‘ഒരു പാതികൊണ്ട് ഒരാളെ പ്രണയിക്കുക; മറുപാതിയാൽ മറ്റൊരാളിൽ ആസക്തൻ..!’

padmarajan-life
SHARE

‘സൂര്യസ്പർശമുള്ള പകലുകളിൽ ഇനി നീയില്ല. പകലുകൾ നിന്നിൽ നിന്നും ചോർത്തിക്കളഞ്ഞിരിക്കുന്നു. ചാന്ദ്രസ്പർശമുള്ള രാത്രികളും. നിനക്ക് ആകെയുള്ളത് ഇന്നത്തെ ഈ രാത്രി മാത്രം. രാത്രിയുടെ പതിനേഴാമത്തെ കാറ്റ് വീശാൻ തുടങ്ങുമ്പോൾ നീ ഈ മണ്ണ് വിട്ടുപോകും. ഒരിക്കലും തിരിച്ചുവരവില്ലാത്തൊരു യാത്ര. ഒന്നിനും നിന്നെ തിരികെ വിളിക്കാൻ ആകില്ല..’ ഈ വാക്കുകൾ അറം പറ്റിയിട്ട് മുപ്പത്തിരണ്ട് വർഷങ്ങൾ. പ്രണയത്തിന്റെ രതിയുടെ ചുംബനത്തിന്റെ കാണാത്ത കേൾക്കാത്ത തലങ്ങൾ വരുന്ന വർഷങ്ങളിലേക്ക് വർഷമായി പെയ്തിറങ്ങാൻ മേഘങ്ങളൊരുക്കിയായിരുന്നു നാൽപ്പത്തിയാറാം വയസ്സിലുള്ള ആ മടക്കം.

കാലമെത്ര കഴിഞ്ഞിട്ടും കടലെത്ര അലതല്ലിയിട്ടും മേഘമെത്ര പൂത്തിട്ടും ആ മഴ മനസ്സിൽ നിന്നും മനസ്സുകളിലേക്ക് പെയ്തുെകാണ്ടിരിക്കുന്നു. അന്ന് ഇഷ്ടപ്പെടാത്തവർ ഇന്ന് ആവർത്തിച്ച് പത്മരാജൻ സിനിമകൾ കാണുന്നു. പറഞ്ഞ് പറഞ്ഞ് കണ്ട് കണ്ട് കാലമിത്ര പോയിട്ടും പഴകിയിട്ടും ക്ലാരയെയും രാധയെയും നമ്മൾ ഒരുപോലെ പ്രണയിക്കുന്നില്ലേ., ജയകൃഷ്ണനെ പോലെ.. അങ്ങനെ ഒരാൾ നമ്മളായി തന്നെ തീരാറില്ലേ..  ഒരു പാതികൊണ്ട് ഒരാളെ പ്രണയിക്കുകയും മറുപാതിയാൽ മറ്റൊരാളിൽ ആസക്തനാവുകയും ചെയ്യുന്നില്ലേ.. ഇങ്ങനെ പത്മരാജൻ ബാക്കിവച്ചുപോയ നിഗൂഢതകൾ ഏറെയാണ്. മുത്തശ്ശി കഥകളിൽ മാത്രം കണ്ടു പരിചയമുള്ള ദേവലോകത്ത് നിന്നും ശാപം കിട്ടിയ ഗന്ധർവ്വനെ ഭൂമിയിൽ കൊണ്ടു വന്ന പത്മരാജനോളം വലിയൊരു കഥയുടെ ദേവേന്ദ്രൻ വേറെയാരാണ് ഉള്ളത്.

1945 മേയ് 23 നാണ് ആലപ്പുഴയിലെ മുതകുളത്ത് ഞവരയ്ക്കൽ തറവാട്ടിൽ പത്മരാജൻ ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസം കഴിഞ്ഞപ്പോൾ തിരുവനന്തപുരം മഹാത്മാഗാന്ധി കോളജിൽ പ്രീ യൂണിവേഴ്സ്റ്റിക്കു ചേർന്നു. തുടർന്ന് യൂണിവേഴ്സിറ്റി കോളജിൽ നിന്നു രസതന്ത്രത്തിൽ ബിരുദവും നേടി.  പത്മരാജന്റെ ആദ്യം എഴുതിയ കഥ  ‘ലോല മിസ് ഫോർഡ് എന്ന അമേരിക്കൻ പെൺകിടാവ്’ ആണ്. പിന്നീട്  അപരൻ, പ്രഹേളിക, പുക, കണ്ണട, തുടങ്ങിയ കൃതികൾ ഏറെ പ്രസിദ്ധം. 1971 ൽ എഴുതിയ നക്ഷത്രങ്ങളേ കാവൽ ആദ്യ നോവൽ. പ്രയാണം ആദ്യ തിരക്കഥ. പിന്നീട് പതിനഞ്ചോളം നോവലുകളും, മുപ്പതോളം തിരക്കഥകളും എഴുതി. തന്റെ സ്വന്തം തിരക്കഥയായ പെരുവഴിയമ്പലം എന്ന നോവൽ സംവിധാനം ചെയ്തുകൊണ്ടാണ് സംവിധാന രംഗത്തേക്ക്.കള്ളൻ പവിത്രൻ, ഒരിടത്തൊരു ഫയൽവാൻ,അരപ്പെട്ട കെട്ടിയ ഗ്രാമത്തിൽ,  നവംബറിന്റെ നഷ്ടം, നൊമ്പരത്തിപ്പൂവ്, തൂവാനത്തുമ്പികൾ, അപരൻ, ‘മൂന്നാം പക്കം, ഇന്നലെ, ഞാൻ ഗന്ധർവൻ അങ്ങനെ പതിനെട്ടോളം ചിത്രങ്ങൾ. ഇതാ ഇവിടെവരെ, രതിനിർവേദം, വാടകയ്ക്ക് ഒരു ഹൃദയം, സത്രത്തിൽ ഒരു രാത്രി, രാപ്പാടികളുടെ ഗാഥ, നക്ഷത്രങ്ങളെ കാവൽ, തകര, കൊച്ചു കൊച്ചു തെറ്റുകൾ, ശാലിനി എന്റെ കൂട്ടുകാരി, ലോറി, കരിമ്പിൻ പൂവിന്നക്കരെ, ഒഴിവുകാലം, ഇൗ തണുത്ത വെളുപ്പാൻ കാലത്ത്... അങ്ങനെ എണ്ണം പറഞ്ഞ തിരക്കഥകൾ.

വളരെ ചുരുങ്ങിയ ജീവിതത്തിനുള്ളിൽ ചെയ്തുവച്ചതെല്ലാം കാലത്തിന് അതീതം. ‘വീണ്ടും കാണുക എന്നൊന്നുണ്ടാകില്ല, നീ മരിച്ചതായി ഞാനും, ഞാൻ മരിച്ചതായി നീയും കരുതുക. ചുംബിച്ച ചുണ്ടുകൾക്ക് വിട തരിക.’ അത്രമനോഹരമായി ജീവിതത്തോട് വിടപറയാനും പത്മരാജന് കഴിഞ്ഞു. എഴുത്തിൽ എടുത്ത വച്ച ഫ്രെയിമികളിൽ വരച്ചിട്ട വാക്കുകളിൽ ഈ ഗന്ധർവൻ ഇന്നുമുണ്ട്. ചിത്രശലഭമാകാനും മേഘമാലകൾ ആകാനും പാവയാകാനും പറവയാകാനും മാനാകാനും മയിലാകാനും പൂവ് ആകാനും പുഴ ആകാനും നമ്മുടെ ചുണ്ടിന്റെ മുത്തമാകാനും നിമിഷാർദ്രം പോലും ആവശ്യമില്ലാത്ത അരൂപിയായ ഗഗനചാരി. അയാൾ ഗന്ധർവൻ.

MORE IN ENTERTAINMENT
SHOW MORE