
തമിഴില്‍ പല തരം ചിത്രങ്ങള്‍ ഇറങ്ങിക്കൊണ്ടേയിരുന്നു. ചിലതെല്ലാം പതിവുപോലെ ടിക്കറ്റെടുത്ത് സിനിമ കാണാന്‍ കയറിയ പ്രേഷകരുടെ കയ്യടി വാങ്ങി. ചിലത് അടപടലം പൊട്ടി. മറ്റ് ചിലത് താരങ്ങളുടെ പിന്‍ബലത്തില്‍ തട്ടിയും മുട്ടിയും കരയ്ക്കെത്തി. സിനിമയുടെ പോക്ക് വലച്ചത് സംവിധായകന്‍മാരെയും തിരക്കാഥകൃത്തുക്കളെയുമായിരുന്നു. അത് താരങ്ങളിലും ക്ഷീണമുണ്ടാക്കാതിരുന്നില്ല. നല്ല ചിത്രങ്ങള്‍ ഇറങ്ങാത്തതാണോ, സിനിമ കാണാന്‍ വരുന്നവരുടെ ഇഷ്ടങ്ങള്‍ മാറിയതാണോ എന്നൊക്കെ പഠനങ്ങള്‍ നടന്നിട്ടുണ്ടാവണം. എന്നാല്‍ ഒരു സംവിധായകന്‍ പ്രത്യക്ഷപ്പെട്ടത് ആ നേരത്ത് തമിഴ് സിനിമാ ലോകത്തിന് രക്ഷയായി.
ലോകേഷ് കനകരാജ് ചിത്രങ്ങള്‍ക്ക് ആരാധകരുടെ പ്രവാഹമാണ്. താരങ്ങളെക്കാള്‍ മൂല്യമുള്ള ഒരു സംവിധായകന്‍. അയാള്‍ ഒരു ജിന്നാണെന്നാണ് പ്രേക്ഷകരുടെ സാക്ഷ്യം, അയാളുടെ വരവ് ആയിരത്തൊന്ന് രാവുകളിലെ കഥപോലെ മനോഹരവും. 2017ല്‍ മാനഗരം എന്ന സിനിമ പുറത്ത് വന്നതോടെയാണ് ലോകേഷ് കനകരാജിന്‍റെ പേരും സിനിമാപ്രേമികള്‍ കുറിച്ചിട്ടത്. അന്ന് ആരും കരുതിയിട്ടുണ്ടാകില്ല തെന്നിന്ത്യ മുഴുവനും അല്ല പാന്‍ ഇന്ത്യാ ലെവലില്‍ അയാള്‍ക്ക് പ്രേക്ഷകരുണ്ടാകുമെന്ന്. മാനഗരം പറഞ്ഞത് ഒരു മഹാനഗരത്തിന്‍റെ കഥയാണ്, അതിജീവനത്തിന്‍റെ ഇടയില്‍ ജീവിക്കാന്‍ മറന്നുപോയ കുറെ നഗരവാസികളുടെ കഥ. കഥ പറച്ചിലില്‍ തന്നെ സിനിമ വേറിട്ട് നിന്നു. പിന്നീട് ഇറങ്ങിയ ചിത്രങ്ങള്‍ അടിക്കടി വിജയമായതോടെ അയാള്‍ക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. സിനിമ പഠിച്ച്, അസിസ്റ്റന്‍റ് ഡയറക്ടറായായിരുന്നില്ല ലോകേഷിന്‍റെ സിനിമാ പ്രവേശം. എം.ബി.എയ്ക്ക് ശേഷം ബാങ്കില്‍ ഉദ്യോഗസ്ഥനായി ജോലി ചെയ്യുമ്പോഴും ആ മനുഷ്യന്‍ തന്‍റെ സിനിമാ മോഹത്തിന് വെള്ളവും വളവും ഒഴിക്കുന്നുണ്ടായിരുന്നു.
ഷോര്‍ട് ഫിലിം മത്സരങ്ങളാണ് ലോകേഷിന്‍റെ തലവര മാറ്റുന്നത്. അവിയല്‍ എന്ന ആന്തോളജി ചിത്രത്തില്‍ ലോകേഷ് ചെയ്ത കലം എന്ന സെഗ്മെന്‍റ് ശ്രദ്ധിക്കപ്പെട്ടു. സര്‍ട്ടിഫിക്കറ്റുകള്‍ മോഷ്ടിക്കപ്പെട്ട ഒരു യുവാവിനെയാണ് കലത്തില്‍ ലോകേഷ് അവതരിപ്പിച്ചത്. അതിന്‍റെ നിര്‍മാതാവായ കാര്‍ത്തിക് സുബ്ബരാജാണ് ലോകേഷിന്‍റെ സിനിമാ മേഖലയിലെ തലതൊട്ടപ്പന്‍ എന്ന് പറഞ്ഞാല്‍ തെറ്റില്ല. കലം എന്ന ചെറിയ സെഗ്മെന്‍റില്‍ ലോകേഷ് ചെയ്ത ആക്ഷന്‍ രംഗങ്ങളുടെ മികവായിരുന്നു പിന്നീട് അയാളുടെ പാതയിലെ വെളിച്ചം. യാതൊരു തരത്തിലുള്ള പ്രമോഷനുകളോ താരപ്പകിട്ടോ ഇല്ലാതെയാണ് മാനഗരം വെള്ളിത്തരയിലെത്തിയത്. വാമൊഴിയായി പരന്ന കീര്‍ത്തി ലോകേഷ് ചിത്രങ്ങളെ പ്രേഷകര്‍ നെഞ്ചോട് ചേക്കാന്‍ കാരണമായി.
ലോകേഷ് ചിത്രങ്ങളുടെ മായാലോകമുണ്ടായത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ്. കൈതിയുടെ വരവ് ലോകേഷിനെ അന്യഭാഷകളിലും ആരാധകരെ ഉണ്ടാക്കി നല്‍കി. ഒരു കഥയ്ക്ക് ഒത്തിരി സബ്പ്ലോട്ടുകളും റഫറന്‍സുകളും നല്‍കുക എന്ന ലോകേഷ് സ്റ്റൈല്‍ ആദ്യം തൊട്ടേ കാണാം. മൂന്ന് വര്‍ഷം വേണ്ടി വന്നു കൈതിയിലെ ഗോസ്റ്റ് ആരാണന്ന് നമ്മളറിയാന്‍. അതിന്‍റെ ഉത്തരം ലോകേഷ് പറയുന്നത് അടുത്ത ചിത്രം വിക്രത്തിലാണ്. ആരും വിചാരിച്ചില്ല, ഗോസ്റ്റിന് മറ്റൊരു കഥയുണ്ടന്നോ, ശ്രദ്ധിക്കണമെന്നോ. വലിയ താരങ്ങള്‍ ഒരേ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന രീതി തമിഴില്‍ ഇടയ്ക്കൊക്കെ കാണാറുണ്ട്. വിക്രത്തില്‍ കണ്ടതും അതുതന്നെയാണ്. കമല്‍ ഹാസന്‍, ഫഹദ് ഫാസില്‍, സൂര്യ, വിജയ് സേതുപതി ഇവരൊക്കെ വിക്രത്തിന്‍റെ വിജയത്തില്‍ വലിയ പങ്കുവഹിച്ചവരാണ്. പുതിയതായി ഇറങ്ങാനിരിക്കുന്ന ലിയോയിലും ഇങ്ങനെ എന്തെങ്കിലും ലോേകഷ് മാജിക് പ്രതീക്ഷിക്കാത്തവരില്ല. കമല്‍ ഹാസന്‍ എങ്ങാനും പ്രത്യക്ഷപ്പെട്ടാല്‍ അത് പ്രേഷകര്‍ പണ്ടേ താഴിട്ട് പൂട്ടിയ സ്വപ്നം ഒന്നു കൂടി പൊടി തട്ടിയെടുക്കുന്നതാണ്. ലോകേഷ്, നിങ്ങളുെട ലോകത്ത് ദില്ലിയും, ഗോസ്റ്റും, റോളക്സും ലിയോയും ഒന്നിച്ചുവരുന്നതും ഇവിടെ പ്രേഷകരുടെ സ്വപ്നമാണ്. ലോകേഷിന് പിറന്നാള്‍ ആശംസകള്‍ നേരുകയാണ് ആസ്വാദകലോകം.