‘വേദന വ്യക്തിയുടേത്, കഷ്ടതകൾ കുടുംബത്തിന്റേതും’; അനുഭവം തുറന്നുപറഞ്ഞ് നവ്യാ നായർ

കാൻസർ ബാധിതർക്കും ആ വേദന കാണുന്ന കുടുംബാംഗങ്ങൾക്കും പല തരത്തിലുള്ള അനുഭവമാണ് പറയാനുണ്ടാവുക. ഒരു വ്യക്തിജീവിതത്തിൽ ഏത് രീതിയിലുള്ള മാറ്റമാണ് കാൻസർ എന്ന രോഗമുണ്ടാക്കുക എന്നതും ഏറെ ചർച്ച ചെയ്യുന്ന വിഷയമാണ്.  ‘അതിജീവനം കളറാണ്’എന്ന മനോരമന്യൂസിന്റെ കേരള കാൻ ഏഴാം പതിപ്പിന്റെ ഭാഗമായി നടി നവ്യാ നായരും തന്റെ കുടുംബത്തിലുണ്ടായ അനുഭവം പ്രേക്ഷകരുമായി  പങ്കുവെച്ചു. 

സ്വന്തം കുടുംബത്തിലുണ്ടായ ദുരനുഭവമാണ് കേരളകാനിന്റെ വേദിയിൽ നവ്യ തുറന്നു പറഞ്ഞത്. തന്റെ അച്ഛന്റെ ജ്യേഷ്ഠന് ലുക്കീമിയ ബാധിച്ചതും അത് ആ കുടുംബത്തെ എത്രത്തോളം വേദനിപ്പിച്ചുവെന്നതും നവ്യ പറഞ്ഞു.‘അച്ഛനുമായി ഒരു വയസ് മാത്രം പ്രായവ്യത്യാസമുള്ള ജ്യേഷ്ഠനു വന്ന രോഗം ആ കുടുംബത്തെ ഒന്നടങ്കം ആർസിസി എന്ന ഒരൊറ്റ ആശുപത്രിയിലേക്ക് ചുരുക്കി. വലിയ പൊസിഷനിൽ ജോലി ചെയ്തിരുന്നവരാണ് വല്യച്ഛനും വല്ല്യമ്മയും . സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നതിനപ്പുറം മാനസികമായ ബുദ്ധിമുട്ടുകളാണ് ഏറ്റവും പ്രശ്നം. കുട്ടികളെ നോക്കാനോ പഠിപ്പിക്കാനോ പഠിക്കാൻ പോലും പറയാൻ പറ്റാത്ത മാനസികാവസ്ഥ. വല്യച്ഛൻ അനുഭവിച്ച വേദന നേരിട്ട് കണ്ടിട്ടുണ്ട് . വേദന വ്യക്തിയുടേതാണെങ്കിലും  കഷ്ടതകൾ ആ കുടുംബത്തിന്റേത് കൂടിയാണ്’.

അവരുടെ ജീവിതം തന്നെ അതോടെ മാറിപ്പോയി. രോഗിക്കുണ്ടാകുന്ന മൂഡ് സ്വിങ്സും രൂപം മാറുന്നതിന്റെയും വേദനയുടേയും ഒക്കെ സങ്കടവും ദേഷ്യവും എല്ലാം  ഒരുപക്ഷേ കൂടെ നിൽക്കുന്ന ആളോടാവും തീർക്കുക. വല്ല്യച്ഛൻ ആ വേദനയെല്ലാം അനുഭവിച്ച് കുറച്ചു കാലം കഴിഞ്ഞപ്പോൾ ഞങ്ങളെ വിട്ടുപോയി. അത്തരം അനുഭവങ്ങളെല്ലാം നേരിട്ടു കണ്ടയാളാണ്, അതുകൊണ്ട് കൂടിയാണ് കേരള കാനിന്റെ ഭാഗമാകാൻ ആഗ്രഹിച്ചതും ഭാഗമായതും.  എല്ലാം നഷ്ടപ്പെട്ടു എന്ന് കരുതി ജീവിക്കുന്നതിനേക്കാൾ കരുത്തോടെ മുൻപോട്ട് പോവുക എന്നതാണ് പ്രധാനം. കാൻസർ രോഗം തിരിച്ചറിഞ്ഞാലും പിന്നെ ജീവിതം കളറാക്കാൻ തന്നെ ശ്രമിക്കുക.  വന്നുപോയാൽ ജീവിതം നിരാശയ്ക്ക് വഴിപ്പെടാതെ കളറാക്കാൻ നോക്കുക.  ഇതു മാത്രമാണ് തനിയ്ക്ക് പറയാനുള്ളതെന്നും നവ്യാ നായർ പറഞ്ഞു. വിഡിയോ