
ലോകം കാത്തിരിക്കുന്ന നിമിഷങ്ങള്‍ അരികിലെത്തിക്കഴിഞ്ഞു. ഓസ്കര്‍ 2023 പ്രഖ്യാപനം ഒരുദിവസം മാത്രം അകലെ. ‘നാട്ടു–നാട്ടു’ പാട്ടിന് ലഭിച്ച രാജ്യാന്തരപുരസ്കാരങ്ങള്‍ ഇന്ത്യയെയും പതിവില്ലാത്തവണ്ണം ഓസ്കര്‍ വേദിയോട് അടുപ്പിച്ചിട്ടുണ്ട്. എന്താകും 95–ാമത് ഓസ്കര്‍ കാത്തുവയ്ക്കുന്നത്. പതിവുകളെ തകിടംമറിക്കുന്ന പതിവ് ഇക്കുറിയും ആവര്‍ത്തിക്കുമോ?
ഓസ്കര്‍ എന്നുകേള്‍ക്കുമ്പോള്‍ത്തന്നെ സിനിമാലോകം ആദ്യം ആലോചിക്കുന്നത് ഏതാകും മികച്ച ചിത്രം എന്നാണ്. 10 കിടിലന്‍ സിനിമകള്‍ ഇക്കുറി സാധ്യതാപട്ടികയിലുണ്ട്. 'എവ്‍രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്', 'ബാന്‍ഷീസ് ഓഫ് ഇന്‍ഷെറിന്‍', 'ദ് ഫേബിള്‍മാന്‍', 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ട്', 'ടോപ് ഗണ്‍: മാവ്റിക്', 'താര്‍', 'എല്‍വിസ്', 'അവതാര്‍: ദ് വേ ഓഫ് വാട്ട'ര്‍, 'വിമന്‍ ടോക്കിങ്', 'ട്രയാങ്കില്‍ ഓഫ് സാഡ്നസ്' എന്നിവയാണ് സാധ്യതാപ്പട്ടികയിലുള്ളത്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍, 11 നോമിനേഷനുകള്‍ നേടിയ എവ്‍രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ് അക്കാദമി അവാര്‍ഡ് നേടുമെന്നാണ് പ്രതീക്ഷ. 'ഓള്‍ ക്വയറ്റ് ഓണ്‍ വെസ്റ്റേണ്‍ ഫ്രണ്ട്', 'ബാന്‍ഷീസ്' എന്നിവയ്ക്ക് 9 വീതം നോമിനേഷനുകള്‍ ഉണ്ട്. 'എല്‍വിസ്' എട്ട് നോമിനേഷനുകളും നേടി.
അതിസാഹസികയായ ചൈനീസ് കുടിയേറ്റക്കാരിയുടെ സാഹസിക പര്യവേഷണങ്ങളുടെ കഥയാണ് 'എവ്‍രിതിങ് എവ്രിവെയര്‍ ഓള്‍ അറ്റ് വണ്‍സ്.' ഏഷ്യന്‍–അമേരിക്കന്‍ വംശജരുടെ ആന്തരിക സംഘര്‍ഷങ്ങളും ചിത്രം തുറന്നുകാട്ടുന്നു. നൂതനവും ത്രില്ലടിപ്പിക്കുന്നതുമായ സയന്‍സ് ഫിക്ഷന്‍ കോമഡി എന്ന നിലയിലാണ് എവ്‍രിതിങ് നോമിനേഷനുകള്‍ വാരിക്കൂട്ടിയത്. അണിയറ പ്രവര്‍ത്തകരെപ്പോലും ഞെട്ടിച്ച വാണിജ്യവിജയവും സിനിമ നേടി. മികച്ച നടി, മികച്ച സഹനടന്‍ എന്നീ പുരസ്കാരവിഭാഗങ്ങളിലും എവ്‍രിതിങ് താരങ്ങള്‍ മുന്‍പന്തിയിലുണ്ട്.

ടോം ക്രൂസിന്റെ 'ടോപ് ഗണി'നും ടോഡ് ഫീല്‍ഡിന്റെ 'താറി'നും സാധ്യത കല്‍പ്പിക്കുന്നവരും കുറവല്ല. മൂന്ന് പതിറ്റാണ്ടിനിപ്പുറവും മാവ്റിക് പ്രേക്ഷകനെ അതിശയിപ്പിക്കുന്നുവെന്നതാണ് ചലച്ചിത്ര പ്രേമികള്‍ ചൂണ്ടിക്കാട്ടുന്നത്. പല രംഗങ്ങളും ആവര്‍ത്തിക്കുന്നത് മാവ്റികിന്റെ പോരായ്മയാണ്. മികച്ച ചിത്രത്തിനുള്ള മല്‍സരത്തില്‍ മുന്‍നിരയിലുള്ള മറ്റൊരു സിനിമ 'ദ് ബാന്‍ഷീസ്' ആണ്. രണ്ട് ചിരകാല സുഹൃത്തുക്കള്‍ വഴി പിരിയുന്നതും അതിന്റെ പ്രത്യാഘാതങ്ങളുമാണ് പ്രമേയം.
സംവിധായകന്‍

ഡാനിയല്‍ ഷീനര്‍ടും ഡാനിയല്‍ ക്വാനുമാണ് സാധ്യതാപട്ടികയില്‍ മുന്നില്‍. എവ്‍രിതിങ്ങിന്റെ സംവിധായകരാണ് ഇരുവരും. ഓസ്കര്‍ പുരസ്കാര ചരിത്രവും ഇവര്‍ക്കൊപ്പമാണ്. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ് ഉള്ളപ്പോള്‍ മറ്റാര് എന്ന ചോദ്യവും ഉയരുന്നുണ്ട്. ‘ദ് ഫീബിള്‍മാന്‍സ്’ സ്പീല്‍ബര്‍ഗിനെ ഒരിക്കല്‍ക്കൂടി ഓസ്കര്‍ ജേതാവാക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അങ്ങനെ വന്നാല്‍ മികച്ച സംവിധായകനുള്ള മൂന്നാമത്തെ ഓസ്കറാകും സ്പീല്‍ബര്‍ഗിന് ലഭിക്കുക. താറിന്റെ സംവിധായകന്‍ ടോഡ് ഫില്‍ഡ് ആണ് സാധ്യത കല്‍പ്പിക്കപ്പെടുന്ന മറ്റൊരാള്‍.
തിരക്കഥ
'ദ് ബാന്‍ഷീസ് ഓഫ് ഇന്‍ഷ്റീന്‍’ മാര്‍ട്ടിന്‍ മക്ഡോണയ്ക്ക് ഓസ്കര്‍ നേടിക്കൊടുക്കുമെന്ന് വിശ്വസിക്കുന്നവരാണ് അധികവും. ബ്ലാക് ഹ്യൂമറിനെ അത്രമേല്‍ തന്‍മയത്വത്തോടെയാണ് മാര്‍ട്ടിന്‍ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് ചലച്ചിത്രപ്രേമികളുടെ വാദം. താര്‍ എന്ന സൈക്കോളജിക്കല്‍ ഡ്രാമ സൃഷ്ടിച്ച ടോഡ് ഫീല്‍ഡും ശക്തമായ സാന്നിധ്യമാണ്. കഥ പറയാന്‍ ടോഡിനോളം മിടുക്കുള്ള അധികം പേരില്ലെന്നും ആരാധകര്‍ വാദിക്കുന്നു.
ഛായാഗ്രഹണം
ജെയിംസ് ഫ്രണ്ട്. യുദ്ധവിരുദ്ധ സിനിമയായ 'ഓള്‍ ക്വയറ്റ് ഓണ്‍ ദ് വെസ്റ്റേണ്‍ ഫ്രണ്ടിന്റെ ഛായാഗ്രാഹകന്‍ മികച്ച സിനിമട്ടോഗ്രഫറാകുമെന്നാണ് പ്രവചനം. യുദ്ധമുഖത്തെ രംഗങ്ങളുടെ മിഴിവും മികവുമാണ് ജെയിംസിനെ മുന്‍നിരയിലെത്തിക്കുന്നത്. എല്‍വിസിന്റെ ഛായാഗ്രാഹാക മന്‍ഡി വാക്കറും, 'താറി'ലെ മികവില്‍ ഫ്ലോറിയനും മല്‍സരരംഗത്തുണ്ട്.
മികച്ച നടന്‍

എല്‍വിസിലെ പ്രകടനത്തിന് ഓസ്റ്റിന്‍ ബട്ലറും, ദ് വെയ്ലിലെ അഭിനയത്തിന് ബ്രെന്‍ഡന്‍ ഫ്രേസറുമാണ് സാധ്യതാ പട്ടികയില്‍ മുന്നില്‍. സ്വനപേടകം തകര്‍ന്നിട്ടും രാജാവിനെപ്പോലെ സംസാരിക്കുന്ന എല്‍വിസ് പ്രെസ്ലി മികച്ച നടനായില്ലെങ്കില്‍ മറ്റാര് എന്നാണ് ഹോളിവുഡ് ഉറ്റുനോക്കുന്നത്. അതേസമയം, അതീജീവനത്തിന്റേത് കൂടിയാണ് ഹോളിവുഡെന്നതിനാല്‍ ഫ്രേസറിന്റെ രാജകീയമായ മടങ്ങിവരവ് അവാര്‍ഡ് നേട്ടത്തിലെത്തിയാലും അതിശയിക്കാനില്ല.
മികച്ച നടി

ചുരുക്കപ്പട്ടികയില്‍ കേറ്റ് ബ്ലാന്‍ഷെറ്റ് (താര്‍), അന ഡി അര്‍മസ് ബ്ലോന്‍ഡ്), ആന്‍ഡ്രിയ റൈസ്ബറോ (റ്റു ലെസ്ലി), മിഷേല്‍ വില്യംസ് (ഫീബ്ള്‍മാന്‍സ്), മിഷേല്‍ യോ (എവ്‍രിതിങ്) എന്നിവരാണുള്ളത്. എവ്രിതിങിലെ ഗംഭീര പ്രകടനത്തിന് മിഷേല്‍ യോ പുരസ്കാരം നേടുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. അങ്ങനെയെങ്കില്‍ ഓസ്കര്‍ നേടുന്ന ആദ്യ ഏഷ്യന്‍ നായികയാകും മിഷേല്‍. 'റ്റു ലെസ്ലി'യിലെ പ്രകടനത്തിന് ആന്‍ഡ്രിയ റൈസ്ബറോയ്ക്ക് സാധ്യത കല്‍പ്പിക്കുന്നവരും ചുരുക്കമല്ല.
ഒറിജനല്‍ സോങ്
പ്രതീക്ഷകളുടെ ഭാരവും പേറി ഇന്ത്യയില്‍ നിന്നുള്ള 'നാട്ടു നാട്ടു'വാണ് ചുരുക്കപ്പട്ടികയിലും മുന്നില്‍. ചന്ദ്രബോസിന്റെ വരികള്‍ക്ക് കീരവാണി സംഗീതം പകര്‍ന്ന 'നാട്ടുനാട്ടു' അത്ഭുതം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. ഓസ്കറില്‍ നാട്ടു നാട്ടുവിന്റെ ലൈവ് കോണ്‍സര്‍ട്ടും ഒരുക്കിയിട്ടുണ്ട്. അതേസമയം, തെംസും റിഹാനയും ഒത്തുചേര്‍ന്ന ‘ലിഫ്റ്റ് മീ അപ്’ ഓസ്കര്‍ നേടുമെന്ന് കരുതുന്നവരും കുറവല്ല.
വിഷ്വല്‍ ഇഫ്കട്സ്
'അവതാര്‍: ദ് വേ ഓഫ് വാട്ടര്‍' ആണ് വിഷ്വല്‍ ഇഫക്ട്സില്‍ അക്കാദമി അവാര്‍ഡ് നേടുമെന്ന് പ്രതീക്ഷിക്കുന്നത്. 2007 ൽ അവതാർ ആദ്യ ഭാഗത്തിന്റെ ഷൂട്ടിങ്ങ് നടക്കുമ്പോൾ ഉള്ളതിൽ നിന്ന് ഏറെ വികസിച്ച സാങ്കേതിക വിദ്യകളും വിഷ്വല്‍ എഫക്ട്സുമാണ് ചിത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്.
Oscars 2023; Who will win; Predictions