരമായി ചെയ്തുവയ്ക്കുന്ന മീനയുടെ സിനിമാജീവിതത്തിന് 40 വയസ്സ്. അവര്‍ ജീവിതത്തില്‍ വലിയൊരു നോവിന്റെ കാലം നേരിടുമ്പോള്‍ ഒപ്പം നിന്നവരും ഒരുമിച്ച് നടന്നവരും ഓരംചേരാതെ ഒരുപോലെയെത്തി ആ ആഘോഷരാവില്‍ പങ്കെടുക്കാന്‍. അമരത്ത് സാക്ഷാല്‍ രജനികാന്ത്. നാലുപതിറ്റാണ്ട് പിന്നിടുമ്പോഴും മീനയുടെ കണ്ണുകളോടുള്ള ആരാധകരുടെ പ്രണയം കൂടിയിട്ടേയുള്ളൂ. ബാലതാരമായി, നായികയായി, സഹനടിയായി, അമ്മവേഷങ്ങളില്‍.. അങ്ങനെ തൊട്ടതെല്ലാം െപാന്നാക്കിയ തെന്നിന്ത്യയുടെ ഒരേയൊരു മീന ദുരൈരാജ്.
ഒരുനാല്‍പ്പതുവര്‍ഷങ്ങള്‍ക്ക് മുന്‍പ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ മകളായി അഭിനയിച്ച ഒരു ചബ്ബി ബേബി. അവള്‍ വളര്‍ന്ന് മുത്തു എന്ന സിനിമയില്‍ അതേ രജനിയുടെ നായികയായി. ഇങ്ങ് മലയാളത്തിലേക്ക് വന്നാല്‍ മമ്മൂട്ടിയുടെ മകളായും നായികയായും ഒടുവില്‍ അമ്മയായും വേഷമിട്ടു. പൃഥ്വിരാജിന്റെ അമ്മയായി അഭിനയിക്കാന്‍ വിളിച്ചപ്പോഴും മീന ഓക്കെ പറഞ്ഞു. മോഹന്‍ലാലിനൊപ്പം വന്നപ്പോഴെല്ലാം ഹിറ്റുകള്‍ മാത്രം. രജനി, കമല്‍, മമ്മൂട്ടി, മോഹന്‍ലാല്‍, ജയറാം, സുരേഷ്ഗോപി, ചിരഞ്ജീവി, നാഗാര്‍ജുന, വിജയ്, അജിത്ത്... അങ്ങനെ എല്ലാ തെന്നിന്ത്യന്‍ സൂപ്പര്‍ താരങ്ങള്‍ക്കൊപ്പവും ഭാഗ്യജോഡിയായി മീന നിറഞ്ഞ നാലുപതിറ്റാണ്ട്. അതൊന്ന് ആഘോഷിക്കാന്‍ തീരുമാനിച്ചപ്പോള്‍ ആ കാഴ്ച ഏറെ ഹൃദ്യമായി. മകളായും നായികയായും മാറിയ മീനയുടെ ഈ സന്തോഷത്തില്‍ പങ്കുചേരാന്‍ തിരക്കിന് ഇടയിലും രജനികാന്ത് ഓടിയെത്തി. ഭര്‍ത്താവിന്റെ മരണം അവരെ വല്ലാതെ ഉലച്ചപ്പോള്‍ മകളെ ചേര്‍ത്തുപിടിക്കുന്ന അച്ഛന്റെ സ്നേഹം സൂപ്പര്‍സ്റ്റാര്‍ അവര്‍ക്ക് പകര്‍ന്നു. തെന്നിന്ത്യയ്ക്ക് ആരാണ് മീന എന്ന ചോദിച്ചാല്‍ നാലുപതിറ്റാണ്ട് പിന്നിട്ടിട്ടും നായിക എന്ന ഒറ്റവരിയിലേക്ക് ചുരുക്കാം. അതില്‍ എല്ലാമുണ്ട്. കഴിഞ്ഞ പതിറ്റാണ്ടുകളില്‍ തമിഴില്‍ മലയാളത്തില്‍ കന്നഡത്തില്‍ തെലുങ്കില്‍ തിയറ്റര്‍ നിറച്ച പത്തുചിത്രങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ മീന നായികയായ സിനിമകള്‍ ഉറപ്പായും ഉണ്ടാകും. രജനിക്കൊപ്പം എത്തിയ മുത്തു അങ്ങ് ജപ്പാനില്‍ ഉണ്ടാക്കിയ ഓളം ഇന്നും അടങ്ങിയിട്ടില്ല. എത്രമനോഹരമായ കണ്ണുകളാണ് മീനയുടേതെന്ന് ഇവിടുത്തെ പോലെ അവിടവും വാഴ്ത്തും.
1982ല്‍ നാലാം വയസ്സില്‍ നടികര്‍ തിലകം ശിവാജി ഗണേശന്‍ നെഞ്ചങ്ങള്‍ എന്ന സിനിമയിലേക്ക് ഒരു കുറുമ്പുകാരി കുട്ടിയെ കൈപിടിച്ചു. രണ്ടാം ചിത്രത്തില്‍ രജനിയുടെ മകളായി വേഷമിട്ടു. പിന്നെ 45–ഓളം ചിത്രങ്ങളില്‍ ബാലതാരമായി അവള്‍ തിളങ്ങിയ വര്‍ഷങ്ങള്‍ ഭാഷകള്‍. 1990ല്‍ നവയുഗം എന്ന തെലുങ്ക് സിനിമയിലൂടെ നായികയായി മീനായുഗത്തിന് തുടക്കം. 91ല്‍ സുരേഷ്ഗോപിയുടെ നായികയായി സ്വാന്ത്വനം എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം. വര്‍ണപ്പകിട്ട്, കുസൃതിക്കുറുപ്പ്, ഒളിമ്പ്യന്‍ ആന്തോണി ആദം, ഫ്രണ്ട്സ്, ഡ്രീംസ്, രാക്ഷസരാജാവ്, മിസ്റ്റര്‍ ബ്രഹ്മചാരി, നാട്ടുരാജാവ്, ഉദയനാണ് താരം, ചന്ദ്രോല്‍സവം, കഥ പറയുമ്പോള്‍, ദൃശ്യം, മുന്തിരി വളളികള്‍ തളിര്‍ക്കുമ്പോള്‍, ഷൈലോക്ക്, ബ്രോ ഡാഡി.. അങ്ങനെ ഈ പറഞ്ഞ മെഗാഹിറ്റുകളില്‍ മലയാളിയെ അമ്പരപ്പിച്ച നടി. മുത്തു, അവ്വൈ ഷണ്‍മുഖി, ഭാരതി കണ്ണമ്മ അങ്ങനെ എണ്ണം പറഞ്ഞ തമിഴ് ചിത്രങ്ങളില്‍ മീന പകരക്കാരി ഇല്ലാതെ തിളങ്ങി. ഭരതനാട്യ നര്‍ത്തകി, ഗായിക, ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, സീരിയല്‍ താരം അങ്ങനെ കലയുടെ വിവിധ തലങ്ങളില്‍ ഈ നാലുപതിറ്റാണ്ടില്‍ മീനയെ നമ്മള്‍ കണ്ടിരുന്നു.
അമ്മ മലയാളിയാണ്. കണ്ണൂര്‍ സ്വദേശി. അച്ഛന്‍ തമിഴനാണ്. രാഷ്ട്രീയത്തില്‍ അമ്മ ശോഭയോടെ നിന്നിരുന്ന കാലത്താണ് മീനയുടെ ജനനം. അവള്‍ കലയുടെ ലോകത്ത് നിറയാന്‍ തുടങ്ങിയപ്പോള്‍ അമ്മ രാഷ്ട്രീയം ഉപേക്ഷിച്ച് മകളുടെ നിഴലായി മാറി. മകള്‍ നൈനിക ജനിച്ചപ്പോള്‍ മീനയും വീട്ടിലേക്ക് ഒതുങ്ങി. മകളുടെ കാര്യങ്ങളായിരുന്നു അവര്‍ക്കെല്ലാം. വിജയ്ചി ത്രം തെരിയിലൂടെ മകളും സിനിമയിലേക്ക് അതിഗംഭീര അരങ്ങേറ്റം കുറിച്ചപ്പോള്‍ ക്യാമറയ്ക്ക് പിന്നില്‍ അവള്‍ക്കൊപ്പം മീനയുടെ അമ്മ മനസ്സും നിന്നു. ചരിത്രത്തിന്റെ തനിയാവര്‍ത്തനം എന്ന പോലെ..മീനയുടെ ശബ്ദത്തിന് ഒരു നിഷ്കളങ്കതയുണ്ട്. ജാഡക്കാരിയെന്ന് പലകുറി പലരും അടക്കം പറഞ്ഞിട്ടും സിനിമാ ഗോസിപ്പുകളില്‍ തന്റെ പേര് പലതവണ കേട്ടിട്ടും മീന പൊട്ടിത്തെറിച്ചില്ല. അവര്‍ അവരുടെ ജോലി ഗംഭീരമായി ചെയ്തു മുന്നോട്ടുപോയി. ആരോടും വഴക്കില്ല. പരിഭവമില്ല. നല്ല വേഷങ്ങളിലേക്ക് വിളിച്ചാല്‍ ഒരു മടിയും കൂടാതെ വന്ന്ഗം ഭീരമാക്കി പോകുന്ന പതിവ് മീന ഇപ്പോഴും തുടരുന്നു. വലിയ കാര്യങ്ങളിലല്ല. ചെറിയ നേട്ടങ്ങളിലും ചെറിയ സന്തോഷങ്ങളിലും കൗതുകങ്ങളിലും ബാല്യം വിട്ടുമാറാത്ത കുറുമ്പ്
അവര്‍ കണ്ണില്‍ നിറച്ച എത്രയെത്ര വേഷങ്ങള്‍. ചെറുപ്പത്തില്‍ ഇന്ദിരാ ഗാന്ധിയെ നേരിട്ടു കണ്ട അനുഭവം ഒരിക്കല്‍ മനോരമ ന്യൂസ് നേരേ െചാവ്വേയില്‍ മീന പറഞ്ഞതിലുണ്ട് ജീവിതത്തിലെ ആ കുട്ടിത്തം. ഇന്ദിരാ ഗാന്ധിയെ കണ്‍മുന്നില്‍ കാണുകയാണ്. കാല്‍െതാട്ട് അനുഗ്രഹം വാങ്ങി. ഇന്ദിരയുടെ വലിപ്പമോ യശസ്സോ ഒന്നുമല്ലായിരുന്നു അവള്‍ക്ക്ഇ ഷ്ടമായത്. ഇന്ദിരയുടെ കാലുകളായിരുന്നു അവള്‍ക്ക് ഇഷ്ടമായത്. കാല്‍െതാട്ടപ്പോള്‍ എത്ര സോഫ്റ്റായ കാലുകളാണ് ഇന്ദിരയുടേത്. ഇത്രമനോഹരവും മൃദുലവുമായ കാലുകള്‍ഇതിന് മുന്‍പ് ഞാന്‍ കണ്ടിട്ടേയില്ല.. ഇതായിരുന്നു കുട്ടികാലത്തെല്ലാം ഇന്ദിരാ ഗാന്ധിയെ കണ്ടതിനെ കുറിച്ച് ചോദിക്കുമ്പോള്‍ പറഞ്ഞുനടന്നത്.
ഈ കുട്ടിത്തം ഇന്നും മീനയിലുണ്ട്. അവര്‍ ചെയ്തുവച്ച വേഷങ്ങളിലുണ്ട്. അവരുടെ ജീവിതത്തിലുണ്ട്. 2009ല്‍ വിദ്യാസാഗര്‍ മീനയുടെ ജീവിതത്തിലേക്ക് വന്നതുമുതല്‍ അവരുടെ കുടുംബവും മകളും വിശേഷങ്ങളുംഎല്ലാവര്‍ക്കും പ്രിയപ്പെട്ടതായി മാറി. കോവിഡിന് പിന്നാലെ ശ്വാസകോശ രോഗങ്ങൾ ഗുരുതരമായി പെട്ടെന്ന് തന്നെ വിദ്യാസാഗറിനെ മരണം െകാണ്ടുപോയപ്പോള്‍ നിറഞ്ഞ മീനയുടെകണ്ണുകള്‍ തെന്നിന്ത്യയുടെ ഉള്ളുലച്ചിരുന്നു. പിന്നെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ആ ചിരി സന്തോഷങ്ങള്‍ തിരിച്ചുെകാണ്ടുവന്നു. അവരുടെ അതിജീവനത്തിന്റെ കൂടി സാക്ഷ്യമാകുകയാണ്ഇപ്പോള്‍ ഈ മീന 40ഉം.
തവളക്കണ്ണി എന്ന് ഇരട്ടപ്പേര് ആരു വിളിച്ചാലും കൊഞ്ഞനം കുത്തി അറിയാവുന്ന തെറിവിളിക്കുന്നവള്‍, ആദ്യമായി മുഴുപ്പാവാട ഉടുത്തപ്പോള്‍ ഓടിക്കിതച്ച് എന്റെ മുന്നില്‍ വന്നുനിന്ന്എനിക്ക് ചേര്‍ച്ചയുണ്ടോ എന്ന് ചോദിച്ചവള്‍, ഞാന്‍ പരീക്ഷകളില്‍ ജയിക്കുമ്പോള്‍ കാണുന്ന കല്ലു വിളക്കിലെല്ലാം തിരി തെളിയിച്ചവള്‍, ആ അവളാണ് മറ്റൊരുത്തന്റെ നിഴലായിപോകുന്നത്. ഇങ്ങനെ ചിറക്കല്‍ ശ്രീഹരി അവന്റെ പെണ്ണിനെ പറ്റി പറയുന്നത് മലയാളി അത്ര ഇഷ്ടത്തോടെ ഹൃദയത്തോട് ചേര്‍ത്തുവച്ചിട്ടുണ്ട്. ഒരാളെ പോലെ ഏഴുപേരുണ്ട് എന്ന്പറയുന്നത് വെറുതെയാണ്. ഒരാളെ പോലെ ഒരാള്‍ മാത്രമേ ഉള്ളൂ. അത് തന്നെയാണ് മീന എന്ന നടിയുടെ മേല്‍വിലാസവും. മീനയെ പോലെ മീന മാത്രമേയുള്ളൂ. തമിഴനും മലയാളിക്കും കന്നഡികനും തെലുങ്കര്‍ക്കുമെല്ലാം സ്വന്തമായ ഒരേയൊരു മീന. അക്ഷരാര്‍ത്ഥത്തില്‍ വിളിക്കാം ഇവരെ. ദ റിയല്‍ ലേഡി സൂപ്പര്‍ സ്റ്റാര്‍..!.