പുഴ മുതൽ പുഴ വരെ കന്നഡയിലും ഹിന്ദിയിലും മൊഴിമാറ്റും, വമ്പൻ വിജയം: രാമസിംഹൻ

‘1921: പുഴ മുതൽ പുഴ വരെ’ എന്ന സിനിമയ്ക്കു മികച്ച പ്രതികരണമാണ് കേരളത്തിൽ നിന്നും ലഭിക്കുന്നതെന്ന് സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍. സിനിമയ്ക്കു ലഭിച്ച മികച്ച റിപ്പോർട്ടുകൾ കാരണം അന്യ ഭാഷകളിലേക്കും ചിത്രം റീമേക്ക് ചെയ്യുന്നുണ്ടെന്നും കര്‍ണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങള്‍ക്കൊപ്പം അമേരിക്കയിലും ചിത്രം റിലീസ് ചെയ്യുന്നുണ്ടെന്നും രാമസിംഹൻ പറയുന്നു.

‘‘ശങ്കരാഭരണത്തിന് ശേഷം തിയറ്ററിൽ നിന്ന് പുറത്തുപോയി അതേ തിയറ്ററിൽ തിരികെ എത്തുന്ന സിനിമ. ഒഴിവാക്കിയ പല തിയറ്ററുകളിലേക്കും ചിത്രം തിരിച്ചെത്തുകയാണ്. കാനഡ റിലീസിന്‍റെ കാര്യങ്ങള്‍ സംസാരിച്ചുകൊണ്ടിരിക്കുന്നു. ഹിന്ദി പതിപ്പിന്‍റെ സെന്‍സറിങിന്‍റെ കാര്യങ്ങള്‍ നടക്കുന്നു. മറ്റു ഭാഷാ പതിപ്പുകളുടെ കാര്യവും സംസാരിക്കുന്നുണ്ട്. കന്നഡയിലേക്ക് മൊഴി മാറ്റാനുള്ള സാധ്യതയുണ്ട്. പിറകെ തമിഴ്നാട്ടിലേക്കും എത്തിയേക്കും. സിനിമ വിജയിച്ചു, മെച്ചപ്പെട്ട വിജയത്തിലേക്ക് നീങ്ങുകയാണ്.’’–രാമസിംഹന്‍ അബൂബക്കര്‍ പറയുന്നു

രണ്ടരക്കോടിയോളം രൂപ ബജറ്റിലാണ് സിനിമ പൂർത്തിയാക്കിയത്. രണ്ട് കോടി രൂപ പൊതുജനങ്ങളിൽ നിന്നും പിരിച്ചുകിട്ടി. ജനങ്ങൾ പണം തന്നത് ബാങ്ക് അക്കൗണ്ട് വഴിയാണ്. ഇതിനു ജിഎസ്ടി അടച്ചിട്ടുണ്ട്. അക്കൗണ്ട് ഓഡിറ്റ് ചെയ്തിട്ടുണ്ട്. ആർക്കും പരിശോധിക്കാവുന്നതാണ്. ദിവസേന രണ്ടരലക്ഷത്തോളം രൂപ ചെലവിൽ അൻപതു ദിവസത്തോളം ചിത്രീകരണം നടത്തി. പോസ്റ്റ് പ്രൊഡക്ഷനടക്കമുള്ള ജോലികൾ പൂർത്തിയാക്കി. മലയാളം, ഹിന്ദി പതിപ്പുകളാണ് ഈ തുക കൊണ്ട് റിലീസിനൊരുങ്ങുന്നത്. എന്നിട്ടും ജനങ്ങൾ നൽകിയ പണം താൻ അടിച്ചുമാറ്റിയെന്നാണ് പലരും സമൂഹമാധ്യമങ്ങളിലിരുന്ന് ആരോപിക്കുകയും കരയുകയും ചെയ്യുന്നത്. ആരോപണമുന്നയിച്ച ആരും തനിക്ക് പണം തന്നിട്ടില്ലെന്നും അലി അക്ബർ പറഞ്ഞു.

തന്നെ ട്രോളിയവർക്കും ആക്രമിച്ചവർക്കുമുള്ള മറുപടിയായാണ് സിനിമ സംസ്ഥാനത്തെ 86 തീയറ്ററുകളിൽ റിലീസിനെത്തുന്നത്. സിനിമയ്ക്ക് പണം നൽകിയത് സാധാരണ ജനങ്ങളാണ്. പടത്തിനു ലാഭമുണ്ടായാൽ ഇവരോരോ‍രുത്തർക്കും മുടക്കുമുതൽ തിരികെ നൽകുകയെന്നത് അപ്രായോഗികമാണ്. അതുകൊണ്ട് ഈ തുക സാമൂഹികസേവനത്തിലൂടെ സമൂഹത്തിനു നൽകാനാണ് തീരുമാനമെന്നും അലി അക്ബർ പറഞ്ഞു. 

ചിത്രത്തിന്റെ നിർമാണത്തിനായി രൂപീകരിച്ച ‘മമധർമ’ എന്ന കമ്പനി ട്രസ്റ്റായി റജിസ്റ്റർ ചെയ്യും.  ചിത്രത്തിനു തീയറ്ററുകളിൽനിന്നു ലഭിക്കുന്ന തുക ഈ ട്രസ്റ്റിലൂടെ വിവിധ സാമൂഹികസേവന പദ്ധതിക്കായി ചെലവഴിക്കും. സേവാഭാരതിയുമായി ചേർന്ന് വീടില്ലാത്ത അഞ്ചുപേർക്ക് വീടു നിർമിച്ചു നൽകാനും രോഗികൾക്ക് ചികിത്സാ ചെലവു നൽകാനും ലക്ഷ്യമിടുന്നുണ്ടെന്നും അലി അക്ബർ പറഞ്ഞു.