
വിവാഹത്തിന് വധുവിന് ഗംഭീര സര്‍പ്രൈസ് ഒരുക്കി വരന്‍. ഇത് സര്‍വസാധാരണമാണങ്കിലും ഇത്തവണ സമൂഹമാധ്യമങ്ങളില്‍ തരംഗമായത് വധുവിന് മുന്‍പില്‍ ഷാരൂഖ് ഖാന്‍റെ വക ആശംസ അറിയിച്ച ഈ വരനാണ്. വരന്‍ ഡാന്‍സ് ചെയ്യുന്നതിന് തൊട്ടുമുന്‍പ് സ്റ്റേജിലേക്ക് കയറിയായിരുന്നു സര്‍പ്രൈസ് നല്‍കിയത്. സ്റ്റേജിലെ സ്ക്രീനില്‍ ഷാരൂഖ് ഖാന്‍റെ വാള്‍പേപ്പറുള്ള മൊബൈല്‍ സ്ക്രീനിന്‍റെ ചിത്രം പ്രത്യക്ഷപ്പെട്ടതോടെ എല്ലാവര്‍ക്കും ആകാംഷയായി.
ഏറ്റവും പുതിയ ചിത്രം പഠാനിലെ താരത്തിന്‍റെ രൂപമായിരുന്നു സ്ക്രീനില്‍. അതിലെ പാട്ടിന് നൃത്തം ചെയ്യുകയായിരിക്കും വരന്‍റെ നീക്കം എന്ന് കരുതിയ വധുവിനെയും സംഘത്തെയും ഞെട്ടിച്ചതായിരുന്നു പിന്നീട് നടന്നത്. നവ ദമ്പതികള്‍ക്ക് ആശംസയറിയിക്കുന്ന ഷാരൂഖ് ഖാന്‍റെ ശബ്ദസന്ദേശമാണ് എല്ലാവരും കേട്ടത്. സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്ത വിഡിയോയിലെ നവദമ്പതികള്‍ക്ക് ആശംസയുമായി മറ്റാളുകളും എത്തി. ശരിക്കും ഷാരൂഖ് ഖാന്‍ തന്നെയാണോ എന്ന സംശയവും കമന്‍റ് ബോക്സില്‍ നിറഞ്ഞു.